തിരുവനന്തപുരം: ലൊ അക്കാഡമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ വധശ്രമക്കേസ്സിലെ പ്രതിയായിരുന്നെന്ന് റിപ്പോര്‍ട്ട്. ക്രിമിനല്‍ പ്രകൃതത്തോടെ വിദ്യാര്‍ത്ഥികളോട് പെരുമാറുന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ ലക്ഷമി നായര്‍ക്കെതിരെയുള്ള സമരം ശക്തമാകുമ്പോഴാണ് വര്‍ഷങ്ങള്‍ക്കു മുന്‍പും വിദ്യാര്‍ത്ഥികളോട് നിലവിലേതിനേക്കാള്‍ ക്രൂരമായി ഇവര്‍ പെരുമാറിയിട്ടുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്ത് വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്ഷ്മി നായര്‍ ഒന്നാം പ്രതി ആയി പേരൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആര്‍ ആണ് പുറത്തു വന്നത്. വധശ്രമമുള്‍പ്പെടെ ഗുരുതരമായ വകുപ്പുകളിലാണ് കേസ്.
ലോ അക്കാദമിയില്‍ ലക്ഷ്മി നായര്‍ ലക്ചററായിരുന്ന സമയത്തായിരുന്നു സംഭവം. ലക്ഷ്മി നായര്‍ക്കെതിരെ പരാതി പറഞ്ഞ രണ്ടു നാലാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് ആക്രമിക്കുകയായിരുന്നു. വടി വാളുമായി എത്തിയ സംഘത്തിന്റെ കയ്യില്‍ നിന്ന് വിദ്യാര്‍ത്ഥികളന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇഷ്ടിക കൊണ്ട് തലയ്ക്കടിയേറ്റ് അവരിലൊരാളെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു.
സംഭവത്തില്‍ ലക്ഷ്മി നായര്‍ ഒന്നാം പ്രതിയായും മറ്റു നാലു ഗുണ്ടകളെയും പ്രതി ചേര്‍ത്താണ് കേസ് എടുത്തിരുന്നത്. എന്നാല്‍ ഇതില്‍ നിന്നൊക്കെ ലക്ഷ്മി നായര്‍ സംരക്ഷിക്കപ്പെട്ടു എന്ന് മംഗളം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2005ലായിരുന്നു ഈ കേസ്. പിന്നീട് ലക്ചറര്‍ ലക്ഷ്മി പ്രിന്‍സിപ്പാള്‍ ആവുകയും ചെയ്തു.