ലണ്ടന്‍: ലിച്ചിപ്പഴം കുട്ടികള്‍ വെറും വയറ്റില്‍ കഴിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ശാസ്ത്രജ്ഞര്‍. ഉത്തരേന്ത്യയിലെ നൂറോളം കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേയും ശാസ്ത്രജ്ഞര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് നിശബ്ദ കൊലയാളി ലിച്ചിപ്പഴമാണെന്നു കണ്ടെത്തിയത്. വെറും വയറ്റില്‍ കഴിച്ചതാണ് അപകടകരമായി മാറിയത്.
അമേരിക്കയിലേയും ബ്രിട്ടീഷ് മെഡിക്കല്‍ മാസികയായ ‘ദ ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തി’ല്‍ കഴിഞ്ഞ ദിവസമാണു ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലിച്ചിപ്പഴം ഉത്പാദിപ്പിക്കുന്ന ബിഹാറിലെ മുസാഫര്‍പുരില്‍ വര്‍ഷം തോറും കുട്ടികള്‍ക്ക് അതിഗുരുതരമായ നാഡീരോഗം പിടിപെടുകയും മൂന്നിലൊന്നു കുട്ടികള്‍ മരിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഗവേഷകര്‍ അതേക്കുറിച്ചു പഠനം നടത്തിയത്.
കുട്ടികള്‍ വെറും വയറ്റില്‍ ലിച്ചിപ്പഴം കഴിച്ചതും അത്താഴം കഴിക്കാതിരുന്നതുമാണ് മരണത്തിനു കാരണമെന്നാണു കണ്ടെത്തല്‍. ലിച്ചിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസിന്‍ എന്ന ടോക്സിന്‍ ശരീരത്തിന്റെ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാനുള്ള ശേഷിയെ ഇല്ലാതാക്കും. അത്താഴം കഴിക്കാത്തതു മൂലം ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് മുമ്പു തന്നെ കുറവുള്ള കുട്ടികള്‍ ലിച്ചിപ്പഴം കൂടി കഴിക്കുന്നതോടെ രോഗാവസ്ഥയില്‍ എത്തുകയായിരുന്നു. പതിനഞ്ചു വയസിനും അതിനു താഴെയും പ്രായമുള്ള കുട്ടികളെയാണ് പെട്ടെന്നു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. 2014 മേയ് 16-നും ജൂലൈ 17-നും ഇടയില്‍ നാനൂറോളം കുട്ടികളെ ഇത്തരത്തില്‍ അഡ്മിറ്റ് ചെയ്തു. ഇതില്‍ 122 പേര്‍ മരിച്ചു. കുട്ടികള്‍ക്കു രാത്രിയില്‍ അപസ്മാരം അനുഭവപ്പെടുകയും അബോധാവസ്ഥയില്‍ എത്തുകയും ആയിരുന്നു. തുടര്‍ന്ന് മസ്തിഷ്‌ക്കത്തില്‍ ഗുരുതരമായ നീര്‍വീക്കം ഉണ്ടായതാണു മരണത്തിനു കാരണമായതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
കരീബിയയിലും കുട്ടികള്‍ക്കു സമാനമായ രോഗം ബാധിച്ചതുമായി ബന്ധപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. അവിടെ അക്കീ എന്ന പഴം കഴിച്ച കുട്ടികള്‍ക്കാണ് അസുഖമുണ്ടായത്. അക്കിപ്പഴത്തില്‍ ഹൈപ്പോഗ്ലൈസിന്‍ കണ്ടെത്തിയിരുന്നു. സമാനമായി നടത്തിയ പരിശോധനയില്‍ ലിച്ചിയിലും ഹൈപ്പോഗ്ലൈസിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് അത്താഴം ഉറപ്പായി നല്‍കാനും ലിച്ചിപ്പഴം കഴിക്കുന്നത് ഒഴിവാക്കാനും മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഇതോടെ രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സോപ്പ്ബെറി വിഭാഗത്തില്‍പെടുന്ന പഴമാണ് ലിച്ചി. ചൈനയിലാണ് ഇതിന്റെ ഉത്ഭവം. റംബൂട്ടാന്‍, ലോങാന്‍, അക്കീ തുടങ്ങിയ പഴങ്ങളും ഈ വിഭാഗത്തില്‍പെട്ടതാണ്. ഓസ്ട്രേലിയയിലാണ് ഏറ്റവും കൂടുതല്‍ ലിച്ചിപ്പഴം ഉത്പാദിപ്പിക്കുന്നത്.