കൊച്ചി :മാരകമായ രോഗം വരുത്തിവെക്കുന്ന വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭമാകുന്നു.തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ച് ഉയര്‍ന്നതോടെയാണ് ഇത്തരം വ്യാജന്‍ ഇറങ്ങിയിരിക്കുന്നത് . ആളെ കൊല്ലുന്ന മാരകമായ വ്യാജ വെളിച്ചെണ്ണ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകുകയാണ്. കാന്‍സറിന് വരെ കാരണമായേക്കാവുന്ന പാരഫിനും വൈറ്റ് ഓയിലും കലര്‍ത്തിയ വെളിച്ചെണ്ണയെ എളുപ്പം തിരിച്ചറിയാനാകില്ല. പാരഫിന്റെ അളവ് കൂടുന്തോറും എണ്ണയുടെ കൊഴുപ്പും കൂടും. വില കുറവായതിനാല്‍ വ്യാപാരികള്‍ക്കും വ്യാജനോടാണ് പ്രിയം.
എങ്ങനെ തിരിച്ചറിയാം
ശുദ്ധമായ വെളിച്ചെണ്ണ കൂടുതല്‍ കാലം തുറന്ന് സൂക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍, പാരഫിന്‍ കലര്‍ന്ന വെളിച്ചെണ്ണ ഏറെക്കാലം കേടുകൂടാതിരിക്കും.
പെട്രോളിയത്തിന്റെ ഉപോത്പന്നമാണ് പാരഫിന്‍. മെഴുക് നിര്‍മാണത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വെളിച്ചെണ്ണയില്‍ ഇത് ചേര്‍ത്താല്‍ ചെറിയ നിറവ്യത്യാസമുണ്ടാകും.
ഉറവിടം തമിഴ്നാട്ടിലെ കൊപ്ര മില്ലുകള്‍
100-110 രൂപയ്ക്ക് വ്യാജന്‍ ലഭിക്കുമെന്നായതോടെ ഹോട്ടലുകളും തട്ടുകടകളും ഇത് കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങി. കേരളത്തിലെ മില്ലുകളില്‍ നിന്ന് വെളിച്ചെണ്ണ മൊത്തമായി വാങ്ങി വിറ്റിരുന്ന ചില ചെറുകിട വ്യാപാരികള്‍ക്കും വ്യാജനോടാണ് താത്പര്യം. തമിഴ്നാട്ടിലെ വിവിധ കൊപ്ര മില്ലുകളാണ് വ്യാജന്റെ ഉറവിടം. ഒരു ഡസനോളം ബ്രാന്‍ഡഡ് വെളിച്ചെണ്ണ വ്യാജനെന്ന് കണ്ടെത്തി നേരത്തേ നിരോധിച്ചെങ്കിലും പേര് മാറ്റത്തിലൂടെ ഇവയില്‍ പലതും ഇപ്പോഴും വിപണിയില്‍ സുലഭമാണ്. വ്യാജനെ തിരിച്ചറിയാന്‍ ആധുനികസൗകര്യങ്ങളുള്ള പരിശോധനാ ലാബില്ലാത്തതും വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്കിന് കാരണമാകുന്നു.