തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ലോ അക്കാദമി ചെയര്‍മാന്‍ തന്നെ രംഗത്തെത്തി. ഇതോടെ അക്കാദമി ഭരണ സമിതിയിലും ഭിന്ന സ്വരങ്ങള്‍ ഉയര്‍ന്നു. വിദ്യാഭ്യാസ മന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ തീരണമെന്നും ഇല്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്നും അയ്യപ്പന്‍പിള്ള പറഞ്ഞു. നിരാഹാര സമരം നടത്തുന്ന ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ സമരപന്തലില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അയ്യപ്പന്‍ പിള്ള.
ഇന്ന് വൈകുന്നേരമാണ് വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച വിളിച്ചിരിക്കുന്നത്. ലക്ഷ്മി നായരുടെ രാജി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. ജില്ലാ ഭരണകൂടം ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാതിരുന്നതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ ഇടപെട്ട് ചര്‍ച്ച നടത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാക്കളായ കാനവും പന്ന്യന്‍ രവീന്ദ്രനും കോടിയേരിയെ കണ്ടിരുന്നു.
വിദ്യാഭ്യാസമന്ത്രിയുടെ മധ്യസ്ഥതയില്‍ യോഗം വിളിച്ച് എസ്.എഫ്.ഐയ്ക്ക് മാനേജ്മെന്റ് നല്‍കിയ ഉറപ്പുകള്‍ രേഖാമൂലം നല്‍കിയാല്‍ സമരം പിന്‍വലിക്കാമെന്നാണ് കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ്, എം.എസ്.എഫ് സംയുക്ത സമരസമിതിയുടെ നിലപാട്. ഇന്ന് സമരം അവസാനിപ്പിച്ച് തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ തുടങ്ങാനുള്ള നീക്കമാണ് നടക്കുന്നത്. എസ്എഫ്‌ഐ ക്ലാസ്സ് തുടങ്ങുന്നതിനെ അനുകൂലിക്കുന്നുമുണ്ട്.