
തിരുവനന്തപുരം:ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ഥികളുടെ സമരം പൊതുപ്രശ്നമെന്നും നിലപാട് ശരിയല്ലെന്നും കോടിയേരിക്കു വിഎസിന്റെ മറുപടി. വിദ്യാര്‍ഥികളുടെ സമരം പൊതുപ്രശ്നമാണ്. അധികഭൂമി ഏറ്റെടുക്കുകതന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാര്‍ഥി സമരമാണെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണ് വിഎസ് നല്‍കിയത്. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ കീഴടങ്ങരുത്. അങ്ങനെ സംഭവിച്ചാല്‍ സമരങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോ അക്കാദമി ലോ കോളജിന്റെ ഭൂമിയുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ റവന്യു വകുപ്പിനു ലഭിച്ചിട്ടില്ലെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും പ്രഥമ പരിഗണന അവിടുത്തെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോ അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് വിഎസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.