ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും; പിണറായിയും കോടിയേരിയും പറയാന്‍ മടിച്ചപ്പോള്‍ പരസ്യ പ്രഖ്യാപനവുമായി സിപിഎം അഖിലേന്ത്യാസെക്രട്ടറി

ന്യൂഡല്‍ഹി: ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ ബാറുകള്‍ അടഞ്ഞ് തന്നെ കിടക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. ബാര്‍ വിഷയത്തില്‍ കേരളത്തിലെ ഇടതു നേതാക്കള്‍ കൃത്യമായ നിലപാട് പ്രഖ്യാപിക്കാതിരിക്കുന്ന സമയത്താണ് യെച്ചൂരി ബാര്‍ വിഷയത്തില്‍ നിലപാട് പരസ്യമാക്കുന്നത്. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കുമെന്ന് യുഡിഎഫ് പ്രചാരണം ശക്തമാകുന്നതിനിടയിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ മറുപടിയുമായി എത്തിയത്.
മദ്യനയത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരികയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. മദ്യത്തിന്റെ ഉപഭോഗം ഇനിയും എങ്ങനെ കുറക്കാം എന്നതാണ് ആലോചിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

മദ്യനയത്തില്‍ ആശയക്കുഴപ്പം ഉണ്ടായതിനെ തുടര്‍ന്നാണ് വിഷയത്തില്‍ പോളിറ്റ്ബ്യൂറോ ഇടപെട്ടത്. ഇന്ന് ചേര്‍ന്ന് അവൈലബിള്‍ പോളിറ്റ്ബ്യൂറോ ഈ വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് ബാറുകള്‍ അടഞ്ഞു തന്നെ കിടക്കുമെന്ന് യെച്ചൂരി വ്യക്തമാക്കിയത്. മദ്യനയത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ബാറുകള്‍ തുറക്കുമെന്ന പ്രചരണം ബാറുടമകള്‍ നടത്തിയിരുന്നു. ബാറുകള്‍ തുറക്കില്ലെന്ന് പരസ്യമായി പറയാന്‍ നേതാക്കള്‍ തയ്യാറായതുമില്ല. മദ്യവര്‍ജ്ജനമാണ് നയമെന്നും ഇടതു നേതാക്കള്‍ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. മദ്യവര്‍ജനമാണ് ഇടതുപക്ഷത്തിന്റെ നയമെന്നായിരുന്നു പിണറായി വിജയന്റെ അഭിപ്രായം. സിപിഎം ഒരിക്കലും മദ്യത്തെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല. യുഡിഎഫ് ചാരായനിരോധനം കൊണ്ടുവന്നു. എന്നാല്‍, പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അത് പുനഃസ്ഥാപിച്ചിട്ടില്ല. എല്‍ഡിഎഫ് മദ്യനയം വ്യക്തമാക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം തള്ളിക്കളയുന്നുവെന്നും കെപിസിസി വി എം.സുധീരന്റെ നിലപാടുകള്‍ വെറും ജാഡയാണെന്നും പിണറായി പറഞ്ഞിരുന്നു.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറക്കുമെന്നത് ഉമ്മന്‍ ചാണ്ടിയുടെ കുപ്രചാരണം മാത്രമാണെന്ന് വി എസ് അച്യുതാനന്ദനും വ്യക്തമാക്കി. മദ്യവര്‍ജനമാണ് ഇടതുമുന്നണിയുടെ നയം. ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരകയാണ് ലക്ഷ്യം. മറിച്ചുള്ള യുഡിഎഫ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫിന്റെ ഈ നയം കൂട്ടുപിടിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപണങ്ങള്‍ക്ക് മറയാക്കാനും രംഗത്തെത്തിയരുന്നു. സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കെല്ലാം പിന്നില്‍ മദ്യനയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നും വ്യക്തമാക്കിയിരുന്നു. മദ്യവില്‍പ്പന ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് പത്തുകൊല്ലം കൊണ്ട് മദ്യനിരോധനം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാര്‍ ആലോചിച്ച് ഉറച്ചുകൊണ്ടുവന്ന നയമാണിത്. അതിന് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവന്നു. എല്ലാ വിവാദങ്ങള്‍ക്കും പിന്നില്‍ ബാര്‍ പൂട്ടിയതുകൊണ്ട് നഷ്ടത്തില്‍ പെട്ട കക്ഷികളാണ്. ഇതെല്ലാം സര്‍ക്കാരിനറിയാം. ഇത് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top