നടിക്കെതിരായ അക്രമത്തില്‍ സനിമാ മേഖലയില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉണ്ടായത്. തമിഴ് സിനിമാ മേഖലയില്‍ നിന്നും നടിയ്ക്ക് അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടായി. ആശ്വസിപ്പിക്കലുകള്‍ക്കും ആത്മവിശ്വാസം പകരലിനും ഒപ്പം തനിക്കുണ്ടായ അനുഭവവം തുറന്ന് പറഞ്ഞാണ് സംവിധായിക കൂടിയായ ലീന മണിമേഖലയുടെ പ്രതികരണം വന്നിരിക്കുന്നത്.
പ്രശസ്തനായ യുവ സംവിധായകന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പങ്കുവയ്ക്കുകയാണ് ലീന. താന്‍ കയ്യില്‍ കരുതാറുള്ള ഒരു കത്തിയാണ് അന്ന് ജീവന്‍ രക്ഷിച്ചതെന്നും അവകാശങ്ങളെക്കുറിച്ച് ഏറെ സംസാരിക്കുന്ന തനിക്ക് അന്ന് ഈ സംഭവത്തെക്കുറിച്ച് വളരെ അടുത്തവരോട് പോലും പറയാന്‍ ധൈര്യമുണ്ടായില്ലെന്നും ലീല മണിമേഖല കുറിച്ചു.
ലീന മണിമേഖലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:
‘2005-ലാണ്… ഞാന്‍ ടെലിവിഷന്‍ ചാനലില്‍ പ്രോഗ്രാം പ്രൊഡ്യൂസറായും അവതാരകയായും ജോലി ചെയ്തിരുന്നപ്പോഴാണ് സംഭവം. അന്നത്തെ കാലത്ത് പ്രശസ്തനായ ഒരു യുവസംവിധായകനെ ടി വി പ്രോഗ്രാമിന് വേണ്ടി അഭിമുഖം ചെയ്തിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ സമയം രാത്രി ഒമ്പതര മണി കഴിഞ്ഞിരുന്നു. പതിവു പോലെ എന്നും ഞാന്‍ ഓട്ടോയിലാണ് വീട്ടിലേക്ക് മടങ്ങുക. ഓട്ടോ പിടിക്കാന്‍ സ്റ്റുഡിയോയില്‍ നിന്നും തെരുവിന്റെ അറ്റത്തേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് ആ സംവിധായകന്റെ കാര്‍ അടുത്ത് വന്ന് നിന്നത്. ‘വടപഴനിയിലല്ലേ വീട്… ഞാന്‍ പോകുന്ന വഴിയില്‍ ഇറക്കാം’ അയാള്‍ പറഞ്ഞു. ഞാന്‍ അയാളെ വിശ്വസിച്ച് കാറില്‍ കയറി.
കുറച്ച് നേരത്തേക്ക് സംഭാഷണം നല്ല രീതിയിലാണ് മുന്നോട്ട് പോയത്. പെട്ടെന്ന് അയാളുടെ ശബ്ദത്തില്‍ വ്യത്യാസം വന്നു. വിലയേറിയ ആ കാറിന്റെ സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റം അയാള്‍ പ്രവര്‍ത്തിപ്പിച്ചത് ഞാന്‍ കേട്ടു. പെട്ടെന്നയാള്‍ എന്റെ മടിയില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത് അത് ഓഫ് ചെയ്ത് കാറിന്റെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു. അയാളോടൊപ്പം അപാര്‍ട്മെന്റിലേക്ക് ചെല്ലാന്‍ ഭീഷണി മുഴക്കി. കുറച്ച് നേരത്തേക്ക് ഞാന്‍ ആകെ പരിഭ്രമിച്ചു പോയി.
