തിരുവനന്തപുരം: രാജിയില്ലെന്ന് ലക്ഷ്മി നായരും വിട്ടുവീഴ്ച്ചയില്ലെന്ന് വിദ്യാര്‍ത്ഥികളും പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം ലോ അക്കാദമി സമരം കടുത്ത പ്രതിരോധത്തില്‍. സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജിയില്ലെന്ന് ലക്ഷ്മിനായര്‍ പ്രഖ്യാപിച്ചതോടെ എസ് എഫ് ഐയും സമരത്തില്‍ നിന്ന് പിന്‍വലിയുന്ന സാഹചര്യമാണ്. സമരമേെേറ്റടുത്ത ബിജെപി ജാനുവിനെ ഇറക്കി ഭൂമി പിടിച്ചെടുക്കാനുള്ള നീക്കവും ഇതിനിടയില്‍ തുടങ്ങിക്കഴിഞ്ഞു.
വിദ്യാര്‍ത്ഥിസമരം 20-ാം ദിവസത്തേക്കു കടക്കവേയാണു പ്രശ്‌നപരിഹാരത്തിനായി സിപിഎം. ഇടപെട്ടത്. ലക്ഷ്മിനായര്‍ രാജിവയ്ക്കണമെന്നും കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണു പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയത്. സംസ്ഥാനനേതാക്കള്‍ക്കായുള്ള പാര്‍ട്ടി പഠന സ്‌കൂള്‍ തിരുവനന്തപുരത്ത് നടക്കുന്നതിനിടെ അനൗദ്യോഗികചര്‍ച്ച നടത്തിയാണു സിപിഎം.. നിലപാട് കടുപ്പിച്ചത്. ബിജെപി സമരം ശക്തമാക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്.
ലോ അക്കാഡമി സമരം കൂടുതല്‍ ശക്തമാക്കാന്‍ സിപിഐയും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പാര്‍ട്ടി യുവജനസംഘടനയായ എ.ഐ.വൈ.എഫും ഇന്നുമുതല്‍ പന്തല്‍ കെട്ടി അനിശ്ചിതകാലസമരത്തിലേക്കു കടക്കും. ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജിവയ്ക്കുന്നതുവരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്നലെ ചേര്‍ന്ന സിപിഐ. ജില്ലാ കൗണ്‍സിലാണു തീരുമാനിച്ചത്. ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്കു പരീക്ഷാചുമതലകളില്‍നിന്നു വിലക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എസ്.എഫ്.ഐ. ഉള്‍പ്പെടെയുള്ള
വിദ്യാര്‍ത്ഥിസംഘടനകള്‍.
എ.ഐ.എസ്.എഫ്. നടത്തുന്ന സമരത്തിനു ശക്തമായ പിന്തുണ നല്‍കുന്നതിനൊപ്പം എ.ഐ.വൈ.എഫ്. പ്രത്യേകപന്തല്‍ കെട്ടി അനിശ്ചിതകാലസമരം ആരംഭിക്കാനാണു സിപിഐ. ജില്ലാ കൗണ്‍സിലിന്റെ തീരുമാനം.
ഉപസമിതി റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് മാനേജ്‌മെന്റ്പാര്‍ട്ടി സംസ്ഥാനനേതാവിന്റെ ബന്ധുകൂടിയായ ലക്ഷ്മിനായരുടെ രാജിക്കായി നേതൃത്വം സമ്മര്‍ദം ചെലുത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിഛായ കൂടുതല്‍ വഷളാകുമെന്ന അഭിപ്രായം സിപിഎമ്മിനുണ്ട്. ഇതേത്തുടര്‍ന്ന്, അക്കാദമി ഡയറക്ടറും പാര്‍ട്ടി സംസ്ഥാനസമിതിയംഗം കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരനുമായ എന്‍. നാരായണന്‍ നായരെ എ.കെ.ജി. സെന്ററിലേക്കു ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തി. പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ പിതാവാണു നാരായണന്‍ നായര്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ എ.കെ.ജി. സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, നാഗരാജ് നാരായണന്‍ എന്നിവരും പങ്കെടുത്തു.
ലോ അക്കാദമി സമരം രാഷ്ട്രീയവിഷയമായി മാറിയെന്നും പ്രിന്‍സിപ്പലിന്റെ ഭാഗത്തു വീഴ്ചയുള്ളതായി സര്‍വകലാശാല സിന്‍ഡിക്കേറ്റ് കണ്ടെത്തിയ സാഹചര്യത്തില്‍ അവരുടെ രാജിയാണ് അക്കാദമിക്കു നല്ലതെന്നും നാരായണനെ കോടിയേരി അറിയിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് അക്കാദമി ഭരണസമിതിയെ സംരക്ഷിക്കാനാകില്ല. വന്‍പ്രക്ഷോഭങ്ങള്‍ക്കോ രാഷ്ട്രീയമുതലെടുപ്പിനോ ഇടകൊടുക്കാതെ രമ്യമായ പ്രശ്‌നപരിഹാരത്തിനു ലക്ഷ്മിയുടെ രാജിയാണു നല്ലതെന്നു കോടിയേരി ചൂണ്ടിക്കാട്ടി. എന്നാല്‍, രാജിയൊഴികെയുള്ള പ്രശ്‌നപരിഹാര ഫോര്‍മുലകള്‍ അംഗീകരിക്കാമെന്നും പ്രിന്‍സിപ്പലിനെ രാഷ്ട്രീയമുതലെടുപ്പിന്റെ ഇരയാക്കരുതെന്നും ഡയറക്ടര്‍ വാദിച്ചു.
സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നായിരുന്നു ചര്‍ച്ചയില്‍ മാനേജ്‌മെന്റിന്റെ നിലപാട്.
പ്രിന്‍സിപ്പലിനോട് രാജിവെയ്ക്കണമെന്നോ മാറിനില്‍ക്കണമെന്നോ പറയാനാവില്ല. അങ്ങനെ നിര്‍ദ്ദേശിച്ചാലും കോടതിയില്‍നിന്ന് അനുകൂല വിധി ലഭിക്കുമെന്നാണ് നിയമോപദേശമെന്നും മാനേജ്‌മെന്റ് വാദിച്ചു. പ്രിന്‍സിപ്പല്‍ ജോലി ലക്ഷ്മി നായരുടെ ജീവനോപാധിയാണെന്നും രാജിവെയ്ക്കണമെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ലെന്നുമാണ് ചര്‍ച്ചയ്ക്കു ശേഷം നാഗരാജന്‍ പ്രതികരിച്ചത്.മുക്കാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം പുറത്തെത്തിയ നാരായണന്‍നായരും നാഗരാജ് നാരായണനും മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയാറായില്ല. എന്നാല്‍, പ്രശ്‌നത്തില്‍ പാര്‍ട്ടിയുടെ ഏതു തീരുമാനവും അംഗീകരിക്കുമെന്നു കോലിയക്കോട് കൃഷ്ണന്‍നായര്‍ പിന്നീടു വ്യക്തമാക്കി. പാര്‍ട്ടിയുടെ തീരുമാനം തന്റേതുമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്നും കോളജ് രണ്ടുദിവസത്തിനുള്ളില്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം പ്രതികരിച്ചു. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. രാജിയില്ലെന്നു ലക്ഷ്മിനായര്‍ പ്രഖ്യാപിച്ചതോടെ സമരം കൂടുതല്‍ ശക്തമാക്കാനാണു മുഴുവന്‍ വിദ്യാര്‍ത്ഥിസംഘനകളുടെയും ബിജെപിയുടെയും തീരുമാനം.