തിരുവനന്തപുരം: നോട്ട് നിരോധനത്തിലൂടെ സാധാരണക്കാരന് ദുരിതം വിതച്ച കേന്ദ്ര നടപടിക്കെതിരെ എല്‍.ഡി.എഫ് തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ അണിനിരന്നത് ലക്ഷങ്ങള്‍. സഹകരണമേഖലയെ സംരക്ഷിക്കുക, സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുക എന്നീ ആവശ്യങ്ങളാണ് മനുഷ്യച്ചങ്ങലയിലൂടെ എല്‍.ഡി.എഫ് ഉന്നയിച്ചത്.തിരുവനന്തപുരം മുതല്‍ കാസര്‍കോഡു വരെ 700 കിലോമീറ്ററില്‍ നടന്ന ചങ്ങലയില്‍ രാജ്ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ കണ്ണിയായി.റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍കോട് അവസാനത്തെ കണ്ണിയുമായി. കേന്ദ്രത്തോടുള്ള അടങ്ങാത്ത പ്രതിഷേധമാണ് മനുഷ്യച്ചങ്ങലയിലൂടെ അലയടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പിണറായി വിജയനൊപ്പം ചങ്ങലയില്‍ അണിനിരന്നു. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് ഇടതുമുന്നണി മനുഷ്യച്ചങ്ങല തീര്‍ത്തത്. മന്ത്രിമാരും ജനപ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു. അശാസ്ത്രീയമായ നോട്ടുനിരോധനം ജനങ്ങളുടെ സാധാരണ ജീവിതത്തെ പിന്നോട്ടടിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സാധാരണ ജനങ്ങള്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ പൈസ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്. സംസ്‌ഥാനത്തു തൊഴില്‍ തേടിയെത്തിയ നല്ലൊരുഭാഗം അന്യസംസ്‌ഥാന തൊഴിലാളികളും തിരികെപ്പോയി. നോട്ടു നിരോധനത്തെ ആരെതിര്‍ത്താലും അവര്‍ക്കു സാമ്പത്തിക ശാസ്ത്രം അറിയില്ലെന്നു പറഞ്ഞു ആര്‍എസ്എസ് ആക്രമിക്കുകയാണ്. സംസ്‌ഥാനം ഏറെ ആദരിക്കുന്ന എം.ടി.വാസുദേവന്‍നായരെപ്പോലും വിമര്‍ശിക്കാന്‍ സംഘപരിവാര്‍ മടികാണിക്കുന്നില്ലെന്നും ഇതിനെതിരേ ശക്‌തമായ പ്രക്ഷോഭം നാട്ടില്‍ ഉയര്‍ന്നുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോട്ടു നിരോധനം പരാജയമാണെന്നു ബോധ്യപ്പെട്ടാല്‍ തന്നെ തൂക്കിക്കൊന്നോളൂവെന്നു പറഞ്ഞ മോദി വിടുവായത്തം പറഞ്ഞു രാജ്യത്തെ ജനങ്ങളെ പറ്റിക്കുകയാണെന്നു മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
കള്ളപ്പണക്കാരെ പിടികൂടാനും തീവ്രവാദപ്രവര്‍ത്തനം തടയാനുമാണു നോട്ടു നിരോധനമെന്നാണു മോദി പറയുന്നത്. എന്നാല്‍, മോദിയുടെ പ്രഖ്യാപനം മുഴുവന്‍ പൊളിയായിരുന്നു. അറുപതോളം തവണ നടപടിക്രമം മാറ്റി. 150 പേരുടെ മരണത്തിനു കാരണമായി നോട്ടു നിരോധന തീരുമാനം. വന്‍ വ്യവസായികളുടെ 40,000 കോടി രൂപ എഴുതിത്തള്ളി. അദാനിക്ക് 6,000 കോടി നല്‍കി. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ശത്രുതയിലാക്കിയിട്ടു “ഭായിയോം ഓര്‍ ബഹനോം’ എന്നു പറയുന്നതില്‍ കാര്യമുണ്ടോ എന്നും വിഎസ് ചോദിച്ചു.
എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍, എ. നീലലോഹിത ദാസന്‍ നാടാര്‍ എന്നിവരും പ്രസംഗിച്ചു. മന്ത്രിമാരായ കെ.കെ. ഷൈലജ, കടകംപള്ളി സുരേന്ദ്രന്‍, സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം എം. വിജയകുമാര്‍, സി ദിവാകരന്‍ എംഎല്‍എ എന്നിവരും ചങ്ങലയില്‍ കണ്ണികളായി.
ഇടതുമുന്നണിയുമായി സഹകരിച്ചു നില്‍ക്കുന്ന ജെഎസ്എസ്, ഐഎന്‍എല്‍, സിഎംപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് –ബി എന്നീ പാര്‍ട്ടികളും മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു.