തിരുവനന്തപുരം: ലോ അക്കാദമി ഭൂമിയുടെ മേല്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം ഒരു കരക്കെത്തിക്കും എന്ന വാശിയിലാണ് സിപിഐ. ഭൂമി പ്രശ്‌നത്തില്‍ നിയമ നടപടി എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.നഇന്നു കൊല്ലത്തു ചേരുന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതി ഈ പ്രശ്‌നം ചര്‍ച്ച ചെയ്തു കടുപ്പിക്കുമെന്നാണു സൂചന.
അക്കാദമി ബൈലോ തിരുത്തി കുടുംബസ്വത്താക്കി ഉപയോഗിക്കുകായണെന്ന ആരോപണം ശക്തമാണ്. 51 അംഗങ്ങളുണ്ടായിരുന്ന ഭരണ സമിതിയാണ് ആദ്യം നിലവിലുണ്ടായിരുന്നത്. അത് പല കാലങ്ങളിലായി തിരുത്തിയത് ഭരണ സമിതയിലാരും അറിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രതിനിധിയില്ലാത്ത ഒന്‍പതംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഇപ്പോള്‍ ഭരിക്കുന്നത്. ആജീവനാന്തം കുടുംബ ഭരണ സമിതിയ്ക്ക് തുടരാന്‍ കഴിയുന്ന രീതിയിലാണ് നിയമാവലി തിരുത്തിയത്.
ലോ അക്കാദമി സമരത്തില്‍ സിപിഎമ്മിനോടുള്ള അഭിപ്രായഭിന്നതയാണ് സിപിഐ വിഷയം കടുപ്പിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍. പാര്‍ട്ടി മുഖപത്രത്തിന്റെ മുഖപ്രസംഗത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്. ‘മുഷ്‌ക്കില്ലാതെയും അവധാനതയോടെയും ഉത്തരവാദപ്പെട്ടവര്‍ സമീപിച്ചിരുന്നുവെങ്കില്‍ എത്രയോ നേരത്തേ തീരുന്നതായിരുന്നു ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം. സമരത്തെ പൊളിക്കാനും ഒറ്റുകൊടുക്കാനുമുള്ള ശ്രമങ്ങള്‍ അകത്തു നിന്നും പുറത്തുനിന്നുമുണ്ടായി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമെന്നു പരസ്യമായി സമ്മതിക്കുമ്പോഴും മാനേജ്‌മെന്റിന്റെ പിണിയാളുകളായി ഉത്തരവാദപ്പെട്ട ചിലരെങ്കിലും പ്രവര്‍ത്തിച്ച അനുഭവവും ഈ സമരമുഖത്തു കാണാനായി’- സിപിഎമ്മിനെയും വിദ്യാഭ്യാസമന്ത്രിയെയും എസ്എഫ്‌ഐയെ യുമാണു സിപിഐ ഉന്നമിടുന്നത്.
സമരം തീര്‍ന്നതിനെക്കുറിച്ചു പാര്‍ട്ടി പത്രങ്ങള്‍ നല്‍കിയ തലക്കെട്ടുകളും ഇക്കാര്യത്തില്‍ ഇടതുമുന്നണിയിലെ രണ്ടു കക്ഷികള്‍ എത്ര വിരുദ്ധ ധ്രുവങ്ങളിലാണ് എന്നു വ്യക്തമാക്കുന്നതായി. ‘ഐതിഹാസിക വിജയം’ എന്നു ജനയുഗം അവകാശപ്പെട്ടപ്പോള്‍, ‘സമരം നീട്ടിയവര്‍ തടിയൂരി’ എന്നാണു ‘ദേശാഭിമാനി വിശേഷിപ്പിച്ചത്. കോടിയേരി ബാലകൃഷ്ണനും പന്ന്യന്‍ രവീന്ദ്രനും തമ്മില്‍ ഇതുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളില്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു സിപിഐക്കുള്ള പൊതു അഭിപ്രായവ്യത്യാസങ്ങളും കാര്യമായി കടന്നു വന്നിരുന്നു. നിര്‍വാഹക സമിതിയില്‍ ഇതെല്ലാം അലയടിച്ചേക്കും.