
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് വിദ്യാര്‍ഥികളുടെ സമരത്തിന് ശുഭകരമായ പര്യവസാനം. വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും എക്കാലത്തേയ്ക്കും പുറത്താക്കി എന്ന കരാറാണ് ഉണ്ടായിരിക്കുന്നത്. പുതിയ കരാറിന് വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പും ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തില്‍ കരാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഇടപെടാമെന്നതാണ് മന്ത്രിയുടെ ഉറപ്പ്. സമരം 29-ാം ദിവസത്തിലേക്കു കടന്നതോടെയാണ് വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വീണ്ടും തയാറായത്.
ലക്ഷ്മി നായര്‍ സ്ഥാനമൊഴിഞ്ഞതിന്റെ രേഖ കാണിക്കണം, ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പ് ലഭിക്കണം, കോളേജിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു. ലക്ഷ്മി നായര്‍ക്കെതിരായ ജാതി അധിക്ഷേപം അടക്കമുള്ള ആരോപണങ്ങളില്‍ നടപടിയുമായി മുന്നോട്ടു പോകണമെന്നും വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ലക്ഷ്മി നായരെ എന്തുകൊണ്ട് മാറ്റുന്നു എന്ന കാര്യം യോഗത്തിന്റെ മിനിട്സില്‍ ഉള്‍പ്പെടുത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, ലോ അക്കാദമി പ്രവര്‍ത്തിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. വിദ്യാര്‍ഥികളുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമല്ലാത്തതിനാലാണ് വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാതിരുന്നത്.
വിദ്യാര്‍ഥി സമരത്തില്‍ സമവായമുണ്ടാക്കുന്നതിന് സിപിഐ നേതാക്കളായ കാനം രാജേന്ദ്രനും വിഎസ് സുനില്‍കുമാറും വിദ്യാര്‍ഥികളുടെ ഐക്യ സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. രാജി എന്ന വാക്കില്‍ പിടിച്ചു തൂങ്ങേണ്ടതില്ലെന്നും ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ദീര്‍ഘനാളത്തേയ്ക്ക് മാറ്റിനിര്‍ത്തി, യോഗ്യതയുള്ള ആളെ നിയമിക്കുക എന്ന നിലപാട് സ്വീകരിക്കാനും വിദ്യാര്‍ഥി ഇരുവരും വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് രാജി എന്ന ആവശ്യം മയപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ തയ്യാറായത്.
ഒരു മാസത്തോളമായി തുടരുന്ന വിദ്യാര്‍ഥി സമരം കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ അക്രമാസക്തമാകുകയും ആത്മഹത്യാ ഭീഷണി അടക്കമുള്ളവയിലേയ്ക്ക് നീങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമവായമുണ്ടാക്കുന്നതിന് സിപിഐ വിഷയത്തില്‍ ഇടപെട്ടത്.
ലോ അക്കാദമിയില്‍ പുതി പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് മാനേജ്മെന്റ് ഇന്നത്തെ പത്രങ്ങളില്‍ പരസ്യം നല്കയിരുന്നു. പ്രിന്‍സിപ്പലായി നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി വ്യക്തമാക്കിക്കൊണ്ടുള്ള പരസ്യത്തില്‍, ഫെബ്രുവരി 18 ന് മുഖാമുഖം നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനം വിദ്യാര്‍ഥികളുടെ സമരത്തിന്റെ വിജയമാണെന്ന് വിഎസ് അനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.