വാഷിംഗ്ടൺ: ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിമാനങ്ങളിൽ ഏർപ്പെടുത്തിയ വിലക്കിൽ നിന്ന് മധ്യപൂർവേഷ്യയിലെ രണ്ടു വിമാനക്കമ്പനികളെ കൂടി യുഎസ് ഒഴിവാക്കി. കുവൈറ്റ് എയര്‍വേയ്സിനെയും റോയൽ ജോർദാനിയനെയുമാണ് പുതുതായി ഒഴിവാക്കിയത്. ഇതോടെ, ലാപ്ടോപ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ടാബ്ലറ്റ് തുടങ്ങിയവ ഹാൻഡ് ബാഗേജിൽ കൊണ്ടുപോകാം. റോയൽ ജോർദാനിയൻ അമേരിക്കയിലെ മൂന്നു നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.
അമേരിക്ക പുറത്തിറക്കിയ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചതോടെ അമേരിക്കൻ ആഭ്യന്തരസുരക്ഷാ വകുപ്പാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകാൻ അനുമതി നൽകിയത്. ഇത്തിഹാദ്, എമിറേറ്റ്സ്, തുർക്കിഷ് എയർലൈൻസ്, ഖത്തർ എയര്‍വേയ്സ് തുടങ്ങിയ കന്പനികളെ കഴിഞ്ഞാഴ്ച ലാപ്ടോപ് വിലക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. സൗദി അറേബ്യയുടെ എയർലൈൻസിന്റെ വിലക്കുകൾ ജൂലൈ19 നു മുമ്പ് മാറ്റുമെന്നാണ് അറിയിപ്പ്.
കഴിഞ്ഞ മാര്‍ച്ചിലാണ് ലാപ്ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഖത്തര്‍ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങളിലെ പത്തോളം വിമാനത്താവളങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്.