![](https://dailyindianherald.com/wp-content/uploads/2017/01/SFI-BJP.png)
തിരുവനന്തപുരം: ലോ അക്കാദമി സമരം ബി.ജെ.പി ഏറ്റെടുക്കുന്നതിനോട് വിദ്യാര്‍ത്ഥിസമൂഹത്തിന് കടുത്ത ആശങ്ക. ഇന്നുമുതല്‍ രണ്ടുദിവസം ബി.ജെ.പി നേതാവ് വി. മുരളീധരന്‍ സമരവുമായി ബന്ധപ്പെട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഉപവാസസമരം വിപരീതഫലത്തിന് വഴിവയ്ക്കുമോയെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി വിദ്യാര്‍ത്ഥികള്‍ ഭയക്കുന്നു. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് നേട്ടംകൊയ്യാനുള്ള ബി.ജെ.പിയുടെ നീക്കത്തിനെതിരെ എന്തുവിലകൊടുത്തും ഒറ്റക്കെട്ടായി നിലകൊള്ളാനുള്ള തീരുമാനത്തിലാണ് എസ്.എഫ്.ഐ. ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക അവര്‍ സി.പി.എം. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ലോ അക്കാദിമിക്ക് മുന്നില്‍ ഇന്നുമുതല്‍ 48 മണിക്കൂര്‍ ഉപവാസം നടത്താനാണ് മുരളീധരന്റെ തീരുമാനം. ഇന്ന് ലോ അക്കാദമി വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചരിക്കുന്നതിനിടയിലാണ് ഈ സമരപ്രഖ്യാപനം വന്നിരിക്കുന്നത്. കോളജിന് തുറന്ന് പ്രവര്‍ത്തിക്കാന്‍ വേണ്ട എല്ലാ സംരക്ഷണവും നല്‍കണമെന്ന് സംസ്ഥാന പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ കോളജിന്റെ പ്രവര്‍ത്തനത്തെ തടയുന്ന ഏത് പ്രവര്‍ത്തിയുണ്ടായാലും അത് നേരിടേണ്ടിവരുമെന്നാണ് പോലീസിന്റെ നിലപാട്.
ഇതിനിടയിലാണ് മുരളീധരന്‍ ഉപവാസവുമായി രംഗത്ത് വന്നിരിക്കുന്നത്. ബി.ജെ.പി നേതാവ് തന്നെ സമരരംഗത്ത് വരുന്ന സാഹചര്യത്തില്‍ ഇന്ന് അവിടെ സാഹചര്യം കുടുതല്‍ വഷളാകാനുള്ള സാദ്ധ്യതയുണ്ട്. ഇത് തമിഴ്‌നാട്ടില്‍ അടുത്തിടെ നടന്ന ജെല്ലിക്കെട്ട് സമരം പോലെ ആയിത്തീരാനുള്ള സാദ്ധ്യതകളും എ.ബി.വി.പി. ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ തള്ളിക്കളയുന്നില്ല. നേതാവിന്റെ സമരത്തിന്റെ പേരില്‍ അവിടെ എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയാല്‍ പോലീസ് ശക്തമായി ഇടപെടുകയും ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പൊതുജനപിന്തുണ ഇല്ലാതാകുകയും ചെയ്യും. ഇത് ആതന്ത്യകിതമായി ഗുണംചെയ്യുക ലോ അക്കാദമി മാനേജ്‌മെന്റിനായിരിക്കും. അത്തരത്തിലുള്ള ഒരു സംഭവം ഇന്നത്തെ സമരത്തിന്റെ ഭാഗമായി ഉണ്ടാകുമോയെന്ന് വിദ്യാര്‍ത്ഥികള്‍ ഭയക്കുന്നു.
വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് സ്വന്തം നേട്ടത്തിന് വേണ്ടി ഉപയോഗിക്കുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. വിദ്യാഭ്യാസ മന്ത്രിയെപ്പോലും വിശ്വാസമില്ലെന്നും അതുകൊണ്ടുതന്നെ അവരെ സമീപിക്കില്ലെന്നും പറയുന്ന എ.ബി.വി.പി അല്ലെങ്കില്‍ എന്തിന് വേണ്ടി സമരം നടത്തുന്നതെന്നും എസ്.എഫ്.ഐ ചോദിക്കുന്നു. മറ്റ് സ്വാശ്രയകോളജുകളിലൊന്നും കാണാത്ത ആവേശത്തോടെ ബി.ജെ.പി നേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെടുന്നത് ഇതിലൂടെ പിണറായിവിജയനെ പ്രതിക്കൂട്ടിലാക്കാന്‍ വേണ്ടിമാത്രമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. കെ.എസ്.യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍ക്കും ഇതേ ആശങ്ക നിലവിലുണ്ട്. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും സംയമനത്തോടെ സമരത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് അവരുടെ തീരുമാനം.
