ലോ അക്കാഡമി മാനേജ്‌മെന്റിനെ പേടിക്കണം, എല്ലാ പാര്‍ട്ടികളിലും സ്വാധീനമുള്ളവര്‍ പത്ര ഓഫീസ് അടിച്ചു തകര്‍ത്തവര്‍ അവര്‍ക്ക് എന്തും സാധ്യം എന്ന് അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: ലോ അക്കഡമി മാനേജ്‌മെന്റിനെ പേടിക്കണമെന്ന് അഡ്വ. ജയശങ്കര്‍. തങ്ങള്‍ക്കെതിരെ വാര്‍ത്ത എഴുതിയ പത്രത്തിന്റെ ഓഫീസ് അടിച്ചു തകര്‍ത്തവരാണവര്‍ എല്ലാ പാര്‍ട്ടികളിലും സ്വാധീനമുള്ളവര്‍. പാട്ടത്തിന് ലഭിച്ച സ്ഥലം കുടുംബ സ്വത്താക്കി അനുഭവിക്കുകയാണ് ചെയ്തത്. അവരെ ഒഴിപ്പിക്കുക വ്യമോഹം മാത്രമാണെന്നും വക്കീല്‍ പറഞ്ഞു. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയിലാണ് രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. എസ് ജയശങ്കര്‍ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, എസ്എഫ്ഐ നേതാവ് പ്രതിന്‍ സാജ് കൃഷ്ണ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിലും ജയശങ്കര്‍ ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു.

ജയശങ്കറിന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്യാര്‍ത്ഥി സമരമാണെങ്കിലും ഇതൊരു പൊതു പ്രശ്നമാണ്. ലക്ഷ്മിനായരുടെ വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തെ ചൊല്ലിയുള്ള പ്രശ്നമെല്ലാം നിസ്സാര പ്രശ്നങ്ങളാണ്. അത് തൊലിപ്പുറമേയുള്ള രോഗത്തെ പോലെ കണ്ടാല്‍ മതി. ഈ വിദ്യാര്‍ത്ഥി പ്രശ്നമല്ല, ഒരു പൊതുപ്രശ്നം ഇതില്‍ അന്തര്‍ഭവിച്ചിട്ടിണ്ട്. പൊതു സ്ഥാപനമായി, ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരം ആരംഭിച്ച ഒരു സ്ഥാപനം. അതിനായി സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്ത കൊടുത്ത സ്ഥലം ഒരാളുടെ കുടുംബസ്വത്തായി മാറുക.

ആ വ്യക്തിയുടെ നേതൃത്വത്തില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മൊത്തത്തില്‍ മലീമസമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുക. ഇതിന് സിപിഎമ്മിന്റെ മാത്രം പിന്തുണയല്ല ഉള്ളത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഒത്താശയോടെയാണ് നാരായണന്‍ നായര്‍ അവിടെ ക്രമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതുവരെ മാദ്ധ്യമങ്ങള്‍പോലും ഇക്കാര്യം ശ്രദ്ധിക്കുകയോ ഒരു റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. 1998ലോ മറ്റോ ആണ് ഇന്ത്യന്‍ എക്‌സ്പ്രസ് ലോ അക്കാഡമിയിലെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റ ഓഫീസ് അടിച്ചുതകര്‍ത്താണ് അക്കാഡമി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ഇമ്മാതിരി കാര്യങ്ങളെല്ലാം ചെയ്യിക്കാന്‍ കഴിവുള്ളയാളാണ് അതിന്റെ നടത്തിപ്പുകാരന്‍.

