ലോ അക്കാദമി: ഉപസമിതി റിപ്പോര്‍ട്ട്‌ ഇന്ന്‌ . ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് സമിതി കണ്ടെത്തിയതായാണ് സൂചന

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് നിയോഗിച്ച കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോളജ് മാനേജ്മെന്റിനെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് സമിതി കണ്ടെത്തിയതായാണ് സൂചന. ഉപസമതി കോളജില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും മാനേജ്‌മെന്‍റിന്‍റെയും വാദങ്ങള്‍ കേട്ടിരുന്നു.പ്രിന്‍സിപ്പാളിന്റെ അഭിപ്രായവും ഉപസമിതി കേട്ടിരുന്നു. തുടര്‍ന്ന്‌ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്‌ സമിതി ഇന്നലെ സര്‍വ്വകലാശാലയ്ക്ക്‌ കൈമാറിയത്‌. ഒമ്പതംഗ സമിതിയാണ്‌ അന്വേഷത്തിനെത്തിയത്‌.
വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളില്‍ കഴമ്പുണ്ടെന്ന്‌ സമിതി കണ്ടെത്തിയതായാണ്‌ അറിവ്‌. സര്‍വ്വവകലാശാല ചട്ടങ്ങള്‍ക്കും യുജിസി വ്യവസ്ഥകള്‍ക്കും വിരുദ്ധമായ കാര്യങ്ങള്‍ അക്കാദമിയില്‍ നടന്നിട്ടുണ്ടെന്നും ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വാസ്തവമാണെന്നും സമിതി കണ്ടെത്തിയതായാണ്‌ വിവരം. ലേഡീസ്‌ ഹോസ്റ്റലില്‍ കുട്ടികളുടെ സ്വകാര്യതയ്ക്ക്‌ വിരുദ്ധമായ കാര്യങ്ങള്‍ നടന്നുവെന്നുള്ള ആരോപണവും സത്യമാണെന്ന്‌ സമിതി കണ്ടെത്തിയിട്ടുണ്ട്‌.
എന്നാല്‍ സമിതി കൃത്യമായ നിലപാട്‌ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക്‌ സംശയമുണ്ട്‌ എന്നാണ്‌ സമരം ചെയ്യുന്ന എഐഎസഎഫ്‌ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നത്‌. ഏകപക്ഷീയമായാണ്‌ സമിതി പരാതികള്‍ കേട്ടതെന്നും മുഴുവന്‍ കുട്ടികള്‍ക്കും പരാതി നല്‍കാനുള്ള അവസരം സമിതി നല്‍കിയില്ല എന്നും അന്വേഷത്തിന്റെ ആദ്യ ദിവസം മുതല്‍ പരാതികള്‍ ഉയര്‍ന്നിരുന്നു.പ്രിന്‍സിപ്പാളിനെതിരെ ശക്തമായ തെളിവുകളാണ്‌ കുട്ടികള്‍ നല്‍കിയിരുന്നത്‌. കുട്ടികളെ ജാതി പറഞ്ഞ്‌ ആക്ഷേപിക്കുന്ന തരത്തില്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.
അതേസമയം പ്രിന്‍സിപ്പാളിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം തുടരുകയാണ്‌. സമരം ഇന്ന്‌ 18-ാ‍ം ദിവസത്തിലേക്ക്‌ കടന്നു. കോളജില്‍ സമരം അവസാനിപ്പിക്കുവാന്‍ വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥി സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പ്രിന്‍സിപ്പാല്‍ രാജി വെക്കാതെ സമരത്തില്‍ നിന്ന്‌ പിന്നോട്ട്‌ പോകാനില്ലെന്ന ഉറച്ച നിലപാടാണ്‌ വിദ്യാര്‍ഥി സംഘടനകള്‍ സ്വീകരിച്ചത്‌. മാത്രവുമല്ല സമരത്തിന്‌ നേതൃത്വം കൊടുക്കുന്ന എഐഎസ്‌എഫ്‌ സെക്രട്ടേറിയേറ്റ്‌ മാര്‍ച്ച്‌ ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി രംഗത്തെത്തുകയും ചെയ്തു.സര്‍ക്കാര്‍ നിലപാട്‌ അംഗീകരിക്കാന്‍ കഴിയില്ല: എഐഎസ്‌എഫ്‌
അതേസമയം   ലോ അക്കാദമി ലോ കോളജില്‍ വിദ്യാര്‍ഥി ചൂഷണത്തിനും വംശീയ അധിക്ഷേപത്തിനുമെതിരെ 17 ദിവസമായി വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരത്തെ കണ്ടില്ലെന്ന്‌ നടിക്കുന്ന സര്‍ക്കാര്‍ നിലപാട്‌ അംഗീകരിക്കാനാവില്ലെന്ന്‌ എഐഎസ്‌എഫ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവിച്ചു.
ജാതിപ്പേര്‌ വിളിച്ച്‌ ആക്ഷേപിക്കുകയും, വിദ്യാര്‍ഥിനികളെ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്ത്‌ അറസ്റ്റ്‌ ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്‌ എന്താണ്‌ മടിയെന്ന്‌ എഐഎസ്‌എഫ്‌ ചോദിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭം ജനകീയമായി വളരുമ്പോഴും മുഖ്യമന്ത്രിയുടെ മൗനം ജനകീയ സര്‍ക്കാരിന്‌ നിരക്കുന്നതല്ല. നിയമഗവേഷണ കേന്ദ്രത്തിനായി വിട്ടുനല്‍കിയ ഭൂമിയില്‍ ചട്ടവിരുദ്ധമായി ഫ്ലാറ്റ്‌ കച്ചവടം നടക്കുമ്പോഴും നടപടിയെടുക്കാത്തത്‌ അംഗീകരിക്കാന്‍ കഴിയില്ല.ഈ വിഷയം ഉന്നയിച്ച്‌ സെക്രട്ടേറിയറ്റ്‌ മാര്‍ച്ച്‌ നടത്തിയ എഐഎസ്‌എഫ്‌ സംസ്ഥാന നേതാക്കളെയടക്കം തല്ലിച്ചതച്ച പൊലീസ്‌ നടപടി കേരളമെമ്പാടും പ്രതിഷേധമുയര്‍ത്തുമെന്ന്‌ എഐഎസ്‌എഫ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയില്‍ അറിയിച്ചു.

Top