ലോ അക്കാദമിയുടെ പരീക്ഷാ ചുമതലകളില്‍നിന്ന് ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റി നിര്‍ത്താന്‍ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിദ്യാര്‍ത്ഥി സമരം ശക്തമായ സാഹചര്യത്തില്‍, ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്. ഇന്റേണല്‍ അസസ്മെന്റ്, പരീക്ഷ നടത്തിപ്പ് എന്നീ ചുമതലകളിലാണ് ലക്ഷ്മി നായര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി. നായര്‍ക്ക് ചട്ടവിരുദ്ധമായി ഇന്റേണല്‍ മാര്‍ക്ക് നല്‍കിയെന്ന കണ്ടെത്തലില്‍ പരീക്ഷാ വിഭാഗം പരിശോധിച്ച് നടപടിയെടുക്കുമെന്നും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. വനിതാ ഹോസ്റ്റലില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും സിന്‍ഡിക്കേറ്റ് നിര്‍ദേശിച്ചു.
അതേസമയം, ലോ അക്കാദമി വിഷയത്തില്‍ ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മി നായര്‍ക്കെതിരായ നടപടിയിലെ തീരുമാനം സിന്‍ഡിക്കേറ്റ് യോഗം സര്‍ക്കാറിന് വിട്ടു. ലക്ഷ്മി നായര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്യുന്ന പ്രമേയം കേരള വാഴ്‌സിറ്റി സിന്‍ഡിക്കറ്റില്‍ പാസായി. ഉചിതമായ നടപടി വേണമെന്ന പ്രമേയത്തെ ഒന്‍പതു പേര്‍ അനുകൂലിച്ചു. എട്ട് സിപിഎം അംഗങ്ങളും ഒരു സിപിഐ അംഗവും അനുകൂലിച്ചു. ലക്ഷ്മി നായര്‍ക്കെതിരെ എന്തു നടപടി വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം.
വിദ്യാര്‍ഥികളില്‍ നിന്നും കോളജ് അധികൃതരില്‍ നിന്നും ശേഖരിച്ച രേഖകളും മൊഴികളും പരിശോധിച്ചാണ് ഉപസമിതി കോളജ് നേതൃത്വത്തിനു വീഴ്ച പറ്റിയതായി കണ്ടെത്തിയത്. ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ എന്നിവയില്‍ തിരിമറി നടന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികളോടു പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ഒന്‍പതംഗ സമിതി വിലയിരുത്തിയിരുന്നു.
എന്നാല്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയ നടപടിയില്‍ തൃപ്തരാകാതെ വിദ്യാര്‍ഥികള്‍. കടുത്ത നടപടികള്‍ വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.ഇതുന്നയിച്ച് വിദ്യാര്‍ഥികള്‍ ലോ അക്കാദമിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ഇതിനിടെ വനിത ഹോസ്റ്റല്‍ വിഷയത്തില്‍ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ഥികളെ ചര്‍ച്ചക്ക് വിളിച്ചു.