ബംഗളൂരു: വളര്‍ന്നുവരുന്ന രണ്ടു യുവതാരങ്ങള്‍ ഷൂട്ടിംഗിനിടെ തിപ്പഗൊണ്ടന ഹള്ളി തടാകത്തില്‍ മുങ്ങിത്താണത് വിശ്വസിക്കാനാകാതെ സിനിമാലോകം. ഷൂട്ടിംഗിനിടെ അപകടങ്ങള്‍ നിരന്തരം ഉണ്ടാകുമ്പോഴും മതിയായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാതെ സംഘട്ടനരംഗങ്ങളും മറ്റും അപകടകരമായ രീതിയില്‍ ചിത്രീകരിക്കുന്നതിനെതിരെ വന്‍ പ്രതിഷേധത്തോടെ വന്‍ പ്രതിഷേധവും സിനിമാരംഗത്ത് ഉയരുകയാണ്.
കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവിന് സമീപത്തെ രാംനഗര ജില്ലയിലാണ് അപകടമുണ്ടായ തിപ്പഗൊണ്ടനഹള്ളി തടാകം. പ്രശസ്ത കന്നഡ നടന്‍ ദുനിയാ വിജയ് നായകനായി അഭിനയിക്കുന്ന സിനിമയുടെ സ്റ്റണ്ട് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ അദ്ദേഹത്തോടൊപ്പം ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ സഹനടന്മാരായ രാഘവ ഉദയിനെയും അനിലിനെയും ആണ് തടാകത്തില്‍ കാണാതായത്.
മൂന്നുപേരും ഹെലികോപ്റ്ററില്‍ നിന്ന് ചാടിയെങ്കിലും നായകന്‍ ദുനിയാ വിജയ് മാത്രമാണ് നീന്തിത്തുടങ്ങിയത്. മറ്റു രണ്ടുപേരും നീന്താന്‍ ശ്രമിച്ചുകൊണ്ട് അല്‍പസമയം വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്നത് കാണാമായിരുന്നെങ്കിലും പിന്നീട് താണുപോയി.ചാടിയ ഉടന്‍ രക്ഷയ്ക്കായി എത്തേണ്ടിയിരുന്ന ബോട്ട് യന്ത്രത്തകരാര്‍ മൂലം പ്രവര്‍ത്തിക്കാതിരുന്നതാണ് ഇവരുടെ രക്ഷയ്ക്ക് തടസ്സമായത്. ദുനിയാ വിജയ് ആകട്ടെ അല്‍പം നീന്തുമ്പോഴേക്കും തളര്‍ന്നിരുന്നു. ഒരു മത്സ്യബന്ധന തൊഴിലാളി നീന്തിച്ചെന്ന് ഇദ്ദേഹത്തെ രക്ഷിക്കുയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററായിരുന്ന രവിവര്‍മ്മയ്ക്കും മറ്റു രണ്ടു മുന്‍നിര പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മതിയായ ഒരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയും അനുമതിയില്ലാതെയുമാണ് തടാകത്തില്‍ ഷൂട്ടിങ് നടത്തിയത്. തടാകക്കരയില്‍ ഷൂട്ടിങ് നടത്താന്‍ അനുമതി തേടിയശേഷം തടാകത്തില്‍ ചാടുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. മസ്തിഗുഡി എന്ന കന്നഡ സിനിമയിലെ ഈ സ്റ്റണ്ട് രംഗത്തിനു മാത്രം 1.2 കോടി രൂപയുടെ ബജറ്റ് ഇട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനാല്‍ തന്നെ സിനിമയുടെ പബ്ലിസിറ്റിയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ടിവി ചാനലുകാരെയും ഷൂട്ടിങ് സ്ഥലത്തേക്ക് ക്ഷണിച്ചിരുന്നു. റിസ്‌കുകള്‍ ഏറെയുള്ള സ്റ്റണ്ട് രംഗങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്.