തിരുവനന്തപുരംകാരനായ അദ്ധ്യാപകന്‍ ഡോ. റസലുദ്ദീനെ പിരിച്ചുവിട്ടത് നോട്ടീസ് ബോര്‍ഡില്‍ നോട്ടീസ് ഇട്ടുകൊണ്ടാണ്. എവിടെയും കേട്ടുകേള്‍വിയില്ലാത്തതാണിത്. നിങ്ങളുടെ സേവനം അവസാനിപ്പിച്ചിരിക്കുന്നു എന്ന് നോട്ടീസ് ഇട്ട് പിരിച്ചുവിട്ടത് കേരള ചരിത്രത്തില്‍തന്നെ ഒരേയൊരു സംഭവമായിരിക്കും. ലോ അക്കാഡമി നടത്തിപ്പുകാരനായ നാരായണന്‍ നായരുടെ സഹോദരിയുടെ മകനാണ് പില്‍ക്കാലത്ത് നിയമസര്‍വകലാശാലയുടെ വിസി ആയി മാറിയ ഡോ. ജയകുമാര്‍. എഴുപതുകളില്‍ ഇദ്ദേഹം ഒരേസമയം കേരള യൂണിവേഴ്സിറ്റിയില്‍ എംഎയും അക്കാഡമിയില്‍ എല്‍എല്‍ബിയും ചെയ്തു.

ഇതെങ്ങനെ സാധിച്ചുവെന്നത് അദ്ദേഹത്തിന് മാത്രം കഴിയുന്ന അത്ഭുതമാണ്. നാരായണന്‍ നായരായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇത്തരത്തില്‍ സ്വാധീനം ഉപയോഗിച്ച് എന്തും ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുള്ള നാരായണന്‍ നായരുടെ സ്ഥാപനത്തിനെതിരെ വിദ്യാര്‍ത്ഥി സമരം നടത്തിയാല്‍ വിജയിക്കാന്‍ ബുദ്ധിമുട്ടാണ് – ജയശങ്കര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
മറ്റിടങ്ങളില്‍ സമരം ചെയ്യുന്നതുപോലെ ഇവിടെ സമരം ചെയ്യാനാവില്ലെന്നും എല്ലാ പാര്‍ട്ടികളുടേയും ഒത്താശ ഇവര്‍ക്കുണ്ടെന്നും ജയശങ്കര്‍ ഓര്‍മിപ്പിക്കുന്നു. ഇവര്‍ക്കെതിരെ സമരം ചെയ്യാന്‍ ഭയപ്പെടണം. എന്‍എസ്എസ്സോ സഭയോ എസ്എന്‍ട്രസ്റ്റോ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയൊക്കെ സമരം ചെയ്യാം. പക്ഷേ, ഇവിടെ സമരം ചെയ്യാന്‍ സൂക്ഷിക്കണം. ഇവര്‍ക്ക് എല്ലാ പാര്‍ട്ടിയിലും ആള്‍ക്കാരുണ്ട്. അതുകൊണ്ട് നിങ്ങളുടെ സമരം വിജയിക്കാന്‍ പോകുന്നില്ല – ജയശങ്കര്‍ പറയുന്നു.

നിരാഹാരം കിടക്കുന്ന ഒരാളെ പറ്റി തമാശ പറയാന്‍ പാടില്ല. പക്ഷേ, മുരളീധരന്‍ തെറ്റിദ്ധരിക്കില്ലെന്ന് ഞാന്‍ വിചാരിക്കുന്നു. കേരള ഹസാരെ ആയി മാറുമെന്നാണ് ഞാന്‍ ഭയപ്പെടുന്നത്. അങ്ങനെ ആകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. കൃഷ്ണന്‍ നായര്‍ സിപിഎമ്മില്‍ നില്‍ക്കുമ്പോള്‍ തന്നെ നാരായണന്‍ നായര്‍ സിപിഐക്കാരനായാണ് ഭാവിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രീമതി പൊന്നമ്മ നാരായണന്‍ നായര്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ വനിതാവിഭാഗം പ്രസിഡന്റായിരുന്നു. റവന്യൂ വകുപ്പ് മാറി മാറി കൈകാര്യം ചെയ്തിരുന്നത് ഒന്നുകില്‍ സിപിഐയോ അല്ലെങ്കില്‍ ജോസഫ് ഗ്രൂപ്പോ ആയിരുന്നു എന്നറിയുമ്പോള്‍ കാര്യങ്ങളുടെ ഏകദേശ രൂപം വ്യക്തമാകും.

