തിരുവനന്തപുരം: ഏത് ചാനലാണ് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണുന്നതെന്നറിയേണ്ടത് പരസ്യദാതാക്കളുടെ ആവശ്യമാണ് അതനുസരിച്ചാണ് ചാനലുകളുടെ പരസ്യവരുമാനം തീരുമാനിക്കപ്പെടുന്നത്. പരസ്യകമ്പനികളുടേയും ചാനലുകളുടേയും നേതൃത്വത്തില്‍ നടത്തുന്ന സുതാര്യമായ ഇത്തരം നീക്കങ്ങളില്‍ പോലും കേരളത്തില്‍ അട്ടിമറി നടക്കുന്നുവെന്ന വെളിപ്പടുത്തലുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഇത് കയ്യോടെ പൊക്കിയതോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാണുന്ന ചാനലുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതിന്‍ ചരിത്ര നേട്ടം സൃഷ്ടിച്ചത് ഫ്‌ളവേഴ്‌സ് ചാനലാണ്. ഗോകുലം ഗോപാലന്റെയും ശ്രീകണ്ഠന്‍ നായരുടേയും നേതൃത്വത്തില്‍ ആരംഭിച്ച ഫ്‌ളവേഴ്‌സ് മനോരമയുടെ മഴവില്ലിനെയും സൂര്യയേയും കടത്തി മുന്നേറുന്നുവെന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മഴവില്‍ മനോരമയും സൂര്യയും ബാര്‍ക് റേറ്റിങ്ങില്‍ തട്ടിപ്പിന് ശ്രമിച്ചു എന്ന പരാതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബഹുദൂരം മുന്‍പുള്ള ഏഷ്യനെറ്റുമായി മതത്സരിക്കാന്‍ സാധിക്കില്ലെങ്കിലും രണ്ടാം സ്ഥാനത്ത് എത്താനുള്ള ശ്രമമാണ് രണ്ട് ചാനലുകളും നടത്തിയതെന്ന് ഇതു സംബന്ധിച്ച ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. വാര്‍ത്ത പുറത്ത് വന്നതോടെ കൃത്രിമ ശ്രമത്തില്‍ നിന്നും ഇരു ചാനലുകളും പിന്മാറിയെന്ന സൂചനയാണ് ഏറ്റവും ഒടുവിലെത്തെ ബാര്‍ക് റേറ്റിങ് തെളിയിക്കുന്നത്. ഇതോടെ ബാര്‍ക് റേറ്റിംഗില്‍ ഏഷ്യാനെറ്റിന് പിന്നില്‍ ഫ്‌ളവേഴ്സ് ചാനല്‍ രണ്ടാമത് എത്തി. ഫ്ളവേഴ്സിന്റെ കുതിപ്പ് തിരിച്ചറിഞ്ഞാണ് ബാര്‍ക്കില്‍ കൃത്രിമം കാട്ടിയതെന്ന വാദവും ശക്തമാകുകയാണ്. ഇതോടെ തുടങ്ങി ഒരു വര്‍ഷത്തിനിടെയില്‍ തന്നെ മലയാളത്തില്‍ ചരിത്രം രചിക്കുന്ന ചാനലായി ഫ്ളവേഴ്സ് മാറുകയും ചെയ്തു.
ഈ വര്‍ഷത്തെ 41-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ് അനുസരിച്ച് ഏഷ്യാനെറ്റിന് 922 പോയിന്റും മഴവില്‍ മനോരമയ്ക്ക് 381 പോയിന്റും സൂര്യാ ടിവിയക്ക് 375 പോയിന്റുമായിരുന്നു ഉണ്ടായിരുന്നത്. 42-ാം ആഴ്ചയില്‍ ഏഷ്യനെറ്റിന്റെ പോയിന്റ് 919ഉം മഴവില്‍ മനോരമയുടേത് 309ഉം സൂര്യ ടിവിയുടേത് 291ഉം ഫ്ളവേഴ്സ് ടിവി 250ഉം പോയിന്റായി. ഈ ഘട്ടത്തിലാണ് ചില സംശയങ്ങള്‍ കേരളത്തിലെ തന്നെ ചാനലുകള്‍ ഉയര്‍ത്തിയത്. സൂര്യയുടേയും മഴവില്‍ മനോരമയുടേയും റേറ്റിംഗുകളില്‍ അസാധാരണ ഉയര്‍ച്ചയുണ്ടായതായി വിലയിരുത്തി. ഇതോടെ ബാര്‍ക്കില്‍ പരാതിയെത്തി. ബാര്‍ക്കിന്റെ വിജിലന്‍സ് പരിശോധന നടത്തിയതോടെ തട്ടിപ്പ് സ്ഥിരീകരിച്ചു.
