വിട്ടുവീഴ്ച്ചയില്ലാതെ വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും ലക്ഷ്മിനായരെ പിന്തുണച്ച് സര്‍ക്കാരും; നാളെ തുറക്കുന്ന ലോ അക്കാദമി സംഘര്‍ഷഭരിതമാകും

തിരുവനന്തപുരം: ലോ അക്കാദമി സമരം ഇന്നലത്തെ ചര്‍ച്ചയോടെ അവസാനിക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ പക്ഷെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പ്രശ്‌നം കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. ഇതോടെ തിങ്കളാഴ്ച്ച മുതല്‍ ക്ലാസ് തുടങ്ങുമെന്ന് മാനേജ്‌മെന്റും സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികളും പ്രഖ്യാപിച്ചു. തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറുമെന്ന് പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.

സമരത്തോടൊപ്പമാണ് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുമെന്ന് വിദ്യാര്‍ത്ഥി ഐക്യം അവകാശപ്പെടുന്നുണ്ടെങ്കിലും എസ് എഫ് ഐയുടെ പ്രസ്റ്റിജീ പ്രശ്‌നമായതിനാല്‍ പരമാവധി വിദ്യാര്‍ത്ഥികളെ ക്ലാസിലെത്തിക്കാനായിരിക്കും ഇവര്‍ ശ്രമിക്കുക. ഇത് തടയാന്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ശ്രമിച്ചാല്‍ ലോ അക്കാദമി പരിസരം സംഘര്‍ഷഭരിതമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മിനായരുടെ രാജിയില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിന് ഇല്ലെന്ന് എസ്എഫ്ഐ ഒഴികെ സംഘടനകള്‍ നിലപാടെടുത്തതോടെ ചര്‍ച്ച വഴിമുട്ടി. ലക്ഷ്മിനായര്‍ മാറിനില്‍ക്കുമെന്നും പകരം പ്രിന്‍സിപ്പലിനെ നിയമിക്കുമെന്നുമുള്ള മാനേജ്മെന്റിന്റെ ഉറപ്പ് അംഗീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയാറായില്ല. മാറി നില്‍ക്കുകയല്ല വേണ്ടതെന്നും രാജിവയ്ക്കുകയോ പുറത്താക്കുകയോ ആണ് വേണ്ടതെന്ന് കുട്ടികളും പറയുന്നു. ഇതിനിടെ അക്കാദമി മാനേജ്മെന്റിനെ വെട്ടിലാക്കി ട്രസ്റ്റ് ചെയര്‍മാന്‍ അയ്യപ്പന്‍പിള്ള രാജിഭീഷണി മുഴക്കുകയും ചെയ്തു.

തിങ്കളാഴ്ച മുതല്‍ തങ്ങള്‍ സമരം പിന്‍വലിക്കുകയാണെന്ന് ചര്‍ച്ചയ്ക്കു ശേഷം എസ്എഫ്ഐ വ്യക്തമാക്കിയപ്പോള്‍, സമരം ശക്തമാക്കുകയാണെന്നും തിങ്കളാഴ്ച പ്രത്യേക സിന്‍ഡിക്കറ്റ് യോഗസ്ഥലത്തേക്ക് മാര്‍ച്ച് നടത്തുമെന്നും കെഎസ്യു അറിയിച്ചു. മന്ത്രിതല ചര്‍ച്ച വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഇന്നലെ മൂന്നിന് മന്ത്രി സി. രവീന്ദ്രനാഥ് എല്ലാവരെയും ചര്‍ച്ചയ്ക്കു വിളിച്ചത്. മാനേജ്മെന്റ് പ്രതിനിധികളും സമരം ചെയ്തിരുന്ന എല്ലാ സംഘടനകളുടെ പ്രതിനിധികളും എത്തി. ലക്ഷ്മിനായര്‍ രാജിവയ്ക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു എസ്എഫ്ഐ ഒഴികെയുള്ള സംഘടനകള്‍. എന്നാല്‍ രാജിവയ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും അതു തീരുമാനിക്കേണ്ടത് മാനേജ്മെന്റാണെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെയാണ് പ്രശ്ന പരിഹാരം അസാധ്യമായത്.

രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയുടെ അവസാനം മന്ത്രിയും വിദ്യാര്‍ത്ഥികളും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. മാനേജ്‌മെന്റ് നിലപാട് അംഗീകരിച്ച് സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവര്‍ത്തിച്ചാവശ്യപ്പെട്ടു. മാനേജ്‌മെന്റ് നിലപാട് ആവര്‍ത്തിക്കാതെ പ്രിന്‍സിപ്പല്‍ രാജിവെയ്ക്കണമെന്ന ആവശ്യം മന്ത്രി മാനേജ്‌മെന്റിനുമുന്നില്‍ വെയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും പറഞ്ഞു. ഇതേത്തുടര്‍ന്ന് മന്ത്രി അല്പം ക്ഷുഭിതനായി ചര്‍ച്ച അവസാനിപ്പിച്ച് വേദിവിട്ടു.

പ്രശ്ന പരിഹാരം നീളുന്നത് ഇടതുമുന്നണിയെയും സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കുകയാണ്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ വിദ്യാര്‍ത്ഥിസംഘടന അടക്കം സമരരംഗത്ത് ഉറച്ചുനില്‍ക്കുന്നതും എസ്.എഫ്.ഐ ഏകപക്ഷീയമായി ഒത്തുതീര്‍പ്പ് ധാരണയുണ്ടാക്കി പിന്മാറിയെന്ന ആക്ഷേപം സൃഷ്ടിച്ച നാണക്കേടും പ്രതിരോധത്തിലാക്കിയതിന് പിന്നാലെ, ഇപ്പോള്‍ ഭൂമിപ്രശ്നവും ഇടതുപക്ഷത്തിന് വെല്ലുവിളിയാകുന്നു. വി എസ് അച്യൂതാനന്ദനും സിപിഐയും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഇതും വിദ്യാര്‍ത്ഥി സമരത്തിന് കരുത്ത് പകരുന്നു. നാളെത്തെ സ്ഥിതിഗതികള്‍ കൈവിട്ടുപോയാല്‍ സംഘര്‍ഷം വ്യാപിക്കുകയും ചെയ്താല്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇത് പരാമവധി മുതലാക്കാന്‍ ശ്രമിക്കും. ഇത് ഇടതുമുന്നണി സര്‍ക്കാരിനെയാണ് കൂടുതല്‍ പ്രതിരോധത്തിലാക്കുക. അത് കൊണ്ട തന്നെ നാളെ സമരക്കാര്‍ക്കും സര്‍ക്കാരിനും മാനേജ്‌മെന്റിനും നിര്‍ണ്ണായകം തന്നെയാണ്.

Top