ഹൃദയം വേദനയോടെ 8 പേർക്ക് ജന്മനാട് യാത്രാമൊഴിയേകി, ഒരേ മണ്ണിൽ ഇനി ഒന്നിച്ച് അന്ത്യവിശ്രമം.ഇനി കണ്ടെത്താനുള്ളത് 180 പേരെ, മരണം 380 ആയി, തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്.

കൽപ്പറ്റ: ഹൃദയം നുറുങ്ങിയ വേദനയോടെ എട്ട് പേർക്ക് വയനാട് യാത്രാമൊഴിയേകി. ഒരേ നാട്ടിൽ ജീവിച്ച്, ഒരുമിച്ച് ദുരന്തം കവർന്നെടുത്തവരിൽ 8 പേർക്ക് ഇനി ഒന്നിച്ച് അന്ത്യവിശ്രമം. മുണ്ടക്കൈൽ ഉരുൾപ്പൊട്ടൽ ജീവനെടുത്തവരിൽ തിരിച്ചറിയാത്ത 8 പേരുടെ മൃതദേഹങ്ങൾ ഒരുമിച്ച് പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിൽ സംസ്കരിച്ചു. ഇനിയും ഉൾക്കൊളളാൻ കഴിയാത്ത ദുരന്തം കവർന്നവരെ കണ്ണീരോടെയാണ് നാട് യാത്രയാക്കിയത്. കേരളത്തെ നടുക്കിയ ഉരുൾപൊട്ടലിൽ മരണ സംഖ്യ 380 ആയി ഉയർന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സൈന്യത്തിന്റെ നേതൃത്വത്തിൽ റഡാർ ഉപയോ​ഗിച്ചുള്ള പരിശോധന ഇന്നും തുടരും.

അതേസമയം ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവര്‍ക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തെരച്ചിൽ നടക്കുക. ദൗത്യസംഘത്തിന്‍റെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുക. മേപ്പാടിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന കമ്യൂണിറ്റി ഹാളുകളിൽ നിന്നും പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചത്. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷം എട്ട് പേർക്കും ആദരവോടെ അന്ത്യാഞ്ജലിയേകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 67 മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയപ്പെടാത്തത്. അവരിൽ എട്ട് പേരെയാണ് ഒരേ മണ്ണിൽ അടക്കം ചെയ്തത്. ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും അത് ഞങ്ങളുടെ പ്രിയപ്പെട്ടയാളാണെന്ന് തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ കൃത്യമായ നമ്പറുകൾ രേഖപ്പെടുത്തിയാണ് ഓരോ മൃതദേഹവും സംസ്കരിച്ചത്. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഡിഎന്‍എ സാംപിള്‍,പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും ശേഖരിച്ചു. പൊലീസ് മൃതദേഹങ്ങള്‍ സംബന്ധിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കും.

തിരിച്ചറിഞ്ഞില്ലെങ്കിലും എട്ട് പേരും അവനവന്റെ പ്രിയപ്പെട്ടവരാണോ എന്ന ആധിയിലാണ് ഓരോരുത്തതും തോരാ കണ്ണീരോടെ സംസ്കാരച്ചടങ്ങിലും സർവമതപ്രാർത്ഥനയിലും പങ്കെടുത്തത്. ക്യാമ്പുകളിൽ കഴിയുന്നവരും രാത്രി വൈകി നടന്ന സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.
ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫൽ ഫൈസി തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. മന്ത്രിമാരായ കെ.രാജൻ, എ.കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, സ്പെഷൽ ഓഫിസർ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ, സബ് കലക്ടർ മിസാൽ സാഗർ ഭരത്, മതനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രാവിലെ തെരച്ചിൽ പുനരാരംഭിക്കും. വീടുകൾക്കുമേൽ നാൽപത് അടിയോളം ഉയരത്തിൽ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് തെരച്ചിലിന് വെല്ലുവിളിയാകുന്നത്. ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് പരിശോധന തുടരുന്നത്. മലപ്പുറത്ത് ചാലിയാറിലും മൃതദേഹങ്ങൾ കണ്ടെത്താനായി വ്യാപകമായ തെരച്ചിൽ തുടരുകയാണ്. ഇനിയും 180 പേരെ കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ കണക്ക്. 17 ക്യാമ്പുകളിലായി 2551 പേരെ ദുരന്തമുഖത്തു നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Top