ധര്‍മ്മ രാജ് മഠപ്പള്ളി
സത്യസന്ധമായി,
ഏറ്റവും സത്യസന്ധമായി
ജീവിക്കാനുള്ള ഭൂമിയിലെ എന്‍റ്റെ ജീവകമാണ് നീ. എങ്ങിനെ എന്നൊ, കഴിയുമോ എന്നോ,ഒക്കെയുള്ള ആശങ്കക്കപ്പുറം അതൊരു സത്യമാണ്. ആശങ്കകള്‍ക്കപ്പുറവും ഒരു സത്യം നിലനില്ക്കുന്നുണ്ടെങ്കില്‍ അതിന്‍റ്റെ കന്യാക്കത്വം അപാരമാണ്. സത്യങ്ങള്‍ക്കും കന്യാക്കത്വമുണ്ട്.
ജന്മാന്തരപ്പൊരുത്തമുള്ള രണ്ടുപേര്‍ക്കല്ലാതെ മറ്റാര്‍ക്കും ഉടയ്ക്കാന്‍ കഴിയാത്ത അതിലോല ചര്‍മ്മങ്ങള്‍ പെതിഞ്ഞ ജന്മാന്തര സമസ്യകള്‍.
നിനക്കിപ്പോള്‍ മഴനനഞ്ഞ കര്‍പ്പൂരവള്ളികളുടെ
വിശുദ്ധ ഗന്ധമാണ്. നിനക്ക് മാത്രമല്ല, ഇങ്ങനെ അപര ഗ്രഹങ്ങളില്‍ കുരുങ്ങിയ എല്ലാ പ്രണയികള്‍ക്കും അതേ മണമാണ്.
എരിഞ്ഞെരിഞ്ഞ്
ഒടുവിലീ ഭൂമി വിട്ടുപറക്കുമ്പോള്‍
ഇത്രക്ക് എരിഞ്ഞ് തീരാനായിരുന്നുവോ നാം ജനിച്ചതെന്ന്
ഒരിക്കലും സങ്കടപ്പെടില്ല. ആ എരിച്ചിലും ആലിപ്പഴക്കല്ക്കണ്ട മധുരമാണ് മരിച്ചവരുടെ ഓര്‍മ്മകളില്‍.
മരണം ഒരാന്ദമാകുന്ന അവസ്ഥയിലേക്ക്
ഞാന്‍ പതിയേ നീങ്ങുകയാണോ
എന്നു ഭയക്കുന്നുണ്ട് ഈയിടെ. മരണം ഒരവസ്ഥമാത്രമാണ്.
അതിനപ്പുറത്താണ്
വിചാരങ്ങള്‍ സുതാര്യപ്പെടുക. എതിരെ വരുന്ന നീ പ്രകാശംപോലെ എന്നിലൂടെ കയറിയിറങ്ങിപ്പോകും. പോയാലും വെളിച്ചം അവശേഷിക്കും. ഞാന്‍ മൃത്യുവില്‍ നിന്നും ജീവിതമല്ലാത്ത മറ്റൊരു അവസ്ഥയിലേക്ക് എഴുന്നേറ്റ് നടക്കും. ജനനവും മരണവും താണ്ടിയവന്‍റ്റെ മൂന്നാം വഴി നിന്നിലേക്കുള്ളതാണ്.
ജീവിതം കൊണ്ട് വേര്‍പെട്ടവര്‍ മരണംകൊണ്ട് ഒന്നിക്കും. മണ്ണിനടിയിലെ ആ അപാര നിശബ്ദതയില്‍ എനിക്ക് നിന്‍റ്റെ ഹൃദയമിടിപ്പ് കേട്ട് കിടക്കണം. മരിച്ചവരുടെ ഹൃദയമിടിപ്പുകള്‍ നീ കേട്ടിട്ടുണ്ടോ? ഒന്ന് രണ്ട് മൂന്ന് എന്ന് ജീവിതത്തിലെന്ന പോലെയല്ല, പാറയിടുക്കിലൂടെ ഒഴുകിപ്പടരുന്ന പുഴയൊച്ചപോലെ നിരന്തരമായൊരു ഒഴുക്കാണത്..!