ബാര്‍ക്ക് പരാതിയുമായി പൊലീസിന് മുന്നിലെത്തി. കേരളാ ടെലിവിഷന്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ക്കൊപ്പം പൊലീസിന് പരാതി കൈമാറി. ബാര്‍ക്കിന്റെ വിജിലന്‍സ് ടീം അന്വേഷിച്ച് ബോധ്യപ്പെട്ട വിശദാംശങ്ങളായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്. ചാനലുകളുടെ പേരും അതിലുണ്ടെന്നാണ് സൂചന. ഇതിനൊപ്പം ഓഡിയോ ക്ലിപ്പും കൈമാറി. ഏതൊക്കെ ചാനലാണ് കൃത്രിമം കാട്ടാന്‍ സമീപിച്ചതെന്ന ബാര്‍ക്ക് വിജിലന്‍സ് ടീമിനോട് വീട്ടമ്മ വിശദീകരിക്കുന്ന സംഭാഷണമായിരുന്നു അത്. ഈ വാര്‍ത്ത വിശദമായി തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇതിന്റെ പ്രതിഫലനങ്ങള്‍ ഈ വര്‍ഷത്തെ 43-ാം ആഴ്ചയിലെ റേറ്റിങ് തന്നെ ഇതിന് തെളിവായി. ഏഷ്യാനെറ്റിന് 972 പോയിന്റ്. മഴവില്‍ മനോരമയ്ക്ക് 285ഉം സൂര്യയ്ക്ക് 29ഉം പോയിന്റ്. തൊട്ടടുത്ത ആഴ്ചയിലെ റേറ്റിങ് കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ ഇതെല്ലാം ആകെ മാറി. ഏഷ്യാനെറ്റിന് 948 പോയിന്റും ഫ്ളവേഴ്സിന് 253 പോയിന്റും. മൂന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് മൂവീസ്. അവര്‍ക്കുള്ളത് 249 പോയിന്റ്. അതിന് പിന്നില്‍ 237 പോയിന്റുമായി സൂര്യ ടിവി. മഴവില്‍ മനരോമയക്ക് വലിയ തിരിച്ചടി. അഞ്ചാം സ്ഥാനത്തേക്ക് അവര്‍ വീണു. 204 പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. അതായത് രണ്ടാം സ്ഥാനത്തുള്ള ഫ്‌ളാവേഴ്സിനേക്കാള്‍ 48 പോയിന്റിന്റെ കുറവ്. ഇത് മഴവില്‍ മനോരമയുടെ പരസ്യ വരുമാനത്തില്‍ ഏറെ കുറവ് വരുത്തുമെന്നാണ് സൂചന. സൂര്യാ ടിവിയും ആദ്യമായാണ് റേറ്റിംഗില്‍ നാലാം സ്ഥാനത്ത് എത്തുന്നത്.
ബാര്‍ക്കില്‍ കൃത്രിമം കാട്ടാനാവാത്ത സാഹചര്യം വന്നതോടെ വീട്ടുകാരെ സ്വാധീനിച്ച് റേറ്റിംഗില്‍ മുന്നേറ്റമുണ്ടാക്കാന്‍ ആര്‍ക്കും കഴിയാതെ വന്നു. ഇതിന്റെ പ്രതിഫലനമാണ് ഫ്‌ളാവേഴ്സിന്റെ കുതിപ്പ് കാട്ടുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഏഷ്യാനെറ്റിലേയും മനോരമയിലേയും പരിചയ മികവുമായി ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഫ്ളവേഴ്സ് തുടങ്ങിയത് ശ്രദ്ധിക്കപ്പെടുന്ന ഒരു കൂട്ടം പരിപാടികളുമായാണ്. ഇതില്‍ പലതും സൂപ്പര്‍ ഹിറ്റായി. ഇതോടെയാണ് റേറ്റിംഗില്‍ താഴ്ക്ക് പോകാതിരിക്കാന്‍ മഴവില്‍ മനോരമയും സൂര്യാ ടിവിയും കൃത്രിമം കാട്ടിയതെന്നാണ് ചാനല്‍ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
രാജ്യത്തെ ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കെടുപ്പു സമ്പ്രദായമാണ് ബാര്‍ക് അഥവാ ബ്രോഡ്കാസ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍. ഇവരുടെ റേറ്റിങ് ഓരോ ചാനലിനും നിര്‍ണ്ണായകമാണ്. പരസ്യവരുമാനത്തിന്റെ തോത് നിര്‍ണ്ണയിക്കുക ബാര്‍ക് കണക്കുകളാണ്. ഇതില്‍ മുന്നേറാന്‍ സാധാരണ മികച്ച പരിപാടികള്‍ അവതരിപ്പിക്കുകയാണ് വഴിയെന്നാണ് വയ്പ്പ്. മലയാളത്തില്‍ പ്രോഗ്രാം ചാനലുകളില്‍ ഏഷ്യാനെറ്റ് എതിരാളികളേക്കാള്‍ ഏറെ മുന്നിലാണ്. ന്യൂസ് ചാനലിലും ഒന്നാമത് ഏഷ്യാനെറ്റ് തന്നെ. തീര്‍ത്തും വിശ്വസനീയമാണ് ബാര്‍ക് എന്നാണ് ചാനലുകളും അവകാശപ്പെടാറുള്ളത്. പലപ്പോഴും ഈ റേറ്റിഗ് വച്ച് കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ ചാനലുകള്‍ പരസ്യവും ചെയ്യാറുണ്ട്. ഇതിനിടെയാണ് മഴവില്‍ മനോരമയും സൂര്യയും ബാര്‍ക്കില്‍ കൃത്രിമം കാട്ടി പരസ്യം അടിച്ചെടുക്കുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നത്.
