തിരുവന്തപുരം: പ്രതികൂല കാലവസ്ഥയിലും കനത്ത പോളിംഗ് നടന്ന ആദ്യഘട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ ശുഭപ്രതീക്ഷയോടെയാണ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ നോക്കിക്കണ്ടത്. വോട്ട് രേഖപ്പെടുത്തിയ ശേഷം തങ്ങളുടെ വിജയ പ്രതീക്ഷകളാണ് മൂന്നുമുന്നണിയിലെ നേതാക്കളും ഘടകകക്ഷി നേതാക്കളും മാധ്യമങ്ങളോട് പങ്കുവച്ചു.
യു.ഡി.എഫ് മികച്ച വിജയം നേടും: വി.എം. സുധീരന്‍
യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് പ്രതീക്ഷയിലാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. ബാര്‍ കോഴക്കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പോടെ യു.ഡി.എഫ് ശിഥിലമാകുമെന്ന് പിണറായി വിജയന്റെ പ്രസ്താവനയോട് സ്വപ്‌നം കാണാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും പിണറായിയുടേത് വെറും സ്വപ്‌നമാണെന്നുമാണ് അദേഹം പറഞ്ഞു.
മാണിയും ഉമ്മന്‍ ചാണ്ടിയും
രാജിവെക്കേണ്ടി വരും: കോടിയേരി
തദ്ദേശ തിരഞ്ഞെടുപ്പോടെ യു.ഡി.എഫിന്റെ തകര്‍ച്ച വേഗത്തിലാകുമെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കെ.എം.മാണിയും ഉമ്മന്‍ചാണ്ടിയും രാജിവയ്‌ക്കേണ്ടി വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മൂന്നാംമുന്നണി ചാപിള്ള ആയിക്കഴിഞ്ഞു. എസ്.എന്‍.ഡി. പിയുമായുള്ള ബന്ധം അവര്‍ക്ക് ബാധ്യതയായിരിക്കുകയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
കാസര്‍ഗോഡിന് പുറമേ മറ്റു ജില്ലകളിലും ബി.ജെ.പി
തദ്ദേശ ഭരണത്തിലെത്തും: വി. മുരളീധരന്‍
കാസര്‍ഗോഡിന് പുറമേ മറ്റു ജില്ലകളിലും ബി.ജെ.പി തദ്ദേശ അധികാര പദവികള്‍ സ്വന്തമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ബി.ജെ.പി സമ്പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പെന്നും മുരളീധരന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പോടെ യു.ഡി.എഫ് തകരും: പിണറായി
തദ്ദേശ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ യു.ഡി.എഫ് തകരുമെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. യു.ഡി.എഫ് ശിഥിലമാകും എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. കണ്ണൂരില്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സ്ഥാനാര്‍ഥിക്കെതിരെ കേസെടുക്കും എന്നു പറയുന്ന എസ്.പി.ക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. ക്രമസമാധാനം ഉറപ്പുവരത്തേണ്ടത് എസ്.പി.യുടെ ചുമതലയാണ്. ആന്തൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആളില്ലാത്തതിന് സി.പി.എമ്മിന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മുന്‍പും അവിടെ ഇത്തരത്തില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
അരുവിക്കരയേക്കാള്‍ തിളക്കമാര്‍ന്ന
വിജയം യു.ഡി.എഫ് നേടും: ആന്റണി
തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അരുവിക്കരയേക്കാള്‍ തിളക്കമാര്‍ന്ന വിജയം നേടുമെന്ന് എ.കെ.ആന്റണി. സര്‍ക്കാരിന്റെ വികസന പദ്ധതികളും കരുണയും ജനങ്ങള്‍ കണ്ടറിഞ്ഞിട്ടുള്ളതാണ് അവരുടെ വിശ്വാസവും സ്‌നേഹവും വോട്ടായി മാറുമെന്നും യു.ഡി.എഫ് കേരളത്തില്‍ അടിത്തറ ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനെ കുറിച്ചല്ലാതെ മറ്റൊരു ബദലിനെ കുറിച്ച് ചിന്തിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കില്ല. ഒറ്റപ്പെട്ട ആക്ഷേപങ്ങളെയെല്ലാം മറികടന്ന് യു.ഡി.എഫ് മികച്ച വിജയം തന്നെ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് യു.ഡി.എഫ് തന്നെ: എന്‍ കെ പ്രേമചന്ദ്രന്‍
കൊല്ലം കോര്‍പ്പറേഷനില്‍ ആര്‍.എസ്.പിയുടെ സഹായത്തോടെ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി തരംഗം: ഒ.രാജഗോപാല്‍
സംസ്ഥാനത്ത് ഇപ്പോഴുള്ളത് ബി.ജെ.പി തരംഗമാണെന്നും വിജയം ഉറപ്പാണെന്നുമായിരുന്നു ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടത്.
ബാര്‍കോഴക്കേസ് തിരഞ്ഞെടുപ്പിനെ
ബാധിക്കില്ല: കെ. മുരളീധരന്‍
ബാര്‍കോഴക്കേസ് ഒരു തരത്തിലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അരുവിക്കരയിലേതുപോലെ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നുമായിരുന്നു കെ.മുരളീധരന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടത്.
അഴിമതിക്കും വര്‍ഗീയതക്കും എതിരായ
വിധിയെഴുത്താകുമെന്ന് എം എ ബേബി
അഴിമതിക്കും വര്‍ഗീയതക്കും എതിരായ വിധിയെഴുത്തായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പെന്ന് എം.എ ബേബി പറഞ്ഞു.
ഇരു മുന്നണികളേയും ബിജെപി
നിലംപരിശാക്കുമെന്ന് : കെ സുരേന്ദ്രന്‍
ശക്തമായ മുന്നേറ്റം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഉണ്ടാകുമെന്ന്
ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. രണ്ടുമുന്നണികളേയും നിലം പരിശാക്കുന്ന ഒരു ബി.ജെ.പി സുനാമി ഇത്തവണ ഉണ്ടാവുമെന്നുള്ള പ്രതീക്ഷയാണ് ജനങ്ങള്‍ക്കും ബി.ജെ.പിക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി തൂത്തുവാരും: ആര്‍ ബാലകൃഷ്ണപിള്ള
എല്ലായിടത്തും എല്‍.ഡി.എഫ് ജയിക്കുമെന്ന് ആര്‍.ബാലകൃഷ്ണപിള്ള വോട്ട് രേഖപ്പെടുത്തിയ ശേഷം അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫിന്റെ വിജയമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.