
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മി നായര്‍ രാജി വയ്‌ക്കേണ്ടതില്ലെന്നും പകരം അഞ്ചുവര്‍ഷത്തേക്ക് ചുമതലകളില്‍നിന്നു മാറിനിന്നാല്‍ മതിയെന്നുമാണ് ഇപ്പോള്‍ എസ്എഫ്‌ഐയുടെ തീരുമാനം. തീരുമാനം മയപ്പെടുത്തിയതിന് പിന്നില്‍ സമരം പൊളിക്കാനുള്ള പാര്‍ട്ടിയുടെ തന്ത്രമാണ് ഇതെന്ന് വിമര്‍ശനം ഉയരുന്നു.
വിദ്യാര്‍ഥികളും മാനേജ്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആദ്യം മുതല്‍ അവസാനം വരെയും എസ്എഫ്‌ഐ പങ്കെടുത്തിരുന്നു. ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളെക്കണ്ട നേതാക്കള്‍ മുന്നോട്ടുവച്ച 90 ശതമാനം ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചുവെന്നും പറഞ്ഞിരുന്നു.
രാജിക്കില്ലെന്ന നിലപാടില്‍ ലക്ഷ്മി നായര്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ചയില്‍ തീരുമാനമാകാതിരുന്നത്. ഒരു അധ്യയനവര്‍ഷം പ്രിന്‍സിപ്പിലിനെ നീക്കാമെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. എന്നാല്‍ സര്‍വകലാശാല ഡീബാര്‍ ചെയ്ത അഞ്ചു വര്‍ഷത്തേക്കെങ്കിലും അവരെ മാറ്റണമെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്തു. രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതിരുന്നതോടെ എസ്എഫ്‌ഐ ഒഴികെയുള്ള സംഘടനകള്‍ ഇറങ്ങിപ്പോരുകയായിരുന്നു.
അതേസമയം, ലോ അക്കാദമിക്ക് മുന്നിലെ സമരപ്പന്തല്‍ പൊളിക്കണമെന്ന ലക്ഷ്മി നായരുടെ ആവശ്യം ഹൈക്കോടതി തളളി. സമരപ്പന്തല്‍ പൊളിക്കണമെന്ന ആവശ്യത്തെ ഹൈക്കോടതി അനുകൂലിച്ചില്ല. സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി കോളജിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് വ്യക്തമാക്കി.