കൊച്ചി: കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്‌തരാക്കിയ സി.ബി.ഐ. കോടതിയുടെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി പരിഗണനയ്‌ക്കെടുത്തു കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സി.ബി.ഐ. കോടതി വിധിയുടെ നിലനില്‍പ്പ് സംശയകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലാവ്‌ലിന്‍ കേസിലെ റിവിഷന്‍ ഹര്‍ജികള്‍ വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി. ഉബൈദ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് റിവിഷന്‍ ഹര്‍ജികള്‍ ഫെബ്രുവരി അവസാന വാരം പരിഗണിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പുറത്തു വന്നത്.
പൊതുഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്ന കേസ് പ്രാരംഭഘട്ടത്തില്‍ തന്നെ (വിചാരണ പോലും കൂടാതെ) ഇല്ലാതാക്കിയെന്ന ആരോപണം സത്യമാണെങ്കില്‍ പൊതുജനതാല്‍പ്പര്യമുള്ള വിഷയമാണിതെന്നും സിംഗിള്‍ബെഞ്ച് വിശദീകരിക്കുന്നു. തുടര്‍ന്നാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ നിലനില്‍പില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചത്.
കുറ്റവിമുക്തരാക്കാന്‍ പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗരേഖകള്‍ മറികടന്ന് വിധി പറഞ്ഞ വിജിലന്‍സ് കോടതി പരിധി ലംഘിച്ചുവെന്നാണ് സര്‍ക്കാരും സിബിഐയും വാദിക്കുന്നത്. ഈ കേസിന്റെ വസ്തുകളുടെ ആദ്യ പരിശോധനയില്‍ ഈ വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി വ്യക്തമാക്കുന്നു. ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തരാക്കാന്‍ ചില പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ എല്ലാ പ്രതികളെയും വിജിലന്‍സ് കോടതി കുറ്റവിമുക്തരാക്കിയെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്