നിലപാട് കടുപ്പിച്ച് വി.എസ് .ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഉടന്‍ മാറ്റും..

തിരുവനന്തപുരം : ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടു കടുപ്പിച്ചതോടെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റിയേക്കുമെന്നു സൂചന. ലക്ഷ്മി നായരെ മാറ്റിനിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ടെന്നു ഡയറക്ടര്‍ നാരായണന്‍ നായര്‍ പറഞ്ഞു. കോളജ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നതിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ലക്ഷ്മി നായരുടെ പിതാവു കൂടിയായ നാരായണന്‍ നായര്‍.

യോഗത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. ഓരോ സംഘടനയുടെയും രണ്ടു വീതം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും അദ്ദേഹം അറിയിച്ചു.പ്രശ്നപരിഹാരം ഉടനുണ്ടാകണമെന്നു സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
അതേസമയം ലോ അക്കാദമി പ്രശ്‌നത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് വി.എസ് അച്യുതാനന്ദന്‍.വിദ്യാര്‍ഥിസമരത്തിന് ഉടന്‍ പരിഹാരം കാണണമെന്നു വി.എസ്. അച്യുതാനന്ദനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലോ അക്കാദമി അധികമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ഭൂമിയുടെ വിനിയോഗം പരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ്, റവന്യു മന്ത്രിക്ക് കത്ത് നല്‍കി. ഭൂമി ഏറ്റെടുക്കാന്‍ പരാതി ലഭിച്ചിട്ടില്ലെന്ന റവന്യു മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വി.എസ് കത്തെഴുതിയത്.vs-1 1968ല്‍ പതിനൊന്ന് ഏക്കര്‍ ഭൂമിയാണ് ലോ അക്കാദമിക്ക് വേണ്ടി സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍ അക്കാദമിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ മൂന്ന് ഏക്കര്‍ ഒഴിവാക്കി ബാക്കി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് വി.എസിന്റെ ആവശ്യം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നല്‍കിയ ഭൂമി വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് വി.എസിന്റെ ആവശ്യം. സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുമായി ചേര്‍ന്ന് ഫ്‌ളാറ്റുണ്ടാക്കി വില്‍ക്കുന്നത് ശരിയാണോയെന്നും വി.എസ് ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോ അക്കാദമിയിലേത് വിദ്യാര്‍ത്ഥി പ്രശ്‌നം മാത്രമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ നിലപാടും വി.എസ് തള്ളി. വിഷയം പൊതുപ്രശ്‌നമാണ്. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ മാനേജ്‌മെന്റിന് കീഴടങ്ങരുതെന്നും വി.എസ് പ്രസ്താവിച്ചിരുന്നു. നേരത്തെ സമര പന്തല്‍ സന്ദര്‍ശിച്ച് വി.എസ്, വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അധിക ഭൂമി ഏറ്റെടുക്കുകയും ലക്ഷ്മി നായര്‍ക്കെതിരായ ക്രിമിനല്‍ സ്വാഭവമുള്ള ആരോപണങ്ങളില്‍ കേസെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്കു നീതി കിട്ടിയില്ലെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നിട്ടുണ്ട്.

അതേസമയം, വിദ്യാര്‍ഥി സമരത്തെ പിന്തുണച്ചു നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് വി. മുരളീധരന്റെ ആരോഗ്യനില മോശമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. സമരം ചെയ്യുന്ന എെഎവൈഎഫിനു സിപിഐ ജില്ലാ കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് കെ. മുരളീധരന്‍ എംഎല്‍എയും പ്രഖ്യാപിച്ചിട്ടുണ്ട്.

Top