തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് മാധ്യമങ്ങള്‍ക്ക് കോടികളുടെ ചാകര. എല്ലാ മാധ്യമങ്ങള്‍ക്കും കോടികളുടെ പരസ്യം നല്‍കിയതോടെ പിണറായിയുടെ ഭരണ പരാജയത്തെ കുറിച്ച് മാധ്യമങ്ങള്‍ കാര്യമായി മിണ്ടിയില്ല ! ഒരോ ദിവസവും വിവാദങ്ങള്‍ കൊണ്ട് മൂടിയ ഭരണത്തില്‍ കാര്യമായ ഒരു വികസന പ്രവര്‍ത്തനങ്ങളോ നേട്ടമോ കേരളത്തിലുണ്ടായിട്ടില്ല. വന്‍ പ്രതീക്ഷയോടെ പിണറായിയെ പുകഴ്ത്തിയവര്‍ പോലും സര്‍ക്കാര്‍ പരാജയമാണെന്ന് തുറന്ന് പറഞ്ഞു.
കടുത്ത വിമര്‍ശനങ്ങള്‍ മാധ്യമങ്ങളില്‍ നിന്നുണ്ടാകുമെന്ന് മുന്‍ കൂട്ടി കണ്ട സര്‍ക്കാര്‍ പതിവിലും വിപരീതമായി വന്‍ തുക പരസ്യത്തിന് നല്‍കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ലക്ഷകണക്ക് രൂപയുടെ പരസ്യമാണ് മാധ്യമങ്ങല്‍ക്ക് നല്‍കുന്നത്.
മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ മുന്‍ നിര പത്രങ്ങള്‍ക്കായി കോടിക്കണക്കിനു രൂപയുടെ പരസ്യം വാരിക്കോരി നല്‍കിയപ്പോള്‍ രണ്ടാം കിട പത്രങ്ങള്‍ക്ക് വേണ്ടി അരക്കോടിയുടെ അടുത്തു വരുന്ന തുകക്കുള്ള പരസ്യമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്
ഭരണത്തിലേറി ഒരു വര്‍ഷം തികയ്ക്കുമ്പോഴും എടുത്തു പറയത്തക്ക ഒരു നേട്ടവും പിണറായി സര്‍ക്കാരിനു കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. കൈവച്ച മേഖലകളിലെല്ലാം വിവാദങ്ങളും സര്‍ക്കാരിനെ വിടാതെ പിന്‍തുടരുന്നുമുണ്ട്. ഒപ്പം നില്‍ക്കേണ്ട സിപിഐ പോലും തിരിഞ്ഞു കുത്തുന്ന സമയത്ത് ഒന്നാം വാര്‍ഷികം വിവാദത്തില്‍ അകപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് കോടികളുടെ പരസ്യ ഓഫര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതത്രേ.
ചെറികിട പത്രങ്ങളില്‍ പോലും സര്‍ക്കാരിനെതിരെ വാര്‍ത്ത വരാതിരിക്കാന്‍ അതി വിദഗ്ദമായാണ് പരസ്യം വീതിച്ചു നല്‍കിയിരിക്കുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം വരെ വിവാദങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. പിണറായി വിജയന്റെ വിശ്വസ്തനും മന്ത്രി സഭയിലെ രണ്ടാമനുമായിരുന്ന ഇ.പി. ജയരാജന്‍ ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സഭയില്‍ നിന്നും രാജി വച്ചതോടെയാണ് പിണറായി സര്‍ക്കാരിന്റെ കണ്ടക ശനി തുടങ്ങുന്നത്.
പൊലീസ് തലപ്പത്തെ അഴിച്ചു പണിയും സെന്‍കുമാറിനെ പുറത്താക്കലും അടുത്ത വിവാദത്തിനു വഴിതെളിച്ചപ്പോള്‍ ലാവ്ലിന്‍ കേസില്‍ പിണറായിക്ക് വേണ്ടി വാദിക്കാന്‍ മിനിറ്റിനു ലക്ഷങ്ങള്‍ വാങ്ങുന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വയെ എത്തിച്ച് പിണറായി വീണ്ടും വിവാദത്തിലായി. സെന്‍കുമാര്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിവിധി നേടിയതും പൊലീസ് തലപ്പത്ത് തച്ചങ്കരിയും സെന്‍കുമാറും തമ്മില്‍ തല്ലിയതും സര്‍ക്കാരിനെ മൊത്തത്തില്‍ നാണക്കേടുണ്ടാക്കി.
ജിഷ്ണു പ്രണോയ് മരണവും അന്വേഷണത്തില്‍ വന്ന വീഴ്ച്ചകളും സര്‍ക്കാരിന്റെ നില തെറ്റിച്ച സമയത്താണ് ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ആസ്ഥാനത്ത് തല്ലിചതക്കുന്നത്. ഇതിലും തീര്‍ന്നില്ല, ഹണി ട്രാപ്പ് കേസില്‍ എന്‍സിപി മന്ത്രി ശശീന്ദ്രന്‍ രാജി വച്ചതോടെ മന്ത്രി സഭയിലെ രണ്ടാമനും പുറത്ത്. വാര്‍ഷികാഘോഷം നടക്കുമ്പോള്‍ കൃഷി വകുപ്പിന്റെ തലപ്പത്തും തമ്മില്‍ തല്ല്.
ഏല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ഭരണത്തിലേറിയവര്‍ ശരിയായിരുന്നത് പോലും തകരാറിലാക്കിയാണ് ഒന്നാം വര്‍ഷം ആഘോഷിക്കുന്നത്. അത് കൊണ്ട് തന്നെ മുഖം രക്ഷിക്കാന്‍ കോടികളിറക്കാതെ പിണറായി സര്‍ക്കാരിന് രക്ഷയില്ലാത്ത അവസ്ഥാണ്.