മുങ്ങിത്താണ ഇരുവരും നായകന്റെ ഉറ്റ സുഹൃത്തുക്കള്‍
നിരവധി സിനിമകളില്‍ നായകന്‍ ദുനിയാ വിജയിക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ച താരങ്ങളായിരുന്നു രാഘവ് ഉദയും അനിലും. ഇരുവരും വളരെ സാധാരണക്കാരില്‍ നിന്ന് അഭിനയ മമോഹംകൊണ്ട് സിനിമയില്‍ എത്തിപ്പെട്ടവര്‍. രാഘവ് ഉദയ് ഒരു ഓട്ടോ ഡ്രൈവറായിരുന്നു. പിന്നീട് ദുനിയാ വിജയ്ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചതോടെ അദ്ദേഹത്തിന്റെ സുഹൃത്തായി മാറി. ദുനിയ വിജയ് ലീഡ് റോള്‍ ചെയ്ത ജയമ്മന മഗ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ഉദയ് സിനിമയില്‍ എത്തിയത്. ഇതോടെ ദുനിയാ വിജയുടെ ഉറ്റസുഹൃത്താവുകയും സന്തു സ്ട്രെയ്റ്റ് ഫോര്‍വേഡ്, ഡൊഡ്മനെ ഹഡ്ഗ എന്നീ ചിത്രങ്ങളില്‍ക്കൂടി അഭിനയിച്ചതോടെ പോപ്പുലറാവുകയും ചെയ്തു.
അനിലാണെങ്കില്‍ ദുനിയാ വിജയുടെ ബാല്യകാല സുഹൃത്താണ്. മാത്രമല്ല വിജയ് മുന്‍നിര നടനായി വളര്‍ന്നതോടെ അദ്ദേഹത്തിന്റെ വലംകൈയായി സിനിമാലോകത്ത് അറിയപ്പെടുകയും ചെയ്തു. ദുനിയാ വിജയ് അഭിനയിച്ച ഏതാണ്ട് എല്ലാ സിനിമകളിലും അതിനാല്‍തന്നെ അനിലും മുഖംകാണിച്ചിരുന്നു. ദുനിയാ വിജയ് ഫാന്‍സ് കല്‍ബിന്റെ പ്രസിഡന്റുകൂടിയാണ് അനില്‍. ഇരുവരും സാമ്പത്തികമായി അത്ര ഉയര്‍ന്ന കുടുംബത്തിലുള്ളവരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടവുമായി ബന്ധപ്പെട്ട് താവരക്കെരെ പൊലീസ് മസ്തിഗുഡി ഫിലീം ടീമിനെതിരെ കേസെടുത്തിട്ടുണ്ട്.
നീന്തല്‍ അറിയില്ലെന്ന് ആദ്യമേ പറഞ്ഞിട്ടും ആരും കേട്ടില്ല
ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടുന്ന രംഗം ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതോടെ നടന്മാര്‍ അങ്കലാപ്പിലായിരുന്നുവെന്ന് പറയുന്നു. നൂറടിയോളം ഉയരത്തില്‍ നിന്ന ചാടാനായിരുന്നു നിര്‍ദ്ദേശം. നായകന്‍ ദുനിയാ വിജയ്ക്ക് ലൈഫ് ജാക്കറ്റ് നല്‍കിയിരുന്നെങ്കിലും മറ്റു രണ്ടുപേര്‍ക്കും യാതൊരു സൂരക്ഷാ ക്രമീകരണവും ഉണ്ടായിരുന്നില്ല. ചാട്ടത്തിന് മുമ്പ് റിഹേഴ്സലും ഉണ്ടായിരുന്നില്ല. താന്‍ ആദ്യമായാണ് ഹെലികോപ്റ്ററില്‍ കയറുന്നതെന്നും കുറച്ചുമാത്രമേ നീന്തല്‍ അറിയൂ എന്നും ഉദയ് ഷൂട്ടിംഗിന് മുമ്പ് അവിടെയുണ്ടായിരുന്ന പ്രാദേശിക ചാനലുകാരോട് പറഞ്ഞിരുന്നു.
