തിരുവനന്തപുരം: ലോ അക്കാദമിസമരത്തില്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടു. വിദ്യാര്‍ത്ഥികളും മന്ത്രിയും തമ്മില്‍ തര്‍ക്കം മുറുകിയതോടെ വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയില്‍ നിന്ന് ക്ഷുഭിതനായി ഇറങ്ങിപോയി. വിദ്യാര്‍ഥി സംഘടനാ നേതാക്കളും സമരത്തിലുള്ള കോളജിലെ കുട്ടികളും മാനേജ്മെന്റ് പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷത്തേക്ക് മാറിനില്‍ക്കുമെന്ന മാനേജ്മെന്റ് തീരുമാനം അംഗീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് സമരക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്ന് സമരം ചെയ്യുന്നവര്‍ ഉറച്ചുനിന്നു. ചര്‍ച്ചയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. അതോടെ ക്ഷുഭിതനായ മന്ത്രി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
മന്ത്രി ഇറങ്ങിപ്പോയത് അംഗീകരിക്കാനാകില്ലെന്ന് എ.ഐ.എസ്.എഫ് പ്രതിനിധികള്‍ പറഞ്ഞു. പുതുതായി ഒരു നിര്‍ദേശവും ചര്‍ച്ചയില്‍ വന്നില്ല എന്ന് സമരക്കാര്‍ പറഞ്ഞു. മാനേജ്മെന്റിന്റെ നിലപാട് അറിയിക്കാനാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും അവര്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ മാറിനില്‍ക്കുമെന്ന വാദം അംഗീകരിക്കുന്നില്ല, മുന്‍പും മൂന്നു വര്‍ഷം അവര്‍ മാറി നിന്നിട്ടും തിരിച്ചെത്തിയ ലക്ഷ്മി നായരുടെ പെരുമാറ്റത്തില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ക്ലാസ് തുടങ്ങാനുള്ള സാഹചര്യം കോളജിലുണ്ടെന്ന നിലപാടാണ് എസ്.എഫ്.ഐ യോഗത്തില്‍ സ്വീകരിച്ചത്. തിങ്കളാഴ്ച റുഗലര്‍ ക്ലാസ് തുടങ്ങുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു. മന്ത്രി മാനേജ്മെന്റിനൊപ്പമാണെന്ന് എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകള്‍ കുറ്റപ്പെടുത്തി. രാഷ് ട്രീയ ലക്ഷ്യത്തോടെയാണ് ചില സംഘടനകള്‍ യോഗത്തില്‍ നിലപാടെടുത്തതെന്ന് എസ്.എഫ്.ഐ പ്രതിനിധികള്‍ പറഞ്ഞു.
സമരം തീര്‍ക്കാതെ കോളജ് തുറക്കാമെന്ന് വ്യാമോഹിക്കേണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു. തിങ്കളാഴ്ച സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസമന്ത്രിയോട് ആവശ്യങ്ങള്‍ പറഞ്ഞപ്പോഴെല്ലാം കുതിരവട്ടം പപ്പു പറയുംപോലെ ഇപ്പം ശരിയാക്കി തരാം എന്ന് പറയുകയല്ലാതെ ഒരു തീരുമാനവും എടുക്കാതെ മാനേജ്മെന്റിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ജോയ് പറഞ്ഞു.
പ്രിന്‍സിപ്പല്‍ ചെയ്ത 17 തെറ്റുകള്‍ അക്കമിട്ട് വിദ്യാര്‍ഥികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. എന്നാല്‍ എസ്.എഫ്.ഐയുമായുണ്ടാക്കിയ ധാരണ അനുസരിച്ച് ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷത്തേക്ക് മാറിനില്‍ക്കുമെന്ന തീരുമാനം മാനേജ്മെന്റ് യോഗത്തില്‍ വച്ചു.