മലേഗാവ് സ്ഫോടനക്കേസില്‍ ലഫ്റ്റ്നെന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് നീണ്ട ഒമ്പതുവര്‍ഷത്തിനുശേഷം ജാമ്യം ലഭിക്കുമ്പോള്‍ പുരോഹിതിന്റെ ജീവചരിത്രം വീണ്ടും ചൂടേറിയ ചര്‍ച്ചയാകുന്നു.
2008ല്‍ പുരോഹിത് അറസ്റ്റിലാകുമ്പോള്‍ രാജ്യം ഞെട്ടിത്തരിച്ചിരുന്നു. തീവ്രവാദത്തിനെതിരെ പോരാടേണ്ട ഒരു സൈനിക ഓഫീസര്‍ തീവ്രവാദക്കേസില്‍ അറസ്റ്റിലായത് സൈന്യത്തിന് ദുഷ്‌പേരുണ്ടാക്കുകയും ചെയ്തു.
ആദ്യമായാണ് ഇന്ത്യയില്‍ ഒരു സൈനിക ഓഫീസര്‍ തീവ്രവാദക്കേസില്‍ അറസ്റ്റിലാകുന്നത്. 2008 സപ്തംബര്‍ 29നാണ് മലേഗാവ് സ്‌ഫോടനം നടക്കുന്നത്.
രാത്രി 9.30ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവ് എന്ന ടൗണിലെ ഹമീദിയ മസ്ജിദില്‍ നടന്ന സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തുടക്കത്തില്‍ മഹാരാഷ്ട്രാ പോലീസിലെ ആന്റി ടെറിറിസം സ്‌ക്വാഡ് അന്വേഷിച്ച കേസ് 2011ല്‍ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
ഹിന്ദു തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനം എന്ന രീതിയില്‍ സംഭവം അന്ന് ഏറെ വിവാദമായിരുന്നു.
സ്‌ഫോടനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുകയും സ്‌ഫോടക വസ്തുക്കള്‍ വാങ്ങുകയും ചെയ്തതില്‍ പുരോഹിതിന് മുഖ്യ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്.
ഹിന്ദുക്കള്‍ക്കുവേണ്ടി രൂപം നല്‍കിയ അഭിനവ് ഭാരത് എന്ന സംഘടനയിലെ അംഗമായിരുന്നു പുരോഹിത്.
താന്‍ എല്ലാം ആര്‍മി കോടതിക്ക് മുന്‍പാകെ പറഞ്ഞിരുന്നതാണെന്നാണ് പുരോഹിത് 2012ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഞാന്‍ എന്റെ ജോലി ചെയ്‌തെന്നും എല്ലാം ആര്‍മി റെക്കോര്‍ഡിലുണ്ടന്നും ഇയാള്‍ പറഞ്ഞിരുന്നു.
മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വയാണ് പുരോഹിതിനായി ജാമ്യം നേടിക്കൊടുത്തത്. പുരോഹിതിനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് സാല്‍വെ വാദിച്ചു.