![](https://dailyindianherald.com/wp-content/uploads/2016/05/pta.jpg)
സ്വന്തം ലേഖകൻ
പത്തനംതിട്ട: പത്തനംതിട്ടയിലെ അഞ്ചിൽ മൂന്നു നിയോജക മണ്ഡലങ്ങളിലും ഇക്കുറിയും ഇടതു സ്ഥാനാർഥികൾ തന്നെ നേട്ടമുണ്ടാക്കാമെന്നു ഇന്റലിജൻസ് റിപ്പോർട്ട്. ആറന്മുളയും, കോന്നിയും യുഡിഎഫ് സിറ്റിങ് എംഎൽഎമാരെ പിൻതുണയ്ക്കുമ്പോൾ, അടൂരും, തിരുവല്ലയും റാന്നിയും ഇടതു സിറ്റിങ് എംഎൽഎമാർക്കൊപ്പം നിൽക്കും.
മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉപേക്ഷിച്ചു പോയ അടൂർ നിയോജക മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തെയാണ് ഒപ്പം കൂട്ടിയത്. ഈ സാഹചര്യം തന്നെയാണ് ഇത്തവണയും അടൂരിൽ വിജയം തന്നെയാണ് ഇടതു പക്ഷം പ്രതീക്ഷിക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം അടൂരിലെ സിറ്റിങ് എംഎൽഎ ചിറ്റയം ഗോപകുമാർ പതിനായിരത്തിലധികം വോട്ടുകൾക്കു വിജയിക്കും. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസിൽ ചേർന്നു കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച കെ.കെ ഷാജുവിനു വൻപരാജയമായിരിക്കുമെന്നും ഇന്റലിജൻസിൽ സൂചനയുണ്ട്. ബിജെപി നേതാവും യുവമോർച്ചാ സംസ്ഥാന പ്രസിഡന്റുമായ പി.സുധീറിനു അടൂരിൽ കാര്യമായ ചലനമുണ്ടാക്കാനാവില്ലെന്നും റിപ്പോർട്ടുണ്ട്.
ഓർത്തഡോക്സ് സഭയുടെ പിൻതുണയോടെ ആറന്മുളയിൽ മത്സരത്തിനിറങ്ങിയ ഇടതു സ്ഥാനാർഥി വീണാ ജോർജിനു കോൺഗ്രസ് സ്ഥാനാർതി കെ.ശിവദാസൻ നായരുടെ ലീഡ് കുറയ്ക്കാൻ മാത്രമേ സാധിക്കൂ എന്നാണ് റിപ്പോർട്ട്. ഇവിടെ ബിജെപി സ്ഥാനാർഥി എം.ടി രമേശ് മുപ്പതിനായിരത്തോളം വോട്ട് പിടിക്കുന്നത് ഇരുമുന്നണികൾക്കും നിർണായകമാകും. റാന്നിയിൽ സിറ്റിങ എംഎൽഎ രാജു എബ്രഹാമിനെതിരെ മറ്റു രണ്ടു മുന്നണികളുടെയും സ്ഥാനാർഥിയായി മത്സരിക്കുന്നവർക്കു കാരമയായ ചലനമുണ്ടാക്കാൻ സാധിക്കില്ല. കോൺഗ്രസ് സ്ഥാനാർഥി മറിയാമ്മ ചെറിയാൻ പതിനയ്യായിരം വോട്ടുകൾ പിന്നിലായിരിക്കുമെന്നും, ബിജെപി സ്ഥാനാർഥിയക്കു വോട്ട് വിഹിതം വർധിപ്പിക്കാൻ സാധിക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.
കോൺഗ്രസിനുള്ളിലെ പ്രതിഷേധങ്ങളും തർക്കങ്ങളുമാണ് തിരുവല്ലയിൽ യുഡിഎഫ് സ്ഥാനാർഥി ജോസഫ് എം.പുതുശേരിക്കു പാരയാകുന്നത്. ഇവിടെ ഇടതു സഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ മാത്യു ടി.തോമസ് ഏഴായിരം വോട്ടിന്റെ ലീഡ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ ശക്തി കേന്ദ്രമാണെങ്കിലും, എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന അക്കിരമൺ കാളിദാസ ഭട്ടതിരിപ്പാടിനു കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കുകയില്ല.