ചെന്നൈ: ശശികലയ്‌ക്കെതിരായ നിരവധി കേസുകള്‍ ഇനിയും വിചാരണ കോടതികളുടെ പരിഗണനയിലാണ്. ഇതില്‍ മുഴുവന്‍ കോടതി ഇവരെ ശിക്ഷിച്ചാല്‍ ജീവിതകാലം മുഴുവന്‍ ശശികല അഴിക്കുള്ളിലായിരിക്കും.
അഴിമതിക്കേസില്‍ വി.കെ. ശശികല ശിക്ഷിക്കപ്പെടുന്നത് ഇത് നാലാംവട്ടമാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതക്കെതിരായ ശിക്ഷാവിധി അഞ്ചാമത്തേത്. ഇവര്‍ക്കെതിരെ ബിജെപി. എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ചെന്നൈയില്‍ ആദ്യ അഴിമതിക്കേസ് ഫയല്‍ ചെയ്തത്.
പിന്നീടങ്ങോട്ട് ഇരുവര്‍ക്കുമെതിരേ കേസുകളുടെ പ്രവാഹമായിരുന്നു. ജയലളിതയ്ക്കും ശശികലയ്ക്കും അവരുടെ ബന്ധുക്കള്‍ക്കും എ.ഐ.എ.ഡി.എം.കെ. മന്ത്രിമാര്‍ക്കുമെതിരേ 46 കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്. ഈ അഴിമതിക്കേസുകളുടെ വിചാരണയ്ക്കായി ചെന്നൈയില്‍ മൂന്നു പ്രത്യേക കോടതികള്‍ തന്നെ രൂപീകരിച്ചു. ഈ കേസുകളില്‍ പലതും ഇഴഞ്ഞാണ് നീങ്ങുന്നത്. വിചാരണ വേഗത്തിലായാല്‍ ഇനിയും കേസുകളില്‍ ഉടന്‍ വിധി വരാം. അങ്ങനെ വന്നാല്‍ കൂടുതല്‍ കാലം ശശികലയ്ക്ക് അഴിക്കുള്ളില്‍ കിടക്കേണ്ടി വരും. പ്ലസന്റ് സ്റ്റേ ഹോട്ടല്‍ അഴിമതിക്കേസില്‍ 2000 ഫെബ്രുവരി രണ്ടിന് ജയലളിത രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു.
കൊടൈക്കനാല്‍ മലയോരത്ത് ചട്ടവിരുദ്ധമായി കെട്ടിട നിര്‍മ്മാണത്തിന് അനുമതിനല്‍കിയതാണ് ജയയ്ക്കു കുരുക്കായത്. ഈ കേസില്‍ ശശികല കൂട്ടുപ്രതിയാക്കപ്പെട്ടില്ല. പക്ഷേ, 2000 ഒക്ടോബറില്‍ രണ്ടു താന്‍സി ഭൂമിയിടപാട് കേസുകളില്‍ പ്രത്യേക കോടതി ഇരുവര്‍ക്കും രണ്ടും മൂന്നും വര്‍ഷം വീതം തടവു വിധിച്ചു. കേസില്‍ മദ്രാസ് ഹൈക്കോടതി ഇരുവരെയും വെറുതേവിട്ടെങ്കിലും സംസ്ഥാന ഉടമസ്ഥതയിലുള്ള താന്‍സി കോര്‍പറേഷനു ഭൂമി തിരിച്ചുനല്‍കാന്‍ സുപ്രീം കോടതി വിധി വന്നു. 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2014 ല്‍ ബംഗളുരു പ്രത്യേക കോടതി ജയലളിക്കും ശശികലയ്ക്കും വി.എന്‍. സുധാകരന്‍, ജെ. ഇളവരശി എന്നിവര്‍ക്കും നാലുവര്‍ഷം തടവാണ് ശിക്ഷ വിധിച്ചത്.
900 പേജുള്ള വിധിന്യായത്തില്‍ 130 കോടി രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടിരുന്നു. ജയലളിത തന്നെ നൂറുകോടി അടയ്ക്കാനായിരുന്നു ഉത്തരവ്. ബംഗളുരു കോടതിയില്‍നിന്നു പരപ്പന അഗ്രഹാര ജയിലിലേക്കു പോയ ജയലളിത 21 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ജാമ്യത്തിലറിങ്ങിയത്. അതിന് ശേഷം വീണ്ടും മുഖ്യമന്ത്രിയായി. അപ്രതീക്ഷിതമായി മരണമെത്തിയതോടെ ഈ കേസുകളില്‍ നിന്നെല്ലാം ജയലളിത രക്ഷപ്പെട്ടു. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ കരുത്തരാകുന്നതിനാല്‍ ശശികലയുടെ തലയ്ക്ക് മുകളില്‍ ബാക്കിയുള്ള കേസുകളും ഭീഷണിയായി നില്‍ക്കുന്നു.
അതിനിടെ ശിക്ഷപ്പെട്ട ശശികലയെ പരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റുന്നതു സംബന്ധിച്ച് ബംഗളുരു പൊലീസ് തമിഴ്നാട് ഡി.ജി.പി. രാജേന്ദ്രന്‍, ചെന്നൈ പൊലീസ് കമ്മിഷണര്‍ എസ്. ജോര്‍ജ് എന്നിവരുമായി ചര്‍ച്ച നടത്തി. കര്‍ണാടക കോടതിയാണു ശിക്ഷ വിധിച്ചത് എന്നതിനാലാണ് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റുന്നത്. ശശികല സ്വമേധയാ കീഴടങ്ങട്ടെ എന്ന നിലപാടിലാണു ബംഗളുരു പൊലീസ്. ശശികല എന്നു കീഴടങ്ങുമെന്നതിനെ കുറിച്ചു വ്യക്തതയില്ല. വിധിക്കെതിരേ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സമയം അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ വൈകിട്ടോടെ ശശികല മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിലെത്തിയിരുന്നു.