ബംഗളൂരു: കര്‍ണാടകയിലെ ബന്ദിപ്പൂരിന് സമീപം കൂറ്റനൂര്‍ ഗ്രാമത്തില്‍ വളര്‍ത്തുനായയെ കൊന്ന പുലിയെ തൊഴിലാളി കൊലപ്പെടുത്തി. സംഭവത്തില്‍ കര്‍ഷക തൊഴിലാളിയെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ജി ആര്‍ ഗോവിന്ദരാജുവിന്റെ കൃഷിയിടത്തിലെ തൊഴിലാളിയായ രമേശിനെയാണ് അറസ്റ്റ് ചെയ്തത്. കൃഷിയിടത്തില്‍ കണ്ടെത്തിയ പുലിയുടെ ജഡവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രമേശ് പിടിയിലായത്.
നാലുദിവസം മുന്‍പാണ് രമേശിന്റെ വളര്‍ത്തുനായയെ പുലി കൊന്നുതിന്നത്. വളര്‍ത്തുനായയെ ഏറെ സ്നേഹിച്ചിരുന്ന രമേശിന് ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ പ്രതികാരമെന്നോണമാണ് രമേശ് പുലിയെ കൊന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പുലി വളര്‍ത്തുനായയുടെ ജഡം ഉപേക്ഷിച്ച് പോയ സ്ഥലത്ത് രമേശ് എത്തി. പാതി തിന്ന നിലയിലായിരുന്നു വളര്‍ത്തുനായയുടെ ജഡം. ഭക്ഷിക്കാന്‍ വീണ്ടും വരുമെന്ന് നിഗമനത്തില്‍ വളര്‍ത്തുനായയുടെ ജഡത്തില്‍ രമേശ് കീടനാശിനി തളിച്ചു. തിരിച്ചെത്തി വളര്‍ത്തുനായയുടെ ശേഷിക്കുന്ന ശരീരഭാഗങ്ങള്‍ തിന്ന പുലിക്ക് ജീവന്‍ നഷ്ടമാകുകയായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.