സോൾ: കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇലിന്റെ 10–ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഉത്തരകൊറിയയിൽ പത്തു ദിവസത്തേയ്ക്കു ജനങ്ങൾ ചിരിക്കുന്നതിന് നിരോധനം. നിരോധനം ലംഘിക്കുന്നവരെ കടുത്ത ശിക്ഷയും ഉള്ളതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
മദ്യപാനം, മറ്റു വിനോദങ്ങളിൽ ഏർപ്പെടുന്നത് തുടങ്ങിയവയും നിരോധിച്ചിട്ടുണ്ടെന്ന് അതിർത്തി നഗരമായ സിനുയിജുവിലെ താമസക്കാരൻ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
കിം ജോങ് ഇലിന്റെ ജീവിതത്തെ അനുസ്മരിച്ച് നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹം പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം, അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ ‘കിംജോങ്ങിലിയ’യുടെ പ്രദർശനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
2011 ഡിസംബർ 17ന് 69–ാം വയസ്സിലാണ് കിം ജോങ് ഇൽ മരിച്ചത്. 1948ൽ കിം ഇൽ സുങ് ഉത്തര കൊറിയ സ്ഥാപിച്ചശേഷം കിം കുടുംബത്തിലെ മൂന്നു തലമുറകളാണു രാജ്യം ഭരിച്ചത്. 1994ൽ സുങ് അന്തരിച്ചതിനു പിന്നാലെയാണ് മകനായ കിം ജോങ് ഇൽ ഭരണാധികാരിയായത്. കിം ജോങ് ഇൽ മരിച്ചതിനുശേഷം 2011 ഡിസംബർ 30ന് കിം ജോങ് ഉൻ അധികാരമേറ്റു.