എസ്എഫ്‌ഐയെ തള്ളി മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍; ലക്ഷ്മി നായര്‍ രാജിവെക്കും വരെ സമരവുമായി മുന്നോട്ട്

തിരുവനന്തപുരം :ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞൊരു പരിഹാരമില്ലെന്ന് പ്രഖ്യാപിച്ച് എസ്എഫ്‌ഐ ഒഴിച്ചുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി മുന്നോട്ട്. ലോ അക്കാദമിയില്‍ സംയുക്ത വിദ്യാര്‍ത്ഥി സമരം തുടങ്ങിയതിന് ശേഷം സമരത്തിലേക്ക് എത്തിയ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി സമൂഹത്തെ വഞ്ചിച്ചുവെന്ന് എഐഎസ്എഫ് ആരോപിച്ചു. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതല്ല, രാജിവെക്കണമെന്നതാണ് വിദ്യാര്‍ത്ഥി ഐക്യം ആവശ്യപ്പെട്ടതെന്ന് എഐഎസ്എഫും കെഎസ്‌യുവും പ്രതികരിച്ചു.
രാജി ആവശ്യത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തെ പ്രിന്‍സിപ്പാളിന്റെ ഒഴിവാക്കലെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയിലേക്ക് എസ്എഫ്‌ഐ മലക്കം മറിഞ്ഞുവെന്നും മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു. സംസ്ഥാനവ്യാപകമായി സമരം വ്യാപിപ്പിക്കുമെന്ന് കെഎസ് യു. കെഎസ് യുവും എഐഎസ്എഫും അടക്കം വിദ്യാര്‍ത്ഥി സംഘടനകളാണ് സംയുക്ത വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിച്ചതെന്നും ഇതിനിടയിലേക്ക് പാതിയില്‍ വന്നു കയറിയ എസ്എഫ്‌ഐ എന്തധികാരത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് അറിയില്ലെന്നായിരുന്നു സമരമുഖത്തുള്ള എഐഎസ്എഫ് പ്രതിനിധിയുടെ പ്രതികരണം.
എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചത് കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ബിജെപിയും പ്രഖ്യാപിച്ചു. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം അവസാനിപ്പിക്കുന്നത് വരെ ബിജെപിയും സമരത്തിന് പിന്തുണ നല്‍കുമെന്ന് ഉപവാസ സമരം നടത്തുന്ന വി മുരളീധരന്‍ പ്രതികരിച്ചു.
അഞ്ച് വര്‍ഷത്തേക്ക് പ്രിന്‍സിപ്പാളിന്റെ ചുമതലയില്‍ നിന്ന് ലക്ഷ്മി നായരെ നീക്കുകയാണ് ചെയ്തതെന്നും പകരം വൈസ് പ്രിന്‍സിപ്പാള്‍ മാധവന്‍ കുട്ടി പ്രിന്‍സിപ്പാളിന്റെ ചുമതല വഹിക്കുമെന്നുമാണ് മാനേജ്‌മെന്റ് പറഞ്ഞത്. ലക്ഷ്മി നായര്‍ രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ പറഞ്ഞു. എസ്എഫ്‌ഐ ലക്ഷ്മി നായര്‍ ഒഴിയുന്ന കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ വാര്‍ത്താ സമ്മേളനം നടന്നത്. അഞ്ച് വര്‍ഷത്തേക്ക് ഫാക്കല്‍റ്റിയായി പോലും ലക്ഷ്മി നായര്‍ ക്യാമ്പസില്‍ പ്രവേശിക്കില്ലെന്നായിരുന്നു എസ്എഫ്‌ഐ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ക്യാമ്പസില്‍  പ്രവേശിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

Top