സ്വന്തം ലേഖകൻ
ബിഹാറിൽ സമ്പൂർണ മദ്യ നിരോധനത്തെത്തുടർന്ന് മദ്യം കിട്ടാതെ രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്.—— പിൻവാങ്ങൽ ലക്ഷണങ്ങളുമായി (ആൽക്കഹോൾ വിത്ത്ഡ്രവൽ സിംപ്റ്റംസ്) പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രഘുനന്ദൻ ബസ്‌റയും കത്യാർ മെഡിക്കൽ കോളജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്ന മറ്റൊരാളുമാണ് മരിച്ചത്.——
ഇരുവരും മദ്യത്തിന് അടിമകളായിരുന്നുവെന്നും നിരോധനത്തെത്തുടർന്ന് മദ്യം കിട്ടാതെ അവശ നിലയിലാണ് ചികിത്സ തേടിയതെന്നും അധികൃതർ അറിയിച്ചു.—— ആംബുലൻസിൽ മദ്യം കടത്തിയ രണ്ടു പേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സംസ്ഥാനത്ത് പോലീസ് മദ്യം പിടിച്ചെടുക്കാൻ വ്യാപക റെയ്ഡാണ് നടത്തുന്നത്.
സമ്പൂർണ മദ്യനിരോധനം പ്രാബല്യത്തിൽവന്നതിനു പിന്നാലെ ബിഹാറിലെ ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി രണ്ടു ദിവസംകൊണ്ട് 750 പേരാണ് ചികിത്സ തേടിയെത്തിരിക്കുന്നത്. ഇതോടെ സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനത്ത് കൂടുതൽ ഡീ അഡിക്ഷൻ സെന്ററുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്.—
ഡീ അഡിക്ഷൻ സെന്ററുകളിൽ എത്തിയവരെ കൂടാതെ നൂറുകണക്കിനുപേർ ശാരീരിക അവശതകളെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. തലവേദന, വിറയൽ, മനംപിരട്ടൽ, ശ്വാസംമുട്ടൽ എന്നിവയടക്കമുള്ള ബുദ്ധിമുട്ടുകൾക്കാണ് ആളുകൾ ചികിത്സ തേടുന്നത്.
നിരോധനം പ്രാബല്യത്തിൽവന്നതിനു പിന്നാലെ സിവാനിലെ ഡീ അഡിക്ഷൻ സെന്ററിൽ ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരമാവധിയായതായി റിപ്പോർട്ടുണ്ട്.—നിരോധനം വരുന്നതിനു മുന്നോടിയായി അടുത്തിടെ പുതുതായി 38 ഡീ അഡിക്ഷൻ സെന്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചിരുന്നു.