തിരുവനന്തപുരം: ഐതിഹാസിക സരമത്തെത്തുടര്‍ന്ന് പുറത്ത് വന്ന ലോ അക്കാദമിയിലെ ഞെട്ടിക്കുന്ന ക്രമക്കേടുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇപ്പോള്‍ ലോ അക്കാദമിക്കെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷത്തെത്തുടര്‍ന്ന് പുറത്ത് വന്ന പ്രശ്‌നങ്ങളിന്‍മേലാണ് നിയമ നടപടികള്‍ ആരംഭിച്ചത്. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കണമെന്ന് റവന്യു വകുപ്പ് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് ജല അതോറിട്ടിയുടെ ഭൂമിയിലും സര്‍ക്കാര്‍ പുറമ്പോക്കിലുമായി അക്കാഡമി നിര്‍മ്മിച്ച പ്രധാന കവാടവും മതിലും മാനേജ്‌മെന്റ് പൊളിച്ചു നീക്കി. സര്‍വെ നമ്പര്‍ 726ലെ 28 സെന്റാണ് റവന്യു വകുപ്പ് ആദ്യം നോട്ടമിട്ടത്.
ജല അതോറിട്ടിയുടെ ഭൂമിയിലേക്കുള്ള വഴിയും ബേസിക് ടാക്‌സ് രജിസ്റ്റര്‍ (ബി.ടി.ആര്‍) പ്രകാരം പൈപ്പ് ലൈന്‍ കടന്നു പോകുന്ന വഴിയിലുമാണ് ലാ അക്കാഡമിയിലേക്കുള്ള പ്രധാന കവാടവും റോഡും പണിതിരിക്കുന്നതെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുവഴിയായ ഇവിടെ ലാ അക്കാഡമിക്കായി ഒരു ഘട്ടത്തിലും പതിച്ചു നല്‍കിയിരുന്നുമില്ല.
സര്‍ക്കാര്‍ഭൂമിയിലാണ് ലാ അക്കാഡമിയുടെ പ്രധാന കവാടവും മതിലും നിര്‍മ്മിച്ചിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അക്കാഡമി കാമ്പസിനകത്തെ കെട്ടിടങ്ങളില്‍ സഹകരണ ബാങ്ക്, ഹോട്ടല്‍ എന്നിവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിശദീകരിക്കാനും അക്കാഡമിയോട് റവന്യൂ വകുപ്പ് നിര്‍ദേശിച്ചിരുന്നു.