മലയാളിയായ മനോജ് നൈറ്റ് ശ്യാമളന്റെ അണ്‍ബ്രേക്കബിള്‍ സിനിമയിലെ നടി ലിസാ ലിന്‍ മാസ്റ്റേഴ്സ് തൂങ്ങി മരിച്ചു. സിനിമയിലെ അതിഥി വേഷമായ കിമ്മി ഷ്മിറ്റിനെ അവതരിപ്പിച്ച നടിയാണ് ലിസ.
പെറുവിലേക്കുള്ള മോഡലിംഗ് ട്രിപ്പിനിടയില്‍ മരിച്ച നിലയില്‍ ഹോട്ടല്‍മുറിയില്‍ കണ്ടെത്തുകയായിരുന്നു. ലിമയിലെ നീവോ മുണ്ടോ ഹോട്ടലിലെ അവരുടെ മുറിയില്‍ പാവാടയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുറേ നാളുകളായി കടുത്ത വിഷാദത്തെ തുടര്‍ന്ന് വിഷമിക്കുകയായിരുന്നു ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹോട്ടല്‍ മുറിയില്‍ നിന്നും ഇവരുടെ ആത്മഹത്യാകുറിപ്പ് എന്ന് കരുതുന്ന രണ്ടു കത്തുകള്‍ കണ്ടെത്തുകയും ചെയ്തതായി വിവരമുണ്ട്.
അണ്‍ബ്രേക്കബിളില്‍ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത ലിസ കഴിഞ്ഞ വര്‍ഷം ചെയ്ത ലോ ആന്റ് ഓര്‍ഡറിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മൃതദേഹം അമേരിക്കയിലെ വീട്ടിലേക്ക് കൊണ്ടുവരാന്‍ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിനെ സഹായിക്കാനും മരണാനന്തര ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും ഗോ ഫണ്ട് മീ എന്ന ഫെയ്സ്ബുക്ക് പേജ് സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്. ദിവസം 30,000 ഡോളര്‍ കണ്ടെത്താനാണ് അണിയറക്കാരുടെ ശ്രമം. ആനി മാസണ്‍ എന്നയാളാണ് പേജ് ഉണ്ടാക്കിയിട്ടുള്ളത്.