കാര്‍ നിറുത്തി എന്നെ ഇറക്കി വിടാന്‍ ഞാന്‍ അയാളോട് പറഞ്ഞു. പിന്നീട് കേണപേക്ഷിച്ചു നോക്കി. കാറിന്റെ ഡോറും ഗ്ലാസ്സും ചവിട്ടിപ്പൊട്ടിക്കുമെന്ന് ഉച്ചത്തില്‍ അലറി. എന്റെ താമസസ്ഥലത്തേക്ക് 20 മിനിറ്റ് യാത്രയേ വേണ്ടു. പക്ഷേ 45 മിനിറ്റോളം ചെന്നൈ നഗര വീഥികളില്‍ ആ കാറില്‍ അയാള്‍ എന്നെയും കൊണ്ട് ചുറ്റിക്കറങ്ങി. എഞ്ചിനീയറിംഗ് കാലഘട്ടം മുതലേ എന്റെ ബാഗില്‍ ഒരു ചെറിയ കത്തി കരുതുമായിരുന്നു. അന്ന് ആ കത്തിയാണ് എന്നെ രക്ഷിച്ചത്. അത് ഞാന്‍ പ്രയോഗിക്കുമെന്ന ഘട്ടം വന്നപ്പോള്‍ അയാള്‍ എന്നെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡില്‍ ഇറക്കിവിട്ടു.
അവകാശങ്ങളെക്കുറിച്ച് ഏറെ സംസാരിക്കുന്ന എനിക്ക് അന്ന് ഈ സംഭവത്തെക്കുറിച്ച് വളരെ അടുത്തവരോട് പോലും പറയാന്‍ ധൈര്യമുണ്ടായില്ല. മീഡിയയിലെ ജോലി വേണ്ടെന്ന് പറഞ്ഞു കൊണ്ടിരുന്ന കുടുംബാംഗങ്ങള്‍ ഇതറിഞ്ഞാല്‍ ജോലിക്ക് പോകുന്നത് തടയുമെന്ന ആശങ്ക ഒരു വശത്ത്. നോ’ എന്ന് പറഞ്ഞത് കാരണം സിനിമാമേഖലയില്‍ പിടിപാടുള്ള ആ സംവിധായകന്‍ എനിക്കെതിരേ പ്രതികാരം ചെയ്യുമോ എന്ന ബാലിശമായ ഭയം മറുവശത്ത്. വര്‍ഷങ്ങളേറെ കഴിഞ്ഞു. പക്ഷേ ആ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇപ്പോഴും നടുക്കമാണ്. എന്റെയുള്ളില്‍ തന്നെ കുഴിച്ച് മൂടിയ കയ്പേറിയ അനുഭവങ്ങളിലൊന്നായിരുന്നു അത്.
ഇന്ന് മലയാളസിനിമയിലെ ആ നടിക്ക് സംഭവിച്ച അതിക്രമത്തിനെതിരെ സിനിമാ രംഗത്തെ നായകന്‍മാരും സംവിധായകരും ശബ്ദമുയര്‍ത്തുകയാണ്. നല്ല കാര്യം തന്നെ. അതേ സമയം സ്വന്തം ചെയ്തികളെയും തങ്ങളുടെ സിനിമകളിലെ സ്ത്രീ വിദ്വേഷത്തെയും ഇവര്‍ സ്വയം പരിശോധിക്കണം. ചൂണ്ടുവിരല്‍ അവനവന് നേരെ തിരിയ്ക്കണം. ‘പൗരുഷം’ ആണല്ലോ നമ്മുടെ നാട്ടിലെ ഹീറോയിസത്തിന്റെ മുഖമുദ്ര.
തന്റെമേല്‍ പതിച്ചേക്കാവുന്ന നൂറായിരം ചോദ്യങ്ങളെയും വിപരീതദൃഷ്ടികളെയും തൃണവല്‍ക്കരിച്ചുകൊണ്ട് സംഭവിച്ച കാര്യങ്ങള്‍ ധൈര്യപൂര്‍വ്വം തുറന്നു പറഞ്ഞ് നിയമ സഹായം തേടിയിരിക്കുന്ന ആ നടിയുടെ തോളോട് തോള്‍ ചേര്‍ന്ന് നില്ക്കാന്‍ ഞാനുമുണ്ട്.