സ്‌പോട്‌സ് ലേഖകൻ
ലണ്ടൻ: ഇംഗ്‌ളീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി ചരിത്രമെഴുതി കിരീടം നേടിയപ്പോൾ ഇംഗ്‌ളണ്ടിലെ ഫുട്ബാൾ വാതുവെപ്പ് കമ്പനികൾക്ക് വൻ നഷ്ടം. 11.4 മില്യൺ യു.എസ് ഡോളറാണ് (7700 കോടി രൂപ) മൂന്ന് പ്രധാന വാതുവെപ്പ് കമ്പനികൾക്ക് നഷ്ടമായത്. സീസണിന്റെ തുടക്കത്തിൽ 50001 സാധ്യതയാണ് ലെസ്റ്റർ സിറ്റിക്ക് കൽപിക്കപ്പെട്ടത്. എന്നാൽ, പ്രീമിയർ ലീഗ് സീസൺ അവസാനത്തോടടുക്കുമ്പോൾ 22 ജയവും മൂന്ന് തോൽവിയും 11 സമനിലയുമായി എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ലെസ്റ്റർ ചാമ്പ്യന്മാരായി. പ്രധാന വാതുവെപ്പ് കമ്പനിയായ ലാഡ്‌ബ്രോക്കേഴ്‌സിന് 6.6 മില്യൺ ഡോളറാണ് നഷ്ടമായത്. 47 ബെറ്റുകളിലാണ് ലെസ്റ്റർ കിരീടം നേടുമെന്ന് പ്രവചനമുണ്ടായത്. ലെസ്റ്റർ മുന്നേറിയപ്പോൾ 15001 ആയിരുന്നു ലാഡ്‌ബ്രോക്കേഴ്‌സിന് സാധ്യത കൽപിച്ചിരുന്നത്.
പിന്നീട് ലെസ്റ്റർ കുതിപ്പ് തുടർന്നപ്പോൾ 47 ബെറ്റുകളിൽ 24 എണ്ണം കുറഞ്ഞ തുക നൽകി തടിയൂരി.ഈയിനത്തിൽ 72 ഡോളറിന് വാതുവെച്ച ഒരാൾക്ക് 1,06,000 ഡോളർ നൽകി ഒത്തുതീർപ്പാക്കി. (ഏകദേശം 80 ലക്ഷം രൂപ) മൂന്ന് ഡോളറിന് ബെറ്റുവെച്ച 20കാരിയായ ഇന്ത്യൻ വംശജ കൃഷ്ണ കപൂറിനും 14,600 ഡോളർ (1.22 ലക്ഷം) രൂപ ഒത്തുതീർപ്പിലൂടെ ലഭിച്ചു.