ലോഅക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ആഭിവാദ്യങ്ങളുമായി ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും സമരഭൂമിയിലേക്കെത്തി. എബിവിപി, ഇടത്-വലത് പക്ഷ വിദ്യാര്‍ത്ഥിസംഘടനകള്‍ ഒന്നടങ്കം നടത്തുന്ന സമരം പതിനഞ്ചാംദിവസം കഴിയുമ്പോള്‍ പിന്തുണയുമായി കൊടിയുടെ നിറം മറന്ന് ജനപ്രതിനിധികള്‍ എല്ലാ സമര പന്തലിലുമെത്തി വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ആഭിവാദ്യമര്‍പ്പിക്കുകയാണ്.വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ 48 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. സമര പന്തലിലെത്തി എല്ലാ വിദ്യാര്‍ത്ഥി നേതാക്കളെയും കണ്ട് അഭിവാദ്യമര്‍പ്പിച്ച ശേഷമാണ് ഉപവാസസമരം ആരംഭിച്ചത്. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുത്ത് മികവുറ്റ കേന്ദ്രമാക്കി മാറ്റണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്‌ജെആര്‍ കുമാര്‍ സമരപന്തലിലെത്തി വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ഭാരവാഹികളും പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം സമരനേതാക്കളെ കണ്ടു.
വിദ്യാര്‍ത്ഥി സമരത്തിലൂടെയാണ് വിദ്യാഭ്യാസ രംഗത്ത് ഒരുപാട് മാറ്റങ്ങളുണ്ടായതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന് ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു. അനധികൃതമായി മാനേജ്‌മെന്റ് കൈവശം വച്ചരിക്കുന്ന 11 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും വിഎസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.കോളേജ് ഗവണ്‍മെന്റ് ഏറ്റെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടതുപോലെ അനധികൃതക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
എംഎല്‍എ മാരായ മുഹമ്മദ് മുഹ്‌സിന്‍, മുല്ലക്കര രത്‌നാകരന്‍, വി.എസ്.ശിവകുമാര്‍ തുടങ്ങിയവരും സമര നേതാക്കളെ കണ്ട് അഭിവാദ്യമര്‍പ്പിച്ചു. വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലിലെ വിഷയങ്ങള്‍ ജനപ്രതിനിധികളോട് പങ്കുവച്ചു. കോളേജിനുള്ളില്‍ പോലും തടവറയിലെന്നപോലെയാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ മകന്റെ കാമുകിയാണ് ഹോസ്റ്റല്‍ ഭരിക്കുന്നതെന്നും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്റേണല്‍മാര്‍ക്ക് ഉള്‍പ്പെടെ തയ്യാറാക്കുന്നതെന്നും യൂണിവേഴ്‌സിറ്റിയിലേക്ക് പോലും പുറത്തേക്ക് വിടില്ലെന്നുരക്ഷിതാക്കളെ ഉള്‍പ്പെടെ അസഭ്യം പറയുകയാണ് ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.ഇതിനിടിയല്‍ പിരിച്ചുവിട്ട താത്കാലിക ജീവനക്കാരും ലക്ഷ്മി നായര്‍ക്കെതിരെ പ്രതിഷേധവുമായി എത്തി. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, വാച്ചര്‍ എന്നീ ജോലികള്‍ ചെയ്തിരുന്നവരെ അകാരണമായി പിരച്ചുവിട്ടെന്നും ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ നിഷേധിക്കപ്പെട്ടുവെന്നും ആരോപിച്ചു. തെളിവെടുപ്പിനെത്തിയ എത്തിയ സെനറ്റ് ഉപസമിതിയ്ക്ക് മുമ്പിലും വിദ്യാര്‍ത്ഥിനികളും പിരിച്ചുവിട്ട തൊഴിലാളികളും മൊഴിനല്‍കി.
വൈകുന്നേരം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ക്യാമ്പസിന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.