വിമാനയാത്രകള്‍ക്ക് ഭീഷണിയായി ലേസര്‍രശ്മികള്‍; 12 മാസങ്ങള്‍ക്കിടെ യുകെയില്‍ 1500 വിമാനങ്ങള്‍ ലേസര്‍ ഭീഷണി നേരിട്ടു

ലോകമെങ്ങമുള്ള വിമാനയാത്രക്കാരുടെ ആശങ്കയാണ് ലേസര്‍ രശ്മികള്‍. ഈ കൊച്ചു കേരളം മുതല്‍ അമേരിക്കവരെ ലേസര്‍ രശ്മികളുടെ ദുരിതം അനുഭവിച്ചിട്ടുണ്ട്. ഹീത്രുവിലേക്ക് പറന്ന എമിറേറ്റ്‌സ് വിമാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിന് മുകളിലൂടെ പറക്കുകയായിരുന്ന എമിറേറ്റ്‌സ് വിമാനത്തിന് നേരെ ലേസര്‍ രശ്മി അടിച്ചതിനെ തുടര്‍ന്ന് കനത്ത സുരക്ഷാഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് അത് അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. പച്ച ലേസര്‍ ലൈറ്റ് വിമാനത്തിന് നേരെ ആരോ നേരിട്ടടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 16ന് രാത്രി 7.55ന് ബുഷെയിലെ ദി അവന്യൂവിനടുത്ത് വച്ചാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് നേരെ ഓഗസ്റ്റില്‍ ലേസര്‍ ബീം ആക്രമണം ഉണ്ടായതിന് ശേഷമാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലേസര്‍ രശ്മികള്‍ അടിച്ചെങ്കിലും എമിറേറ്റ്‌സ് വിമാനം അതിന്റെ മാര്‍ഗം മാറ്റിയില്ലെന്നാണ് ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയര്‍ പൊലീസിലെ ഇന്‍സ്‌പെക്ടറായ പീറ്റര്‍ എഡ് വാര്‍ഡ്‌സ് വെളിപ്പെടുത്തുന്നത്.ഇത് വളരെ ഗൗരവകരമായ കുറ്റമാണെന്നും വന്‍ പ്രത്യാഘാതമുണ്ടാക്കാന്‍ പര്യാപ്തമാണെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകള്‍ ലഭിക്കുന്നവര്‍ അത് പൊലീസിനോട് വെളിപ്പെടുത്തി അന്വേഷണത്തെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ 101 നമ്പറിലാണ് പൊലീസിനെ വിളിക്കേണ്ടത്. ഫോണ്‍ വിളിക്കുമ്പോള്‍ ക്രൈം റഫറന്‍സ് നമ്പറായ ഖ2/16/1399, പരാമര്‍ശിക്കണം. അല്ലെങ്കില്‍ പേര് വെളിപ്പെടുത്താതെ ക്രൈംസ്റ്റോപ്പേര്‍സ് നമ്പറായ 0800 555 111 ല്‍ വിളിക്കുകയോ അല്ലെങ്കില്‍ www.crimestoppers-uk.org എന്ന വെബ്‌സൈറ്റിലൂടെയും വിവരങ്ങള്‍ രേഖപ്പെടുത്താം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനങ്ങള്‍ക്ക് നേരെയുള്ള ലേസര്‍ രശ്മികള്‍ പൈലറ്റുമാരെ ബുദ്ധിമുട്ടിലാക്കുമെന്നും ടേക്ക് ഓഫ്, ലാന്‍ഡിങ് പോലുള്ള നിര്‍ണായകമായ സന്ദര്‍ഭങ്ങളില്‍ അവരുടെ ശ്രദ്ധ വഴിവിട്ട് പോയി വന്‍ അപകടങ്ങളുണ്ടാക്കുമെന്നുമാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പേകുന്നത്. 12 മാസങ്ങള്‍ക്കിടെ യുകെയില്‍ 1500 വിമാനങ്ങള്‍ ലേസര്‍ ഭീഷണികള്‍ക്കിരകളായിരുന്നുവെന്നാണ് കഴിഞ്ഞ ഏപ്രിലില്‍ വിദഗ്ദ്ധര്‍ വെളിപ്പെടുത്തിയിരുന്നത്. ഒരു ദിവസം ശരാശരി ഇത്തരത്തിലുള്ള 4 ആക്രമണങ്ങള്‍ യുകെയില്‍ നടക്കുന്നുവെന്നാണ് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ഓഫ്താല്‍മോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു എഡിറ്റോറിയല്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഹീത്രുവിലാണ് യുകെയിലെ മറ്റേത് വിമാനത്താവളത്തിലേക്കാളും ലേസര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയില്‍ നിന്നുമുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

അതായത് 2015ല്‍ ഇവിടെ 121 ആക്രമണങ്ങളാണുണ്ടായിരിക്കുന്നത്. അതിന് മുമ്പത്തെ വര്‍ഷം ഇത് 168 ആയിരുന്നു. ഇക്കാര്യത്തില്‍ ബെര്‍മിങ്ഹാം ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഇവിടെ 94 സംഭവങ്ങളും മാഞ്ചസ്റ്ററില്‍ 93 സംഭവങ്ങളുമാണ് അരങ്ങേറിയത്.
വിമാനത്തിന് നേരെ ലേസര്‍ രശ്മി അടിക്കുന്നത് യുകെയില്‍ ഒരു ക്രിമിനല്‍ കുറ്റമാണ്. ഇതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. ഇതിനെ നിയന്ത്രിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നാണ് ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ അഥവാ ബാല്‍പ ആവശ്യപ്പെടുന്നത്. ഇത്തരം ലേസറുകള്‍ നിരോധിക്കണമെന്നും ബാല്‍പ ആവശ്യപ്പെടുന്നു. മാരക ആയുധങ്ങള്‍ കൈയില്‍ വയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമം പോലുള്ളവ ഇവയുടെ കാര്യത്തിലും നടപ്പിലാക്കണമെന്നും പൈലറ്റുമാര്‍ പറയുന്നു. ലേസറുണ്ടെന്ന് സംശയമുള്ളവരെ പരിശോധിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. ഇത്തരക്കാരെ എളുപ്പത്തില്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള സാഹചര്യവും ഒരുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

Top