തെരഞ്ഞെടുത്ത വീടുകളില്‍ ബാര്‍ക്ക് മീറ്റര്‍ സ്ഥാപിച്ച് പരിപാടികളുടെ റേറ്റിങ് മനസ്സിലാക്കുകയാണ് ബാര്‍ക് ചെയ്യുന്നത്. കേരളത്തില്‍ കൊച്ചിയിലെ വീടുകളിലാണ് ഇത്തരം ബാര്‍ക് മീറ്ററുകളുള്ളതെന്നാണ് സൂചന. ഈ വീട്ടുകാരെ പ്രലോഭനങ്ങള്‍ക്ക് വശംവദരാക്കി രണ്ട് ചാനലുകള്‍ തട്ടിപ്പ് നടത്തുന്നുവെന്ന പരാതി ഏറെ നാളായി സജീവമായിരുന്നു. അതായത് ബാര്‍ക്ക് മീറ്ററുള്ള വീടുകള്‍ കണ്ടെത്തി അവരെ കൊണ്ട് തങ്ങളുടെ പരിപാടി കാണിപ്പിച്ച് നേട്ടമുണ്ടാക്കുകയെന്നതാണ് രീതി. ഇതിനായി ഈ വീടുകളിലുള്ളവര്‍ക്ക് അവര്‍ക്കിഷ്ടമുള്ള ചാനല്‍ കാണാന്‍ മറ്റൊരു ടിവി പോലും വാങ്ങി കൊടുക്കുന്നവരുണ്ടെന്നാണ് സൂചന. . ഇതിനൊപ്പം മാസംതോറും പണവും . ഈ വീടുകളില്‍ മുഴുവന്‍ സമയവും അവരുടെ ചാനല്‍ കാണുന്നതായി മീറ്ററില്‍ തെളിയും. സത്യത്തില്‍ സൗണ്ടില്ലാതെ വെരുതെ ടിവി വച്ചിരിക്കുകയാകും ചെയ്യുക. ഇത് ബാര്‍ക്ക് ഗൗരവത്തോടെ കണ്ടു. ഇതാണ് കള്ളി പൊളിച്ചതും പൊലീസ് പരാതിയിലേക്ക് കാര്യങ്ങളെത്തിച്ചതും.
മുമ്പ് ടാം എന്ന സംവിധാനത്തിലൂടെയായിരുന്നു പ്രേക്ഷകരുടെ കണക്കെടുപ്പ് നടന്നിരുന്നത്. പിന്നീട് ബാര്‍ക്ക് എത്തി. ഏരെ കാലമായി ഈ മേഖലയില്‍ വമ്പന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആരും പരാതി നല്‍കുമായിരുന്നില്ല. ടാം റിപ്പോര്‍ട്ടില്‍ കൃത്രിമം നടക്കുമെന്ന് മനസ്സിലാക്കിയാണ് ബാര്‍ക്കിലേക്ക് മാറിയത്. എന്നാല്‍ ഇവിടേയും കള്ളക്കളി നടക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കപ്പിനും ടീ ഷര്‍ട്ടിനും നൂറ് രൂപയ്ക്കും വേണ്ടി ആരും ഇലക്ട്രോണിക് ഉപകരണം വീട്ടില്‍ വയ്ക്കില്ല. ഏതെല്ലാം വീട്ടിലാണ് ഇത് വച്ചിരിക്കുന്നതെന്ന് ചാനലുകള്‍ക്കും അറിയാം. ഇതിലെ സാമ്പത്തികം തന്നെയാണ് ഉപകരണം വീട്ടില്‍ വയ്ക്കാന്‍ പലരേയും താല്‍പ്പര്യപ്പെടുത്തുന്നതെന്നാണ് വിലയിരുത്തല്‍.
നിരന്തരമായി പരാതി കിട്ടിയപ്പോള്‍ ബാര്‍ക്കിന്റെ വിജിലന്‍സ് വിഭാഗം അത് പരിശോധിച്ചു. ബാര്‍ക്കിന് കീഴിലുള്ള വീടുകളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ചില വ്യക്തികള്‍ ശ്രമിച്ചെന്ന് അന്വേഷണത്തില്‍ മനസ്സിലായി. ഇതിനൊപ്പം വീട്ടുകാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ സൂചനകളും ലഭിച്ചു. വീട്ടുകാരുടെ ശബ്ദരേഖ തെളിവായി ബാര്‍ക്ക് സംഘം പൊലീസിന് നല്‍കിയിട്ടുണ്ട്.