ഇന്റർനാഷണൽ ഡെസ്‌ക്
ലണ്ടൻ: മാഞ്ചസ്റ്ററിൽ സംഗീത പരിപാടിയ്ക്കിടെയുണ്ടായ ഐഎസ് തീവ്രവാദി ആക്രമണത്തിനു പിന്നാലെ ബ്രിട്ടണിൽ കൂടുതൽ ആക്രമണം ലക്ഷ്യമിട്ട് 3000 ഐഎസ് ജിഹാദികൾ രാജ്യത്ത് എത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഐഎസിന്റെ സ്ലീപ്പർ സെൽ അംഗങ്ങളായ യുവതികളും യുവാക്കളുമാണ് ഏതു സമയത്തും ആക്രമണം നടത്തുന്നതിനുള്ള ആയുധങ്ങളുമായി എത്തിയിരിക്കുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്.
രാജ്യത്തു തന്നെയുള്ള 850 പേരെ സൈന്യവും ഇന്റലിജൻസ് വിഭാഗവും ഐഎസ് ബന്ധവുമായി ബന്ധപ്പെട്ട് നിരീക്ഷിച്ചു വരികയാണ്. ഇതിനിടെയാണ് ഇപ്പോൾ കൂടുതൽ അക്രമികൾ തങ്ങളുടെ സൈനിക ആക്രമണ ലക്ഷ്യത്തോടെ ബ്രിട്ടണിൽ എത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. ഐഎസ് ബന്ധം സംശയിക്കുന്ന ഓരോരുത്തരെയും 24 മണിക്കൂർ നിരീക്ഷിക്കുന്നതിനായി 30 ഉദ്യോഗസ്ഥരെ വീതമാണ് ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും കൂടുതൽ നടപടികളിലേയ്ക്കു കടക്കുക എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
രാജ്യത്ത് ഐഎസിന്റെ സ്ലീപ്പർ സെൽ സംഘംഗങ്ങളായി പ്രവർത്തിക്കുന്നവരായി ഇരുപതു വയസുമാത്രം പ്രായമുള്ളവരാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇവരാണ് ഇപ്പോൾ ബ്രിട്ടണിൽ കടന്നു കയറി ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സൂചന. തന്ത്രപ്രധാന മേഖലകളിൽ പോലും ഇത്തരത്തിൽ ഐഎസ് അനുകൂലികൾ സ്ലീപ്പർ സെല്ലായി പ്രവർത്തിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്.