സ്‌പോട്‌സ് ഡെസ്‌ക്
ലണ്ടൻ: സിംഹങ്ങളും കടുവകളും കാട്ടാനകളും പാഞ്ഞു നടക്കുന്ന കാട്ടിൽ ഇത്തവണ രാജാവായി എത്തിയത് കുറുനരിക്കൂട്ടം..! അട്ടിമറികളിലൂടെ ചരിത്ര പുസ്തകത്തിന്റെ താളിൽ പേരെഴുതിച്ചേർത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രാജാക്കൻമാരായി കുഞ്ഞൻ ക്ലബ് ലെസ്റ്റർ സിറ്റി..! 36 കളികളിൽ നിന്നു 77 പോയിന്റുമായി, രണ്ടു കളികൾ ബാക്കി നിൽക്കെ ഏഴു പോയിന്റിന്റെ വിജയവുമായാണ് ലെസ്റ്റർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചാപ്യൻമാരായി മാറിയിരിക്കുന്നത്.
2015 ആഗസ്റ്റ് എട്ടിനു മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനാമിനെ 1-0 നു പരാജയപ്പെടുത്തി പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിനു തുടക്കമിടുമ്പോൾ അവസാന സ്ഥാനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു വെസ്റ്റർ സിറ്റി എന്ന കുഞ്ഞൻ ക്ലബ്. പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഒരിടത്തു പോലും കേട്ടിട്ടില്ലാത്ത പേരുമായി എത്തിയ ക്ലബിന്റെ കളികൾ വമ്പൻമാർക്കു ചവിട്ടി അരയ്ക്കാനുള്ളതാണെന്നായിരുന്നു ക്ലബിന്റെ കടുത്ത ആരാധകർ പോലും വിശ്വസിച്ചിരുന്നത്. ഒന്നോ രണ്ടോ അട്ടിമറികളെങ്കിലും ലഭിച്ചാൽ അത്രയും സന്തോഷം, ഇതല്ലാതെ മറ്റൊരു ലെസ്റ്റർ ആരാധകരുടെ മനസിലുണ്ടായിരുന്നില്ല.
20 ടീമുകളുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കുന്നതിൽ ഒഴിച്ചു മറ്റൊന്നും ലെസ്റ്ററിന്റെ മനസിലും ഉണ്ടായിരുന്നില്ല. ആഗസ്റ്റ് എട്ടിനു നടന്ന ആദ്യ മത്സരത്തിൽ സണ്ടർ ലാൻഡിലെ 4-2 നു തകർത്തു തുടങ്ങിയ ലെസ്റ്റർ, രണ്ടാം മത്സരത്തിൽ വെസ്റ്റ് ഹാമിനെ വീഴ്തി. രണ്ടു തവണ ആഴ്‌സനലിനോടും, ഒരു തവണ ലിവർപൂളിനോടും മാത്രമാണ് 36 മത്സരങ്ങൾക്കിടെ ലെസ്റ്റർ പരാജയപ്പെട്ടതെന്നതു തന്നെ ഇവരുടെ ആധികാരികതയുടെ ഏറ്റവും വലിയ തെളിവാണ്. മാഞ്ചസ്റ്റിനെ ഒരു തവണ പരാജയപ്പെടുത്തിയ ലെസ്റ്റർ കോടീശ്വരന്റെ ഉടമസ്ഥതയിൽ ബൂട്ട് കെട്ടിയ ചെൽസിയെ രണ്ടു തവണ അടിച്ചു വീഴ്ത്തി.
ലെസ്റ്ററിന്റെ ഇംഗ്ലീഷ് മുന്നേറ്റ നിരക്കാരൻ ജെയ്ിംസ് വാർഡി 27 ഗോളുമായി മുന്നിൽ നിന്നു പടനയിക്കുമ്പോൾ, അൾജീരിയൻ താരം റിയാസ് മർഹെസ് തൊട്ടു പിന്നിൽ തന്നെയുണ്ട്. 36 മത്സരങ്ങളിൽ നിന്നു 15 കളികളിൽ ഒരു ഗോൾ പോലും വഴങ്ങിയില്ലെന്നത് ലെസ്റ്ററിന്റെ പ്രതിരോധത്തിന്റെ കരുത്ത് കൂട്ടുന്നു. 152 ബ്ലോക്കുകളും, 1005 ക്ലിയറൻസുകളും പോക്കറ്റിലുള്ള ലെസ്റ്ററിന്റെ വെടിക്കെട്ട് ഗോൾകീപ്പർ കാസ്പ്പർ സ്‌കിമിച്ചലിന്റെ അക്കൗണ്ടിൽ 94 സേവുകളും ഉണ്ട്.
രണ്ട് മത്സരങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും ലീഡിന്റെ ബലത്തിലാണ് ലെസ്റ്റർ കിരീടത്തിൽ മുത്തമിടുക. കായിക ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവങ്ങളായ നേട്ടമാണ് ലെസ്റ്റർ സിറ്റിയുടേത്. 132 വർഷത്തെ ക്ലബ് ചരിത്രത്തിലെ സുവർണ്ണ നേട്ടമാണ് കുറുനരികൾ എന്ന് വിളിപ്പേരുള്ള ലെസ്റ്റർ ഇന്നലെ സ്വന്തമാക്കിയത്. 2014 സീസണിൽ പുറത്താക്കൽ സോണിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന് ശേഷമാണ് ലെസ്റ്റർ പ്രിമിയർ ലീഗിന്റെ നെറുകയിൽ എത്തുന്നത്. ക്ലോഡിയോ റാനിയേരി എന്ന ഇറ്റാലിയൻ പരിശീലകന്റെ വരവോടെയാണ് ലെസ്റ്റർ തങ്ങളുടെ മുഖം മിനുക്കിയത്. ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ഗെയിമും ഇറ്റാലിയൻ പവർ ഗെയിമും സമന്വയിപ്പിച്ചപ്പോൾ ലെസ്റ്റർ സിറ്റിയുടെ വിജയ മന്ത്രമായി അത്. ലെസ്റ്ററിന്റെ നീലകുപ്പായത്തിൽ ജെയ്മി വാർഡി, റിയാദ് മാരെസ് എന്നീ സൂപ്പർ താരങ്ങളും ഉതിർത്തതോടെ ലെസ്റ്റർ സ്വപ്നം കണ്ടു തുടങ്ങി.
കേവലം വ്യക്തികളിൽ ഒതുങ്ങാതെ ഒത്തൊരുമയുള്ള പോരാളികളുടെ സംഘമായി ലെസ്റ്റർ മാറിയപ്പോൾ വമ്പൻമാർ വഴിമാറി. മാഞ്ചസ്റ്റർ ഭീമൻമാരും, ചെൽസിയും, ആഴ്‌സണലും മാത്രമാണ് പ്രിമിയർ ലീഗ് എന്ന പരമ്പാരാഗത ധാരണ പൊളിച്ചെഴുതുന്നതാണ് ലെസ്റ്ററിന്റെ ഈ കിരീടധാരണം. ചാരത്തിൽ നിന്ന് ഉതിർത്ത ലെസ്റ്ററിന്റെ നേട്ടം കായിക ലോകത്തിന് തന്നെ പ്രചോദനമാണ് .