സര്‍ക്കാരില്‍ നിന്ന് പാട്ടത്തിന് കൊടുത്ത സ്ഥലം അദ്ദേഹത്തിന് പതിച്ചുകിട്ടാന്‍ വേണ്ടിയാണ് അദ്ദേഹം ആദ്യകാലത്ത് സിപിഐ ആയിട്ടും പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ ജോസഫ് ഗ്രൂപ്പായിട്ടും ഒക്കെ നിന്നത്. പിജെ ജോസഫ് റവന്യൂ മന്ത്രിയായിരിക്കെയാണെന്ന് തോന്നുന്നു ഈ സ്ഥലം ലോ അക്കാഡമിയുടെ പേര്‍ക്ക് പതിച്ചുകൊടുക്കുന്നത്.
അങ്ങനെ പതിച്ചുകൊടുത്ത സ്ഥലത്തുനിന്ന് അത്ര പെട്ടെന്നൊന്നും അവരെ ഒഴിപ്പിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതൊരു അത്യാഗ്രഹമാണ്. ചുരുങ്ങിയപക്ഷം അവിടത്തെ ദളിത് പീഡനം അവസാനിപ്പിക്കുക, കുട്ടികള്‍ക്ക് കുറച്ചുകൂടി സുതാര്യമായ അന്തരീക്ഷത്തില്‍ പഠിക്കാന്‍ സാഹചര്യമുണ്ടാക്കുക അങ്ങനെ പരിമിതമായ ലക്ഷ്യത്തിലേക്ക് ചുരുക്കിയാലേ എന്തെങ്കിലുമൊക്കെ നടക്കൂ.
നാരായണന്‍ നായരുടെ രാഷ്ട്രീയ സ്വാധീനം സിപിഎമ്മില്‍ ഒതുങ്ങുന്ന ഒന്നല്ല. കേരളത്തില്‍ ഒരുപക്ഷേ മാവോയിസ്റ്റുകള്‍ ഒഴിച്ച് മറ്റെല്ലാ പാര്‍ട്ടികളുമായും അടുത്ത ബന്ധമുണ്ട്. പല നേതാക്കളും അദ്ദേഹത്തിന് ശുപാര്‍ശക്കത്തുകൊടുത്തവരാണ്. ഇഎംഎസും സി അച്യുതമേനോനും അടക്കമുള്ള നേതാക്കന്മാര്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന് കാണിച്ച് നല്‍കിയ ശുപാര്‍ശ കത്തുകളുടെ ഒരു ഫയല്‍ തന്നെ അദ്ദേഹത്തിന്റെ അടുത്തുണ്ടാകും. – ജയശങ്കര്‍ ചര്‍ച്ചയില്‍ ഓര്‍മിപ്പിക്കുന്നു.

കോടിയേരിയുടെ മകന്‍ അവിടെ പഠിച്ചതായതുകൊണ്ടാണ് കോടിയേരി മയപ്പെടുത്തി പറയുന്നത്. വിഎസിന്റെ മകന്‍ അവിടെ പഠിച്ചിട്ടില്ലാത്തതുകൊണ്ടാണ് വി എസ് എതിര്‍പ്പുമായി എത്തുന്നതും. തിരുവനന്തപുരത്ത് സമ്പത്ത് ഒഴികെ വക്കീലന്മാരായ എല്ലാ നേതാക്കന്മാരും അവിടെ പഠിച്ചവരാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് മുമ്പ് വാര്‍ത്ത നല്‍കിയപ്പോള്‍ ജസ്റ്റീസ് വിആര്‍ കൃഷ്ണയ്യരെ അതിനെതിരെ പരസ്യ പ്രസ്താവനയുമായി അണിനിരത്താന്‍ ഈ സ്ഥാപനത്തിന്റെ സ്വാധീനശക്തിക്ക് കഴിഞ്ഞുവെന്നും ജയശങ്കര്‍ ഓര്‍മിപ്പിക്കുന്നു. സമാനമായ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞദിവസം അഡ്വ. ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റും നല്‍കിയിരുന്നു.

Top