ബെയ്റൂട്ട്:ലെബനനിലെ ട്രാഫിക് കുരുക്കുകളില്‍ വലയുന്നവര്‍ക്ക് രക്ഷക്കായി ഇനി പെണ്‍പടയും. നീളന്‍ പാന്റ്‌സും ഫുള്‍സ്ലീവ് ഷര്‍ട്ടുമിട്ട് വരുന്ന ലെബനീസ് പെണ്‍പോലീസല്ല ഇവര്‍, ഷോര്‍ട്‌സും ടീഷര്‍ട്ടും ധരിച്ച് ചുറുചുറുക്കുള്ള വിദ്യാര്‍ത്ഥിനികള്‍ ഇനി ബെയ്‌റൂത്തില്‍ ഗതാഗതം നിയന്ത്രിക്കും. നഗരത്തില്‍ ട്രാഫിക് പോലീസുകാരുടെ നിര്‍ദേശം അവഗണിക്കുന്നത് പതിവായതോടെയാണ് പുതിയ പരിഷ്‌കാരം.
തകര്‍ന്നടിഞ്ഞ ലെബനനില്‍നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോയെചിറകടിച്ചുയരുകയാണ് വനിതാ സമൂഹം. ബെയ്‌റൂത്ത് അടക്കമുള്ള നഗരങ്ങളില്‍ ട്രാഫിക് നിയന്ത്രിക്കുന്നതിന് ലെബനീസ് പോലീസ് നേരിടുന്ന വെല്ലുവിളികള്‍ രണ്ടാണ്. ഒന്ന് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിരക്ക്. ഒപ്പം നിര്‍ദേശം ചെവിക്കൊള്ളാതെ വാഹനം ഓടിക്കുന്ന നിയമലംഘകരും. ഇവരെ നിയന്ത്രിക്കാനുള്ളത്ര സേനാബലം ലെബനീസ് ഇല്ലതാനും. ഇതോടെയാണ് ട്രാഫിക് വാര്‍ഡന്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ഇതിന് സന്നദ്ധരായി എത്തിയതാകട്ടെ ഒരു പറ്റം നിയമവിദ്യാര്‍ത്ഥിനികളും.അതേ സമയം വനിതാ പോലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചത് ലെബനനില്‍ തിരികൊളുത്തിയിരിക്കുന്നത് പുതിയ വിവാദത്തിനാണ്. ട്രാഫിക് സിഗ്‌നലുകളിലും നഗരങ്ങളിലെ പ്രധാന റോഡുകളിലും ഡ്യൂട്ടി ചെയ്യുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇറക്കം കുറഞ്ഞ ഷോര്‍ട്സ് യൂണിഫോമായി നല്‍കിയതാണ് വിവാദത്തിന് കാരണം. ബ്രൗമ്മാന മേയര്‍ പിയറെ അച്ചക്കാറിന്റെ വകയായിരുന്നു ഈ യൂണിഫോം പരിഷ്‌കരണം.
കടുത്ത വേനലില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് വനിതാ പോലീസുകാര്‍ക്ക് ഷോര്‍ട്സ് നടപ്പിലാക്കിയതെന്നാണ് മേയറുടെ വാദം. യൂണിഫോം പരിഷ്‌ക്കരിച്ചതിലൂടെ പോലീസുകാരും ടൂറിസ്റ്റുകളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അദ്ദേഹം പറയുന്നു. ഇറക്കം കുറഞ്ഞ ഷോര്‍ട്സ് യൂണിഫോമാക്കിയതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമാണുള്ളത്. ഇതൊന്നും വലിയ പ്രശ്നമാക്കേണ്ടെന്നും ഈ വനിതാ ഉദ്യോഗസ്ഥരെല്ലാം ഏറെ ബഹുമാനിക്കപ്പെടുന്നവരാണെന്നും പുതിയ ഷോര്‍ട്സ് അത്ര ചെറുതല്ലെന്നുമാണ് ചിലരുടെ അഭിപ്രായം.
എന്നാല്‍ ഇറക്കം കുറഞ്ഞ ഷോര്‍ടിസിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്. പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നീളമേറിയ പാന്റ്സ് യൂണിഫോമായിരിക്കെ വനിതാ ഉദ്യോഗസ്ഥരുടെ വസ്ത്രത്തിന്റെ ഇറക്കം കുറച്ചത് ടൂറിസത്തിന്റെ പ്രചരണത്തിന് വേണ്ടിയാണെന്നാണ് ഇവരുടെ വാദം. എന്തായാലും ലെബനനിലെ പുതിയ യൂണിഫോം സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. വനിതാ പോലീസുകാരുടെ ഒട്ടേറെ വീഡിയോകളാണ് യൂട്യൂബിലൂടെ കത്തിക്കയറുന്നത്.