ഇതിനാല്‍ത്തന്നെ തങ്ങള്‍ അല്‍പം അസ്വസ്ഥരാണെന്നതും ഇരുവരും ഈ രംഗം ഷൂട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് ചാനലുകാര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുറച്ചേ നീന്തലറിലൂ എന്നും ഇത്രയും ഉയരത്തില്‍ നിന്ന് ചാടുന്നത് റിസ്‌കാണെന്നും ഉദയ് അഭിപ്രായപ്പെടുകയും ചെയ്തു. താന്‍ കുളത്തില്‍ ചാടി രണ്ടുമൂന്നടിയോളം നീന്തിയിട്ടുണ്ടെന്നും ഇതുപോലെ ദൂരത്തേക്ക് നീന്താനാവില്ലെന്നും അനിലും പബല്‍ക് ടിവി റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകര്‍ രക്ഷിക്കാന്‍ എത്തിയില്ലെങ്കില്‍ താന്‍ മുങ്ങിച്ചത്തുപോകുമെന്നുവരെ പറഞ്ഞശേഷം ഷൂട്ടിംഗിനായി പോയ അനിലിന്റെ വാക്കുകള്‍ അറംപറ്റിയതുപോലെയായി.
ചാടിയ ഉടന്‍ രക്ഷയ്ക്ക് ബോട്ട് എത്തുമെന്ന് പറഞ്ഞത് വിശ്വസിച്ചാണ് ഇവര്‍ ഈ സിനിമയുടെ ക്ളൈമാക്സ് സ്റ്റണ്ട് ഷൂട്ട് ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷേ, ഷൂട്ടിംഗിന് മുമ്പ് പുതിയൊരു സ്‌റ്റൈലില്‍ സാഹസികമായ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിന്റെ ത്രില്ലിലായിരുന്നു ഇരുവരും. തടാകത്തിനു ചുറ്റുമുള്ള പുല്‍ക്കാടിലൂടെ ഓടുന്ന രംഗങ്ങളും മറ്റുമാണ് ആദ്യം ചിത്രീകരിച്ചത്. ഇതിനു മാത്രമേ അധികൃതരില്‍ നിന്ന് അനുമതി തേടിയിരുന്നുള്ളൂ. ഇതിനുശേഷം ബാംഗല്‍ര്‍ വാട്ടര്‍ സപ്ളൈ അധികൃതര്‍ സ്ഥലത്തുനിന്ന പോയ ശേഷമാണ് അനധികൃതമായി തടാകത്തില്‍ ചാടുന്ന സീന്‍ എടുത്തത്.
ജയനെ നഷ്ടപ്പെട്ടതു മുതല്‍ നിരവധി അപകടങ്ങള്‍
36 വര്‍ഷം മുമ്പ് 1980ല്‍ കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രശസ്ത താരം ജയന്‍ വിടപറഞ്ഞ രംഗമാകും എല്ലാവരുടെയും മനസ്സിലെ നീറുന്ന ഓര്‍മ്മയാണ്. ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്നുള്ള രംഗം ചിത്രീകരിച്ച ശേഷം പെര്‍ഫെക്ഷനുവേണ്ടി ഒരിക്കല്‍ക്കൂടി ഷൂട്ട് ചെയ്യുമ്പോഴാണ് ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെടുകയും ജയന്‍ താഴെവീണ് അപകടം ഉണ്ടാവുകയും ചെയ്തത്. 1970 മുതല്‍ മലയാള സിനിമാലോകത്ത് സജീവസാന്നിധ്യമായിരുന്ന ജയന്‍ (കൃഷ്ണന്‍ നായര്‍) പ്രശസ്തിയുടെ പരമോന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു ആ ദുരന്തം. നിയന്ത്രണംവിട്ട ഹെലികോപ്റ്റര്‍ താഴെവീണ് തകരുകയും ചെയ്തു.
