![](https://dailyindianherald.com/wp-content/uploads/2019/03/ALG-.png)
തിരുവനന്തപുരം: സിപിഐക്ക് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് സിപിഐഎമ്മും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. ജെഡിഎസ് അടക്കമുളള ഘടകകക്ഷികള്‍ക്കൊന്നും സീറ്റ് കൊടുക്കേണ്ടതില്ല എന്നാണ് സിപിഐഎമ്മിനകത്തുളള പ്രാഥമികമായ ധാരണ.
2014ല്‍ കോട്ടയത്ത് നിന്നും മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് നല്‍കിയേക്കില്ല. കോട്ടയത്ത് സിപിഐഎം സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ തവണ ജെഡിഎസിന് സീറ്റ് നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണ് എന്നാണ് സിപിഐഎം ന്യായം. എന്നാല്‍ പത്തനംതിട്ട സീറ്റ് ഘടക കക്ഷികള്‍ക്കായി മാറ്റി വെയ്ക്കണോ എന്ന കാര്യം സിപിഐഎമ്മിന്റെ പരിഗണനയിലുണ്ട്.
ഇടത് സിറ്റിംഗ് എംപിമാരില്‍ കാസര്‍കോട് നിന്നും മത്സരിച്ച പി കരുണാകരനെ ഇത്തവണ മത്സരിപ്പിക്കില്ല. കെപി സതീഷ് ചന്ദ്രനെ കാസര്‍ഗോഡ് മത്സരിപ്പിക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. വിപിപി മുസ്തഫയെ പരിഗണിച്ചിരുന്നുവെങ്കിലും പെരിയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ കൊലവിളി പ്രസംഗമാണ് വിനയായത്.
ചാലക്കുടി എംപിയായ ഇന്നസെന്റിനെ ഇത്തവണ മത്സരിപ്പിക്കണോ എന്ന വിഷയം സിപിഐഎം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം മറ്റ് സിറ്റിംഗ് എംപിമാര്‍ എല്ലാവരും അതത് സീറ്റുകളില്‍ മത്സരിക്കും. എംബി രാജേഷ് പാലക്കാടും പികെ ബിജു ആലത്തൂരും പികെ ശ്രീമതി കണ്ണൂരും എ സമ്പത്ത് ആറ്റിങ്ങലും തന്നെ ഇത്തവണയും മത്സരിക്കും.