രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നു !…പിണറായി അകത്തോ പുറത്തോ ?

കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നു !…പിണറായി അകത്തോ പുറത്തോ ? ലാവലിൻ കേസിൽ സുപ്രധാനമായ വിധി ഇന്ന്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ ഹർജിയിലാണ് വിധി . ഹൈക്കോടതിയുടെ വിധി പ്രസ്താവം ഉച്ചയ്ക്ക് 1.45ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരായ കുറ്റപത്രം റദ്ദ് ചെയ്ത സിബിഐ കോടതി വിധിക്കെതിരെയാണ് റിവ്യു ഹർജി. ഹർജിയിൽ അഞ്ചുമാസം മുൻപ് വാദം പൂർത്തിയായിരുന്നു.ലാവലിൻ അഴിമതിക്കേസിൽ പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്. പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ് സിബിഐയുടെ വാദം.പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഉണ്ടാക്കിയ കരാർ വഴി ഖജനാവിന് 374 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് സിബിഐ കേസ്. 2013 നവംബറിലാണ് പിണറായി വിജയൻ അടക്കമുള്ള പ്രതികളെ കുറ്റവിമുക്‌തരാക്കി കീഴ്കോടതി ഉത്തരവിട്ടത്.

Top