‘ടിപ്പു സുല്‍ത്താന്റെ വാള്‍’ (ദ സ്വോഡ് ഒഫ് ടിപ്പു സുല്‍ത്താന്‍) എന്ന പ്രശസ്ത ടിവി സീരിയലിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ദുരന്തമാണ് ഇന്ത്യയില്‍ ചിത്രീകരണവേളയിലുണ്ടായ എക്കാലത്തേയും വലിയ അപകടം. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയുടെ ചീത്രീകരണവേളയില്‍ 1989ല്‍ സെറ്റില്‍ തീപിടിച്ചാണ് ആ ദുരന്തമുണ്ടായത്. ചിത്രീകരണത്തിനിടെ ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ട ആ അപകടത്തില്‍ 62 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
മൈസൂരിലെ പ്രീമിയര്‍ സ്റ്റുഡിയോയില്‍ തീപിടിച്ചായിരുന്നു അപകടമുണ്ടായത്. ഷൂട്ടിംഗിലേര്‍പ്പെട്ടവര്‍ രക്ഷപ്പെടാനാകാതെ സ്റ്റുഡിയോയ്ക്കകത്ത് ക്ഷണനേരംകൊണ്ട് വെന്തെരിഞ്ഞു. ഡയറക്ടറും പ്രധാന നടനായിരുന്ന സഞ്ജയ് ഖാനും ഗുരുതര പരിക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെട്ടു. 13 മാസത്തോളം ആശുപത്രിയില്‍ കിടന്നശേഷമാണ് സഞ്ജയ് ഖാന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
ബോളിവുഡിലും ഹോളിവുഡിലും ഷൂട്ടിംഗിനിടെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹോളിവുഡില്‍ കത്തിനില്‍ക്കുന്ന താരമായിരിക്കെ ബ്രൂസ് ലീ മരിച്ചത് എങ്ങനെയെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. അദ്ദേഹത്തിന്റെ മകന്‍ ബ്രാന്‍ഡന്‍ ലീയാണെങ്കില്‍ 28-ാം വയസ്സില്‍ ദ ക്രോ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ വെടിയേറ്റാണ് മരിക്കുന്നത്.
സമാനമായ അപകടം ബോളിവുഡില്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട്. ഷൂട്ടൗട്ട് അറ്റ് വഡാല എന്ന സിനിമയുടെ ഷൂട്ടിങ് വേളയില്‍ ജോണ്‍ എബ്രഹാമിനെ അനില്‍ കപൂര്‍ വെടിവയ്ച്ചത് നടന് പരിക്കേല്‍ക്കാന്‍ കാരണമായി. വളരെ അടുത്തുനിന്ന് ബല്‍ങ്ക് ബുള്ളറ്റ് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. പക്ഷേ,
ഭാഗ്യംകൊണ്ട് കഴുത്തില്‍ ഒരു ചെറിയ മുറിവുമായി ജോണ്‍ എബ്രഹാം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ബല്‍ങ്ക് ബുള്ളറ്റ് ആണെങ്കില്‍പോലും പതിനഞ്ചെടിയെങ്കിലും അകലം പാലിക്കണമെന്നാണ് ചട്ടം. പക്ഷേ ഇവിടെ ഏതാണ് നാലടി അകലെനിന്ന് വെടിയുതിര്‍ത്തതാണ് പ്രശ്നമായത്.
കൂലി എന്ന സിനിമയുടെ ഷൂട്ടിങ് വേളയില്‍ പ്രശസ്ത നടന്‍ അമിതാഭ് ബച്ചനും കഷ്ടിച്ച് ജീവന്‍ തിരിച്ചുകിട്ടിയ അപകടം നേരിട്ടു. സ്റ്റണ്ട് സീനിനിടയില്‍ കുടലിന് ക്ഷതമേറ്റ ബിഗ് ബി മാസങ്ങളോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. ഇതുവരെ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയും ചെയ്തു. പ്രശസ്ത നടന്മാര്‍ക്ക് അപകടം നേരിടുമ്പോള്‍ മാത്രം അത് വലിയ വാര്‍ത്തയാകുമ്പോഴും സ്റ്റണ്ട് നടന്മാരും മറ്റും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുമ്പോള്‍ ആരുമറിയാതെ പോകുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോള്‍ സിനിമാ ലോകത്ത്.
റിസ്‌കുകള്‍ കൂടുതലുള്ള സീനുകളിലെല്ലാം അപൂര്‍വം മുന്‍നിര നടന്മാരൊഴികെ മറ്റെല്ലാ നായകന്മാരും ഡ്യൂപ്പുകളെ ആശ്രയിക്കുമ്പോഴും അതില്‍ അപകട സാധ്യത നോക്കാതെ അഭിനയിക്കുന്നത് സാധാരണ നടന്മാരാണ്. ഇപ്പോഴത്തെ അപകടം കണക്കിലെടുത്തെങ്കിലും ഈ രംഗത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമാകുകയാണ്. ഇതുപോലെ നിരവധി അപകടങ്ങള്‍ സിനിമാലോകത്ത് ഉണ്ടായിട്ടും ഇതില്‍നിന്നൊന്നും പാഠം പഠിക്കുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് അനിലും ഉദയും മുങ്ങിപ്പോയ അപകടം.