സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: 70 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന ഹാക്കറുടെ അവകാശവാദം നിഷേധിച്ച് ലിങ്ക്ഡ്‌ഇന്‍. ഏതൊരാള്‍ക്കും കംപ്യൂട്ടറില്‍ നിന്ന് പകര്‍ത്താവുന്ന വിവരങ്ങള്‍ മാത്രമാണി തെന്നും വ്യക്തിവിവരങ്ങളുടെ ഹാക്കിങ് നടന്നിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വെച്ചതായി പറയുന്ന ലിങ്ക്ഡ്‌ഇന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ചെന്നും കമ്പനി കൂട്ടിച്ചേർത്തു.
ലിങ്ക്ഡ്‌ഇന്നില്‍ നിന്നും മറ്റ് വെബ്‌സൈറ്റുകളില്‍ നിന്നും ചുരണ്ടിയെടുത്ത വിവരങ്ങള്‍ മാത്രമാണ് വില്‍പ്പനക്ക് വെച്ചതായി ഹാക്കർ പറയപ്പെടുന്ന വിവരങ്ങളിലുള്ളത്.
എന്നാലിത് ഇത് വിവര ചോര്‍ച്ചയല്ലെന്നും ഉപയോക്താക്കള്‍ക്ക് തങ്ങളില്‍ വിശ്വാസമുണ്ടെന്നും കമ്പനി പറഞ്ഞു.
ജൂണ്‍ 22നാണ് ലിങ്ക്ഡ്‌ഇനിലെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതായി അവകാശപ്പെട്ട് ഹാക്കര്‍ രംഗത്തെത്തിയത്. ഇ-മെയില്‍ അഡ്രസ്, വിലാസം, ഫോണ്‍ നമ്ബര്‍, ശാരീരിക വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, യൂസര്‍നെയിം, പ്രൊഫൈല്‍ യു.ആര്‍.എല്‍, മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ എന്നിവ ചോര്‍ത്തിയതായാണ് ഹാക്കര്‍ അവകാശ വാദം.
75.6 കോടി ഉപയോക്താക്കളാണ് ലിങ്ക്ഡ്‌ഇന്നിന് ലോകവ്യാപകമായുള്ളത്. ഇതില്‍ 92 ശതമാനം പേരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഹാക്കര്‍മാര്‍ പറഞ്ഞത്.
അതേസമയം ലിങ്ക്ഡ്‌ഇന്നിലെ അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയോ നിബന്ധനകള്‍ ലംഘിക്കുകയോ ചെയ്താല്‍ അത് അവസാനിപ്പിക്കാന്‍ തങ്ങള്‍ നടപടിയെടുക്കുമെന്നും ഇത്തരക്കാര്‍ ഉത്തരവാദിത്തം നേരിടേണ്ടിവരുമെന്നും കമ്പനി വ്യക്തമാക്കി.