ലോ അക്കാഡമി സമരത്തില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെല്ലാം കളവാണെന്നും അച്ചടക്കം ഉല്‍പ്പെടെയുള്ള കാര്യങ്ങളില്‍ എടുത്ത തീരുമാനങ്ങളാണ് വിദ്യാര്‍ത്ഥികളുടെ വിരോധത്തിന് കാരണമെന്നും ലക്ഷ്മി നായര്‍. തന്നെ കൊന്നാല്‍ പോലും രാജിവെയ്ക്കില്ലെന്നും ലക്ഷ്മിനായര്‍ പറഞ്ഞു. മാനെജ്മെന്റ് ആവശ്യപ്പെട്ടാല്‍ അല്ല, ലോ അക്കാഡമി വിഷയത്തില്‍ സമരക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണു പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു മാറി നില്‍ക്കുന്നത്. പിന്നെന്തിനാണ് താന്‍ ഇനി രാജിവെക്കുന്നത്.
ലോ അക്കാഡമിയെ ലൗ അക്കാഡമിയാക്കി മാറ്റാന്‍ ശ്രമിക്കുന്നവരാണ് സമരത്തിനു പിന്നിലെന്നും ലക്ഷ്മി നായര്‍ ആരോപിച്ചു. എല്ലാവര്‍ഷവും സിപിഐഎമ്മിന്റെയും സിപിഐയുടെയും ശുപാര്‍ശയില്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കാറുണ്ട്. ഇത്തവണ മെരിറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കി. അത്തരത്തില്‍ കിട്ടിക്കൊണ്ടിരുന്നത് കിട്ടാതായത് കൊണ്ടാകാം എല്ലാവരും ഇപ്പോള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞതെന്നും ലക്ഷ്മിനായര്‍ മംഗളം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ സിപിഐഎമ്മില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് ലക്ഷ്മിനായര്‍. നിലവില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താത്പര്യം ഇല്ല. സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗവും കോളജില്‍ പഠിക്കാന്‍ വരാത്തവരാണ്. പലരും ഹാജരില്ലാത്തതുകൊണ്ടും പരീക്ഷകള്‍ എഴുതാത്തതുകൊണ്ടും ക്യാമ്പസില്‍നിന്നു പുറത്തായവരാണ്. കോളജിലോ ഹോസ്റ്റലിലോ അനാവശ്യമായ നിയന്ത്രണങ്ങള്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. ഏതു സമയവും വിദ്യാര്‍ഥികള്‍ക്ക് താനുമായി സംസാരിക്കാനുളള അനുവാദമുണ്ടായിരുന്നെന്നും ലക്ഷ്മി നായര്‍ പറയുന്നു. മാന്യമായ ഏതുവേഷവും ധരിച്ചു പെണ്‍കുട്ടികള്‍ക്ക് കോളജിലെത്താം. ഇറുകിയ ലെഗ്ഗിന്‍സും ബനിയനുമായി ആരും ക്യാമ്പസില്‍ എത്തേണ്ട. ഇതെല്ലാം അംഗീകരിച്ചാണ് എല്ലാവരും പ്രവേശനം നേടിയിട്ടുളളത്. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് എത്തിയത് വ്യാജ ബിരുദത്തിന്റെ പിന്‍ബലത്തിലല്ല. തിരുവനന്തപുരം വിമണ്‍സ് കോളജില്‍നിന്നു ചരിത്ര വിഷയത്തില്‍ രണ്ടാം റാങ്ക് നേടിയാണു വിജയിച്ചതെന്നും ലക്ഷ്മിനായര്‍ പറഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നതിന് എതിരല്ല. എന്നാല്‍ ക്യാമ്പസ് സമയം കഴിഞ്ഞും ക്ലാസ് മുറികളില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്നു സംസാരിക്കുന്നത് ചോദ്യം ചെയ്യാന്‍ പാടില്ല എന്നതാണ് തനിക്കെതിരേ ആരോപണമുന്നയിക്കുന്നവരുടെ ആവശ്യം. അര്‍ഹതയില്ലാത്തവര്‍ക്കും ഹാജരും ഇന്റേണല്‍ മാര്‍ക്കും നല്‍കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇതെല്ലാം ചോദ്യം ചെയ്താല്‍പ്പിന്നെ പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നായി. മതിയായ യോഗ്യത ഇല്ലാത്ത വിദ്യാര്‍ഥികളെപ്പോലും മനുഷ്യത്വത്തിന്റെ പേരില്‍ സഹായിച്ചിട്ടുണ്ട്. ഒരുപക്ഷേ അതിന്റെ പ്രതിഫലമായിരിക്കാം വിദ്യാര്‍ഥികള്‍ തനിക്കു തരുന്നതെന്നും ലക്ഷ്മിനായര്‍ പറഞ്ഞു.
ലോ അക്കാഡമി വിഷയത്തില്‍ നിയോഗിക്കപ്പെട്ട സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ തനിക്കെതിരേ ചരടുവലി നടക്കുന്നുണ്ട്. ജോണ്‍സണ്‍ ഏബ്രഹാം, ലതാദേവി, ജ്യോതികുമാര്‍ ചാമക്കാല എന്നിവരാണ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്. കൂടാതെ തന്റെ സഹായം ലഭിച്ചവരാണ് തനിക്കെതിരേ മുദ്രാവാക്യം വിളിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. മൂന്നു വിദ്യാര്‍ഥികളുടെ പേരും ലക്ഷ്മി നായര്‍ അഭിമുഖത്തില്‍ എടുത്തുപറയുന്നുണ്ട്. കെഎസ്യു നേതാവായ നിഹാല്‍, എംഎസ്എഫുകാരനായ അന്‍സിഫ്, എബിവിപി പ്രവര്‍ത്തകന്‍ ഷിമിത്ത്. ഇവര്‍ മൂന്നു പേര്‍ക്കും അനര്‍ഹമായ സഹായം ചെയ്തു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ നിരാഹാരം കിടക്കുന്ന കെ. മുരളീധരന്‍ എംഎല്‍എ നല്‍കിയ ശിപാര്‍ശ കത്തിന്റെ അടിസ്ഥാനത്തില്‍ നിരവധിപ്പേര്‍ക്കു കോളജില്‍ പ്രവേശനം നല്‍കിയിട്ടുണ്ട്.