തിരുവനന്തപുരം: നികൃഷ്ടജീവിയെന്ന പദം ചേരുന്നത് വെള്ളാപ്പള്ളിക്കാണെന്ന് വിഎം സുധീരന്‍. തുടക്കം മുതല്‍ വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന വിഎം സുധീരന്‍ കടുത്ത ഭാഷയിലാണ് നികൃഷ്ടജീവി പ്രയോഗത്തിന് മറുപടി നല്‍കിയത്. ബിജെപിയും വെള്ളാപ്പള്ളിയും കൈകോര്‍ത്തുള്ള മൂന്നാം ചേരിക്കെതിരെ കോണ്‍ഗ്രസ് ക്യാംപില്‍ നിന്ന് ഇന്ന് കൂടുതല്‍ ശക്തമായ പ്രതികരണങ്ങളുയര്‍ന്നു. ഗുരുവിന്റെ മണ്ണില്‍ മതവിദ്വേഷം വളര്‍ത്തുന്നവരെ തോല്‍പ്പിക്കണമെന്ന് എ കെ ആന്റണി ആവശ്യപ്പെട്ടു.
സുധീരനും രമേശ് ചെന്നിത്തലയും ലീഗും മൂന്നാം ചേരിക്കെതിരെ പ്രതിരോധം തീര്‍ക്കുമ്പോഴും മുഖ്യമന്ത്രിയടക്കമുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും മറ്റ് കക്ഷികളും സ്വീകരിക്കുന്നത് മൃദുസമീപനം. മൂന്നാം ചേരി സിപിഎമ്മിന്റെ വോട്ടാണ് ചോര്‍ത്തുകയെന്നാണ് ഇവരുടെ വിലയിരുത്തല്‍. ന്യൂനപക്ഷവോട്ടുകള്‍ ഒന്നുകൂടി ഉറപ്പിക്കാനും ഇത് വഴി കഴിയുമെന്നുമാണ് കണക്ക് കൂട്ടല്‍.
അതേസമയം അപായം മണത്ത സിപിഎം മറുതന്ത്രവും പ്രതിരോധവും ശക്തമാക്കി. മൂന്നാം ചേരിയെ നേരിടാന്‍ പുതിയ വിശാലഐക്യത്തിനായുള്ള അടവുനയത്തിനാണ് സിപിഎം ഒരുങ്ങുന്നത്. മൂന്നാം ചേരിയെ നേരിടാന്‍ യുഡിഎഫിനെയും ബിജെപിയെയും എതിര്‍ക്കുന്ന ആരുമായും കൈകോര്‍ക്കുമെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നാം ചേരി യുഡിഎഫിന് ദോഷം ചെയ്യില്ലെന്ന ആന്റണിയുടെ പ്രസ്താവന സ്വാര്‍ത്ഥത മൂലമാണെന്ന് വിഎസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.