കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ആയ്യായിരം കടന്നു; വിജയമുറപ്പിച്ച് കുഞ്ഞാലിക്കുട്ടി കുതിക്കുന്നു

സ്വന്തം ലേഖകൻ

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം നിയമസഭാ മണ്ഡലത്തിലെ ആദ്യ 12 ബൂത്തുകളിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് മൂവായിരം കടന്നു. വിജയം ഉറപ്പിച്ചു കുഞ്ഞാലിക്കുട്ടി കുതിക്കുമ്പോൾ എതിർസ്ഥാനാർഥികൾ ഏറെ പിന്നിലാണ്. ഒരു സമയം 74 ബൂത്തിലെ വോട്ടാണ് ഇവിടെ എണ്ണുന്നത്. ഏഴു മണ്ഡലങ്ങളുടെ വോട്ട് ഏഴു സ്ഥലങ്ങളിലായി എണ്ണും. മലപ്പുറം വേങ്ങര മണ്ഡലങ്ങൾക്ക് 12 ടേബിളുകളും ബാക്കി അഞ്ചു മണ്ഡലങ്ങൾക്ക് പത്തു ടേബിളുകളുമാണ് ഉണ്ടാവുക. ആദ്യ ഫലസൂചനകൾ എട്ടരയോടെയും അന്തിമഫലം പതിനൊന്നുമണിയോടെയും അറിയാനാകും. മണ്ഡലത്തിലെ വനിതാ വോട്ടർമാരുടെ തീരുമാനം വിജയിയെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. ഏഴു നിയമസഭാ മണ്ഡലങ്ങളിലും വനിതകളാണ് പോളിംഗിൽ മുന്നിലുള്ളത്. ആകെ വോട്ട് ചെയ്ത 9,36,315 പേരിൽ 4,93,433 പേരും വനിതകളാണ്. അതായത് പുരുഷന്മാരേക്കാൾ 50,551 കൂടുതൽ വോട്ടുകൾ ചെയ്തത് വനിതകളാണ്. എസ് ഡി പി ഐ ഇത്തവണ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ജമാ അത്തെ ഇസ്ലാമി ആർക്കും വോട്ടുചെയ്യില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലനങ്ങൾ ഇന്നത്തെ ഫലത്തിലുണ്ടാകും. 71.33 ശതമാനം പോളിംഗാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. 13,12,693 വോട്ടർമാരിൽ സമ്മതിദാന അവകാശം വിനിയോഗിച്ചത് 9,36315 പേരാണ്. 2014 നേക്കാൾ 1,14000 വോട്ടർമാർ മണ്ഡലത്തിലുണ്ടെങ്കിലും പോളിംഗ് ശതമാനം വലിയ തോതിൽ ഉയരാത്തത് എല്ലാ പാർട്ടികൾക്കും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. 2014ൽ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കുന്ന ഫലം ഉണ്ടാകില്ലെന്നാണ് യുഡിഎഫിന്റ വിലയിരുത്തൽ. ജയിക്കാനായില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ടാക്കാൻ സാധിക്കുമെന്ന് എൽഡിഎഫ് ഉറച്ചുവിശ്വസിക്കുന്നു. കേന്ദ്രഭരണത്തിന്റെ നേട്ടങ്ങൾ പ്രചരണായുധമാക്കിയ ബിജെപി മലപ്പുറത്ത് ലക്ഷ്യമിടുന്നത് ഒരു ലക്ഷത്തിനടുത്ത് വോട്ടുകളാണ്. കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് മലപ്പുറത്ത് സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനപോലീസിനൊപ്പം കേന്ദ്രസേനയും വോട്ടെണ്ണൽ കേന്ദ്രത്തിൽ നിരീക്ഷണം നടത്തും.യുഡിഎഫ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടി, എൽഡിഎഫിലെ എംബി ഫൈസൽ, എൻഡിഎയുടെ എൻ ശ്രീപ്രകാശ് എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. ആറു സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മലപ്പുറത്ത് ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top