കോട്ടയം:കശാപ്പ് നിരോധനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും.രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി ഫെഡറല്‍ സംവിധാനം തകര്‍ക്കുമെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും കേരളത്തിലെ മന്ത്രിമാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വിജ്ഞാപനം ഒരുകാരണവശാലും നടപ്പാക്കില്ലെന്നാണ് കേരളത്തിലെ മന്ത്രിമാരുടെ നിലപാട്. ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മന്ത്രിമാരായ വി.എസ്.സുനില്‍കുമാറും കെ.ടി.ജലീലും ജി.സുധാകരനും പ്രതികരിച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ വിജ്ഞാപനത്തിലൂടെ രാജ്യത്തെ 60,000 കോടി രൂപയുടെ വ്യവസായത്തിനാണ് അവസാനമാകുന്നത്. കന്നുകാലികളെ കശാപ്പിന് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നതോടെ രാജ്യത്ത് നിന്നുള്ള ഇറച്ചി കയറ്റുമതി പൂര്‍ണമായി നില്‍ക്കും. അനുബന്ധമായി വരുന്ന തുകല്‍ വ്യവസായം ഉള്‍പ്പടെയുള്ള എല്ലാത്തിനും പ്രതിസന്ധിയുണ്ടാകും. കന്നുകാലി കശാപ്പിലൂടെ ഉപജീവനം കഴിക്കുന്ന രാജ്യത്തെ ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടം വേറെയും.
നിലവില്‍ ചില സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്‍റെ പുതിയ പതിപ്പാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഇപ്പോഴത്തെ വിജ്ഞാപനം. സംസ്ഥാനങ്ങള്‍ നടപ്പാക്കിയ നിയമത്തില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതിനായിരുന്നു നിരോധനം. എന്നാല്‍ കേന്ദ്രം ഇറക്കിയ വിജ്ഞാപനത്തില്‍ പശുവിന് പുറമേ കാള, പോത്ത്, എരുമ, ഒട്ടകം എന്നീ മൃഗങ്ങളെയും ഉള്‍പ്പെടുത്തിയതാണ് ഇറച്ചി വ്യവസായത്തിന് തിരിച്ചടിയായത്.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും കശാപ്പിന് നിയന്ത്രണം കൊണ്ടുവന്നപ്പോഴും പോയ വര്‍ഷം ഇറച്ചി കയറ്റുമതിയിലൂടെ രാജ്യം നേടിയത് കോടികളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ ജനുവരി കാലയളവില്‍ രാജ്യം കയറ്റുമതി ചെയ്തത് 22,074 കോടി രൂപയുടെ ഇറച്ചിയാണ്. 11 ലക്ഷം ടണ്‍ ഇറച്ചിയാണ് രാജ്യത്ത് നിന്നും കയറ്റി അയച്ചത്. ലോക്സഭയില്‍ കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ തന്നെ വ്യക്തമാക്കിയ കണക്കാണിത്.
നൂറുകണക്കിന് വന്‍കിട കന്പനികളും ആയിരക്കണക്കിന് ചെറുകിട കശാപ്പുകാര്‍ക്കും ഒരേപോലെ തൊഴില്‍ ലഭിച്ചിരുന്ന മേഖലയെ ഒറ്റ വിജ്ഞാപനത്തിലൂടെ കേന്ദ്രം ഇല്ലാതാക്കുകയാണ് ഫലത്തില്‍ ചെയ്തത്.
എന്നാല്‍ സത്യത്തില്‍ കന്നുകാലികളെ അറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നാണ് പ്രധാനപ്പെട്ട ചോദ്യം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ അങ്ങനെ ഒരു കാര്യം പറയുന്നേ ഇല്ല.എന്നാല്‍ പശു, പോത്ത്, ഒട്ടകം എന്നിവയെ കശാപ്പിന് വേണ്ടി വില്‍ക്കുന്നതാണ് നിരോധച്ചിരിക്കുന്നത്. അതില്‍ തന്നെ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമായി പറയുന്നും ഉണ്ട്. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനായി കന്നുകാലി ചന്തകളില്‍ പരസ്യമായി വില്‍ക്കുന്നതിനെതിരെ ആണ് പുതിയ നിയമം. അല്ലാതെ കന്നുകാലികളെ മാംസത്തിന് വേണ്ടി അറക്കുന്നത് നിരോധിക്കുകയല്ല ചെയ്തിട്ടുള്ളത്. കാലിച്ചന്തകള്‍ വഴി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ആകണം എന്നാണ് നിയമം പറയുന്നത്. അങ്ങനെ വാങ്ങുന്നവയെ ആറ് മാസത്തേക്ക് കൈമാറാനും പാടില്ല. ഇനി മുതല്‍ ഇത്തരത്തിലുള്ള കച്ചവടങ്ങളില്‍ സത്യവാങ്മൂലവും നല്‍കേണ്ടി വരും. കാര്‍ഷികാവശ്യത്തിന് വേണ്ടിയാണ് വാങ്ങുന്നത് എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണം.