സ്വന്തം ലേഖകൻ
ഇസ്ലാമാബാദ്: അതിർത്തിയിലെ നിരന്തര പ്രകോപനത്തിനു പിന്നാലെ, പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിന്റെ വധ ശിക്ഷ നടപ്പാക്കാനുള്ള നടപടികളുമായി പാക്ക് സൈന്യം മുന്നോട്ട്. ഇതിനിടെ
ചാരവൃത്തി കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്ക് ജയിലിൽ കഴിയുന്ന ഇന്ത്യൻ മുൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവ് പാക് സൈനിക മേധാവിക്ക് ദയാഹർജി നൽകിയതായും റിപ്പോർട്ടുകളുണ്ട്. ദയാഹർജി നൽകിയെന്ന റിപ്പോർട്ട് പാക്ക് സൈനികവൃത്തങ്ങളാണ് പുറത്തുവിട്ടത്.
വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ സൈനിക മേധാവി ജ നറൽ ഖമർ ജാവേദ് ബജ്വയ്ക്ക് ലഭിച്ചെന്നാണ് വിവരം. ചാരവൃത്തിയിലും ഭീകരപ്രവർത്തനത്തിലും തനിക്ക് പങ്കുണ്ടെന്ന് ഏറ്റു പറഞ്ഞതായും പാക്ക് സൈന്യത്തിന്റെ മാധ്യമ വിഭാഗം അവകാശപ്പെടുന്നു. തന്റെ വഴിവിട്ട പ്രവർത്തനങ്ങളിലൂടെ പാക്ക് പൗരന്മാർക്ക് ജീവനും സ്വത്തും നഷ്ടമായതിൽ ജാദവ് ഖേദം പ്രകടിപ്പിച്ചുവെന്നും മാധ്യമ പ്രസ്താവനയിൽ പറയുന്നു.
നേരത്തെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുൽഭൂഷൺ ജാദവ് ഉന്നത സൈനിക കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. ചാരവൃത്തിയുടെ പേരിൽ ഈ വർഷം ഏപ്രിലിലാണ് പാക്ക് സൈനിക കോടതി ജുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഈ വിധി രാജ്യാന്തര നീതിന്യായ കോടതി തൽക്കാലത്തേയ്ക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്.