കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പുകേസില്‍ നടി ലീന മരിയാ പോളിന്റെ സാമ്പത്തിക ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു. നടിയെ ഭീഷണിപ്പെടുത്തി ഫോണില്‍ വിളിച്ചത് അധോലോക നായകന്‍ രവി പൂജാരിതന്നെയെന്ന് പൊലീസ് ഉറപ്പിച്ചതോടെയാണ് കേസ് അന്വേഷണം നടക്ക് നേരെ തിരിയുന്നത്.
കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളാണ് ബ്യൂട്ടി പാര്‍ലറിനുനേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസിന്റെ പക്ഷം. ഇതിനെത്തുടര്‍ന്ന് കേസില്‍ നടിയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. രവി പൂജാരിയുമായി നടിക്കുള്ള സാമ്പത്തിക ബന്ധങ്ങളാണ് പോലീസ് തിരയുന്നത്.
ലീനയുടെ സ്ഥാപനമായ നെയില്‍ ആര്‍ട്ടിസ്ട്രിയുടെ പരസ്യ വിപണനത്തിനു മാത്രം കോടികളാണു ചെലവഴിച്ചിട്ടുള്ളതെന്നാണു വിവരം. കള്ളപ്പണം വെളുപ്പിക്കാന്‍ സ്ഥാപനത്തെ ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ബിസിനസിന്റെ പിന്നില്‍ നടക്കുന്ന കള്ളപ്പണ ഇടപാടുകളെപ്പറ്റിയും പൊലീസിനു സംശയമുണ്ട്.
മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിലേക്കും ലീന മരിയ പോളിനെയും ഫോണില്‍ വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇയാളുടെ അനുയായി സംഘത്തിലുണ്ടായിരുന്നവരാണ് ശബ്ദം തിരിച്ചറിഞ്ഞത്.
ശബ്ദത്തിന്റെ ഔദ്യോഗിക ഫോറന്‍സിക് പരിശോധനാഫലവും ഉടന്‍ ലഭിക്കും. അങ്ങനെയെങ്കില്‍ നടിക്ക് രവി പൂജാരിയുമായുള്ള ബന്ധമെന്താണെന്നാണ് പൊലീസ് കണ്ടെത്തെണ്ടേത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ലീനയോട് വീണ്ടും ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെടും.
ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്തതുകൊച്ചിയിലെ പ്രദേശിക ഗുണ്ടാ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മംഗലാപുരത്തെ പൂജാരിയുടെ അനുയായികള്‍ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്തുകൊച്ചി സ്വദേശികളാണ് വെടിയുതിര്‍ത്തത്. ക്വട്ടേഷന്‍ നല്‍കിയതിനുപിന്നില്‍ രവി പൂജാരയാണോയെന്ന് ഇവര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് കരുതുന്നത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
അതേസമയം ലീന മരിയ പോള്‍ ബോളിവുഡ് താരങ്ങളെയടക്കം സ്വകാര്യ ചടങ്ങുകള്‍ക്ക് എത്തിക്കാമെന്നേറ്റ് സംസ്ഥാനത്തെ വ്യവസായ പ്രമുഖരില്‍നിന്നടക്കം ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ലീനയ്ക്കെതിരെ 3 സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പണം ആവശ്യപ്പെട്ട് മുംബൈ അധോലോകത്തില്‍ നിന്നും തനിക്ക് പല തവണയായി ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നാണ് ലീന പറയുന്നത്. ആ ഫോണ്‍ കോളുകള്‍ എല്ലാം രവി പൂജാരിയുടെ പേരിലായിരുന്നു. പണം നല്‍കാന്‍ ലീന വിസമ്മതിച്ചു. വീണ്ടും കോളുകള്‍ വന്നു. 25 കോടിയായിരുന്നു ലീനയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നത്. കൊടുക്കില്ലെന്നു വീണ്ടും പറഞ്ഞു. കൂടാതെ പൊലീസില്‍ ഈ വിവരം കാണിച്ച് പരാതിയും നല്‍കി. ഇതോടെ ഉണ്ടായ പ്രതികാരമാണ് തന്റെ സ്ഥാപനത്തിനു നേരെ നടന്ന ആക്രമണം എന്നാണ് ലീനയുടെ മൊഴി!
അധോലോക നായകനും ചലച്ചിത്ര നടിയും തമ്മില്‍ എങ്ങനെ വൈരാഗ്യം വന്നു? ചലച്ചിത്ര നടിയെന്ന നിലയില്‍ അത്ര പ്രശസ്തയല്ലാത്ത ലീനയില്‍ നിന്നും 25 കോടി രൂപ ആവശ്യപ്പെടാന്‍ രവി പൂജാരിയെപ്പോലൊരാള്‍ തയ്യാറായത് എന്തുകൊണ്ടായിരിക്കും? ഇവര്‍ തമ്മിലുള്ള ബന്ധം എന്ത്? ഇങ്ങനെ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്.